പൈസക്ക് ആവശ്യമുണ്ടെങ്കിൽ പറയണമെന്ന് ഷൈൻ; ഞാൻ കരഞ്ഞു പോയി: ജി. മാർത്താണ്ഡൻ
Entertainment news
പൈസക്ക് ആവശ്യമുണ്ടെങ്കിൽ പറയണമെന്ന് ഷൈൻ; ഞാൻ കരഞ്ഞു പോയി: ജി. മാർത്താണ്ഡൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th November 2023, 1:17 pm

ഷൈൻ ടോം ചാക്കോയെക്കുറിച്ചുള്ള ഒരനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ ജി. മാർത്താണ്ഡൻ. തന്റെ സഹോദരിക്ക് കാൻസർ വന്ന സമയത്ത് ഷൈൻ തന്നോട് പൈസക്ക് ആവശ്യമുണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞിരുന്നെന്ന് മാർത്താണ്ഡൻ പറഞ്ഞു. തന്റെ ജീവിതത്തിൽ ആരും അങ്ങനെ ചോദിച്ചിട്ടില്ലെന്നും ആ സമയം താൻ കരഞ്ഞു പോയെന്നും മാർത്താണ്ഡൻ പറയുന്നുണ്ട്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.

‘എനിക്ക് രണ്ട് ഇരട്ട സഹോദരിമാരാണ് . ചേച്ചിമാർ എന്ന് പറഞ്ഞാൽ എനിക്ക് നല്ല വീക്നെസ് ആണ്. സെറ്റിൽ വന്ന് പോയതിനുശേഷം അതിൽ ഒരാൾക്ക് ക്യാൻസറായി. ഷൂട്ടിങ് സ്ഥലത്ത് വന്നു കഴിഞ്ഞ് മൂന്നാം ദിവസം സർജറി നടത്തി കഴിഞ്ഞപ്പോഴാണ് അറിഞ്ഞത്. ഇങ്ങനെ ഒരു ഗ്രോത്ത് ഉണ്ടെന്നറിഞ്ഞ് അവിടുന്ന് അമൃതയിൽ കൊണ്ടുപോവുകയാണ്.

എന്നെ അവിടുന്ന് വിളിക്കുമ്പോൾ ആംബുലൻസിനെ ശബ്ദം കേൾക്കാം. ഷൂട്ടിങ്ങിനു രണ്ടാഴ്ച കൂടിയുണ്ട്. അവൾ അവിടുന്ന് വിളിച്ചു പറഞ്ഞു ‘നീ കാണാൻ വരണ്ട. എനിക്ക് കുഴപ്പമൊന്നുമില്ല, ഷൂട്ട് കഴിഞ്ഞിട്ട് വന്നാൽ മതി’ എന്ന്. ഷൂട്ട് കഴിഞ്ഞ് അമൃതയിൽ കാണാൻ ചെല്ലുമ്പോൾ മുടിയൊക്കെ മൊട്ടയടിച്ച് കിടക്കുകയാണ്. എനിക്ക് സഹിക്കാൻ പറ്റിയില്ല. ഒരു മേജർ സർജറിയാണ്. ആ സമയം ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ഷൈൻ അറിഞ്ഞു.

ഡബ്ബിങ് കഴിഞ്ഞ് ഇറങ്ങിപ്പോകാൻ നേരം എന്നെ വിളിച്ചിട്ട് സർജറി കഴിഞ്ഞിട്ട് ചേച്ചിക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എല്ലാം കഴിഞ്ഞു ഒക്കെയാണ് എന്ന്. ‘പൈസക്ക് എന്തെങ്കിലും ആവശ്യമുണ്ടോ , ഉണ്ടെങ്കിൽ പറയണേ’ എന്ന് പറഞ്ഞു. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ അങ്ങനെ ചോദിക്കുന്നത്. എന്റെ കണ്ണൊക്കെ നിറഞ്ഞിട്ട് വല്ലാതെയായി. ഷൈൻ ടോം ചക്കോയാണത്. ഞാൻ അവിടെ ഇരുന്നു പോയി.

ചേച്ചിക്ക് ഇപ്പോൾ എല്ലാം ഒക്കെയായി. എല്ലാം മാറി ഇപ്പോൾ മുടിയൊക്കെ വരാൻ തുടങ്ങി. എനിക്ക് തോന്നുന്നു മഹാറാണി നല്ല വിജയമാകുമെന്ന്. പ്രശ്നങ്ങളിൽ നിന്നൊക്കെ എന്നെ കറക്റ്റ് ആയിട്ട് ലാൻഡ് ആക്കുന്നുണ്ട്. ഷൈൻ എന്നോട് ചോദിച്ച ചോദ്യമാണ് ഇത്. എന്റെ ജീവിതത്തിൽ എന്നോട് ആരും ഇങ്ങനെ ചോദിച്ചിട്ടില്ല,’ ജി. മാർത്താണ്ഡൻ പറഞ്ഞു.

Content Highlight: G. Marthandan sharing an experience with shine tom chakko