| Friday, 24th November 2023, 11:56 am

മുന്‍സിനിമകള്‍ പരാജയമായിരുന്ന പെപ്പെയും നീരജും വിമര്‍ശനങ്ങള്‍ കേട്ടിരുന്ന ഷെയിനും ഒന്നിച്ച ആര്‍.ഡി.എക്‌സ് എന്തുകൊണ്ട് ഹിറ്റായി: ജി. മാര്‍ത്താണ്ഡന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാറാണി. രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.

ഇപ്പോള്‍ ആ സിനിമയുടെ പ്രമോഷനിടയില്‍ വലുതും ചെറുതുമായ സിനിമകളെ കുറിച്ച് പറയുകയാണ് ജി. മാര്‍ത്താണ്ഡന്‍.

പ്രേക്ഷകര്‍ ഒരു സിനിമ വലുതാണോ ചെറുതാണോ എന്ന് നോക്കുന്നത് ആ സിനിമയുടെ കണ്ടന്റ് നോക്കിയാണെന്നാണ് അദ്ദേഹം പറയുന്നത്. സ്‌കൈലാര്‍ക്ക് പിക്‌ചേര്‍സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജി. മാര്‍ത്താണ്ഡന്‍.

തിയേറ്ററില്‍ വിജയമുണ്ടാക്കുന്ന സിനിമകള്‍ നൂറ് കോടി ബജറ്റില്‍ വരുന്ന ജിഗര്‍ത്തണ്ട പോലെയുള്ള വലിയ സിനിമകളാണെന്നും വളരെ ആവേശത്തോടെയാണ് ഇന്ന് പ്രേക്ഷകര്‍ അത്തരം സിനിമ കാണാന്‍ പോകുന്നതെന്നും അഭിമുഖത്തില്‍ അവതാരകന്‍ പറയുകയായിരുന്നു.

ബാക്കി ചെറിയ സിനിമകള്‍ പ്രേക്ഷകര്‍ ഒ.ടി.ടിയില്‍ കാണാമെന്ന് വിചാരിക്കുകയാണെന്നും മഹാറാണി സിനിമക്കും അതേ ചെറുപ്പമുണ്ടെന്നും അതൊരു വെല്ലുവിളിയല്ലേ എന്നും ചോദിക്കുകയായിരുന്നു.

‘മഹാറാണി ചെറിയ സിനിമയല്ല. വലിയ സിനിമയാണ്. ഞാന്‍ മമ്മൂട്ടി സാറിനെയും പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയുമൊക്കെ വെച്ച് ചെയ്ത സിനിമ പോലെതന്നെയാണ് ഈ സിനിമയും.

ആളുകള്‍ സ്റ്റാര്‍ വാല്യൂ നോക്കിയല്ല സിനിമ ചെറുതാണോ വലുതാണോ എന്ന് തീരുമാനിക്കുന്നത്. സിനിമയുടെ സബ്ജക്റ്റിലാണ് കാര്യം.

ഞാന്‍ ചോദിക്കട്ടെ, ആര്‍.ഡി.എക്‌സ് എന്ന സിനിമ നോക്കൂ. ആന്റണി പെപ്പെയുടെ കരിയറില്‍ അതിന് മുമ്പുള്ള സിനിമകള്‍ പരാജയമായിരുന്നു. അതുപോലെ നീരജ് മാധവന്റെ ചിത്രങ്ങളും. ഷെയിന്‍ നിഗം ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ട ആളാണ്.

ഈ മൂന്നുപേരും കൂടെ അഭിനയിച്ച സിനിമയാണ് വന്‍ഹിറ്റിലേക്ക് പോയത്. ഒന്നാലോചിക്കണം, മൂന്നുപേര്‍ക്കും വലിയ സ്റ്റാര്‍ഡത്തിലേക്ക് പോകാന്‍ ഒരു സിനിമ കൊണ്ടുപറ്റി.

മുന്‍കാലത്ത് നിന്നും ആ സിനിമയിലേക്ക് വന്നപ്പോള്‍ വന്‍ ഹിറ്റാണ് ജനങ്ങള്‍ കൊടുത്തത്. അപ്പോള്‍ ജനം നോക്കുന്നത് കണ്ടന്റാണ്. കണ്ടന്റിനാണ് വലിപ്പം. ഒരു കോടിക്ക് പകരം നൂറ് കോടി ഇറക്കിയിട്ട് കാര്യമില്ല.

ഒരു കോടി ഇറക്കുന്ന പടമാകും ചിലപ്പോള്‍ നൂറ് കോടി കളക്ട് ചെയ്യുക. അത് ആ സിനിമയുടെ കണ്ടന്റില്‍ നിന്നും അത് ഡിസൈന്‍ ചെയ്ത രീതിയില്‍ നിന്നുമാണ്.

അങ്ങനെ നോക്കുമ്പോള്‍ മഹാറാണി നൂറു കോടിയുടെ ലെവലില്‍ ഉള്ള സിനിമയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ സിനിമയെ ഞാന്‍ ഒരിക്കലും ചെറുതായി കാണില്ല. വലുതായി മാത്രമേ കാണുള്ളൂ,’ ജി. മാര്‍ത്താണ്ഡന്‍ പറഞ്ഞു.


Content Highlight: G Marthandan Talks About RDX Movie

We use cookies to give you the best possible experience. Learn more