| Thursday, 13th June 2024, 12:00 pm

അപ്പുറത്ത് മമ്മൂട്ടി ഇപ്പുറത്ത് മോഹന്‍ലാല്‍, പുറത്ത് ഫാന്‍ ഫൈറ്റും; ഞങ്ങള്‍ അതൊക്കെ അന്ന് രസമായാണ് കണ്ടത്: ജി. മാര്‍ത്താണ്ഡന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളാണ് ബിഗ് ബിയും ഛോട്ടാ മുംബൈയും. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയറിലെ മികച്ച ചിത്രമായിരുന്നു ഇവ. അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലെത്തിയ ഛോട്ടാ മുംബൈയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചത് ജി. മാര്‍ത്താണ്ഡനായിരുന്നു.

ഒരേ സമയം ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് ഇരുസിനിമകളും ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് അദ്ദേഹം. ഓണ്‍ലൂക്കേഴ്സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകനായ ജി. മാര്‍ത്താണ്ഡന്‍.

‘ഛോട്ടാ മുംബൈ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടന്നത് ഫോര്‍ട്ട് കൊച്ചിയിലായിരുന്നു. ഇന്നത്തെ ജനറേഷന്റെ ട്രെന്‍ഡനുസരിച്ച് അന്‍വര്‍ മേക്ക് ചെയ്ത സിനിമയായിരുന്നു അത്. ആ ട്രെന്‍ഡൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

വലിയ തിരക്കുള്ള സ്ട്രീറ്റുകളും മറ്റുമുള്ള സ്ഥലമാണ് ഫോര്‍ട്ട് കൊച്ചി. ഏറ്റവും വലിയ കോമഡിയെന്ന് പറയുന്നത്, അതിന്റെ തൊട്ടപ്പുറത്തായിരുന്നു ബിഗ് ബിയുടെ ഷൂട്ടിങ്ങ് നടക്കുന്നത്. അതില്‍ മമ്മൂട്ടി സാറാണ് നായകന്‍, ഇതില്‍ മോഹന്‍ലാല്‍ സാറും.

അമലും അന്‍വറും വളരെ ക്ലോസായ രണ്ട് സംവിധായകരാണ്. അവര്‍ ഒരുമിച്ചാണ് സിനിമയുടെ ഒരോ തീരുമാനങ്ങളും എടുക്കുന്നത്. ഞങ്ങള്‍ക്ക് അപ്പുറത്ത് ക്യാമറ വെച്ചാല്‍ മമ്മൂട്ടി സാറും ഇപ്പുറത്ത് ക്യാമറ വെച്ചാല്‍ മോഹന്‍ലാല്‍ സാറുമാണ്.

ആ സമയത്ത് രാത്രിയാകുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ്. അതേസമയം സിനിമകള്‍ ഒരേസമയം റിലീസാകുന്നത് കാരണം പുറത്ത് ഫാന്‍സ് നല്ല ഫൈറ്റായിരുന്നു. ബിഗ് ബിക്ക് വേണ്ടി മമ്മൂക്ക ഫാന്‍സും ഛോട്ടാ മുംബൈക്ക് വേണ്ടി ലാലേട്ടന്‍ ഫാന്‍സും തമ്മില്‍ ഫൈറ്റാണ്.

രാത്രി ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ ദൈവമേ സിനിമ ഇറങ്ങുമ്പോള്‍ ഇതിനി എന്താകുമെന്ന് ചിന്തിക്കും. അവസാനം ഓരോ ആഴ്ചയുടെ വ്യത്യാസത്തിലാണ് ഈ സിനിമകള്‍ പുറത്തിറങ്ങുന്നത്. ഫാന്‍സുകാര്‍ തമ്മില്‍ വലിയ ഫൈറ്റാണ്. ഞങ്ങള്‍ അതൊക്കെ രസമായാണ് കണ്ടത്.

രണ്ട് സിനിമകളും നമ്മുടെ സുഹൃത്തുക്കളുടേതാണ്. രണ്ടും വലിയ ഹിറ്റാകുകയും വേറെ ലെവലില്‍ വരികയും ചെയ്തു. മലയാള സിനിമയുടെ ട്രെന്‍ഡ് മാറ്റിയ സിനിമയായി ബിഗ് ബി മാറി. ഛോട്ടാ മുംബൈ അതുവരെ കാണാത്ത കളര്‍ഫുള്‍ സിനിമയായി. ഒരുപാട് നാളായി കാണാത്ത മോഹന്‍ലാല്‍ സാറിന്റെ കളര്‍ഫുള്‍ സിനിമയായിരുന്നു അത്,’ ജി. മാര്‍ത്താണ്ഡന്‍ പറഞ്ഞു.


Content Highlight: G Marthandan Talks About Big B And Chotta Mumbai

We use cookies to give you the best possible experience. Learn more