| Friday, 5th April 2024, 9:40 pm

രാജുവും മമ്മൂക്കയും രൂപം കൊണ്ടേ മാറുന്നുള്ളൂ, സ്വഭാവം ഒന്നുതന്നെ; എന്റെ നാല് കഥകള്‍ റിജക്റ്റ് ചെയ്തു: ജി. മാര്‍ത്താണ്ഡന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി നായകനായ ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ എന്ന സിനിമയിലൂടെ സംവിധായ കുപ്പായമണിഞ്ഞ വ്യക്തിയാണ് ജി. മാര്‍ത്താണ്ഡന്‍. മമ്മൂട്ടിയെ നായകനാക്കി ‘അച്ഛാ ദിന്‍’ എന്ന സിനിമയും സംവിധാനം ചെയ്തത് അദ്ദേഹം തന്നെയാണ്.

‘പാവാട’ എന്ന സിനിമയിലൂടെ പൃഥ്വിരാജിനൊപ്പവും ജി. മാര്‍ത്താണ്ഡന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൃഥ്വിരാജാണോ മമ്മൂട്ടിയാണോ കൂടുതല്‍ സെലക്റ്റീവെന്നും ആരെ ബോധ്യപെടുത്താനാണ് പ്രയാസമെന്നും പറയുകയാണ് അദ്ദേഹം. സ്‌കൈലാര്‍ക്ക് പിക്ചേര്‍സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജി. മാര്‍ത്താണ്ഡന്‍.

‘രാജുവിനെയും മമ്മൂട്ടി സാറിനെയും ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്. രണ്ടുപേരെയും ഒരുപോലെയാണ്. ഒരേ രീതിയിലാണ് അവരുടെ സംസാരം. അവര്‍ വെട്ടിതുറന്ന് കാര്യങ്ങള്‍ പറയും. കഥ കേട്ടാല്‍ ഇഷ്ടമായില്ലെങ്കില്‍ അപ്പോള്‍ തന്നെ ആ സിനിമ നടക്കില്ലെന്ന് പറയും.

ഇനി ആ സിനിമ ചെയ്യാമെന്ന് പറഞ്ഞാല്‍ ആ വാക്ക് പാലിച്ചിരിക്കും, ഉറപ്പായും ആ സിനിമ ചെയ്തിരിക്കും. അങ്ങനെ എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമാണ് രണ്ടുപേര്‍ക്കും.

ഞാന്‍ അത് മുന്‍പ് പറഞ്ഞിട്ടുണ്ട്. രാജുവും മമ്മൂട്ടി സാറും, രണ്ടുപേരും രൂപം കൊണ്ട് മാറുന്നെന്നേ ഉള്ളൂ. പക്ഷെ സ്വഭാവം ഒരു പോലെയാണ്. ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ അത് പ്രത്യേകം പറഞ്ഞിരുന്നു.

രാജുവിനോട് കഥ പറയാന്‍ പോകുമ്പോള്‍, പാവാടക്ക് നാല് കഥ കൊണ്ടു വന്നു. അത് നാലും റിജക്റ്റ് ചെയ്തിട്ടാണ് പാവാട സെലക്ട് ചെയ്തത്. പാവാടക്ക് ശേഷം രണ്ടുമൂന്ന് കഥ പറഞ്ഞു. പക്ഷെ ഇതുവരെ എനിക്ക് പിടി തന്നിട്ടില്ല,’ ജി. മാര്‍ത്താണ്ഡന്‍ പറഞ്ഞു.


Content Highlight: G Marthandan Talks About Mammootty And Prithviraj Sukumaran

We use cookies to give you the best possible experience. Learn more