| Tuesday, 28th November 2023, 10:49 am

പാവാടയിലെ രാജുവിന്റെ ഇമോഷണൽ സീൻ എടുക്കുമ്പോൾ ഞാൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്: ജി. മാർത്താണ്ഡൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകളിലെ ഇമോഷണൽ സീനുകൾ ഷൂട്ട് ചെയ്യുമ്പോൾ കരച്ചിൽ വരാറുണ്ടെന്ന് സംവിധായകൻ ജി. മാർത്താണ്ഡൻ. പാവാട സിനിമയിലെ അവസാന ഭാഗങ്ങളിൽ പ്രിത്വിരാജിന്റെ ഇമോഷണൽ സീൻ എടുക്കുമ്പോൾ താൻ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും മാർത്താണ്ഡൻ കൂട്ടിച്ചേർത്തു. താനും മനുഷ്യനാണെന്നും പൊട്ടിക്കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുമെന്നും മാർത്താണ്ഡൻ പറയുന്നുണ്ട്. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതുപോലെ മഹാറാണി സിനിമയിലെ ഹരിശ്രീ അശോകന്റെ അഭിനയം കണ്ടിട്ടും സങ്കടം വന്നിട്ടുണ്ടെന്നും മാർത്താണ്ഡൻ പറഞ്ഞു. സിനിമയിലെ അശോകന്റെ കഥാപാത്രം തന്റെ അച്ഛന്റേതുപോലെയാണെന്നും മാർത്താണ്ഡൻ പറയുന്നുണ്ട്.

‘സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ നമ്മുടെ കണ്ണ് നിറയും. ആദ്യം അത് അനുഭവിക്കുന്ന ആളുകൾ നമ്മളാണ്. നമ്മൾ അനുഭവിച്ചതിനുശേഷം ആണ് പ്രേക്ഷകരിലോട്ട് എത്തുന്നത്. നമ്മൾ അനുഭവിച്ചതിനേക്കാൾ 100 ഇരട്ടിയാണ് പ്രേക്ഷകനിലേക്ക് എത്തുന്നത്. പാവാടയിലെ അവസാന ഭാഗത്ത് രാജുവിന്റെ ഇമോഷണൽ എടുക്കുന്ന സമയത്ത് ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട്. മോണിറ്ററിന്റെ മുൻപിൽ നിന്നും മാറിയിട്ട് പൊട്ടിക്കരഞ്ഞിട്ടുണ്ട്.

നമ്മളും മനുഷ്യരല്ലേ, നമ്മൾ പൊട്ടിച്ചിരിക്കുകയും പൊട്ടിക്കരയുകയും ചെയ്യും. അതാണ് തിയേറ്ററിൽ ആളുകൾക്ക് കൊടുക്കുന്ന എക്സ്പീരിയൻസ്.

ഹരിശ്രീ അശോകൻ ചേട്ടന്റെ ഒരുപാട് ഹ്യൂമർ കഥാപാത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. മഹാറാണിയിൽ അശോകൻ ചേട്ടന്റെ വലിയൊരു സീനുണ്ട്. ഒരു ഇമോഷനൊക്കെ വരുന്ന തരത്തിൽ ഒരു സാധനം ഞാൻ ഇതിൽ പിടിച്ചിട്ടുണ്ട്. അത് എടുത്ത സമയത്ത് നല്ല സങ്കടം തോന്നിയിരുന്നു.

എന്റെ അച്ഛനെ പോലെയുള്ള കഥാപാത്രമാണ് അശോകൻ ചേട്ടൻ ആ സിനിമയിൽ ചെയ്തിരിക്കുന്നത്. അശോകൻ ചേട്ടന്റെ നടപ്പും കാര്യങ്ങളൊക്കെ അച്ഛനെ പോലെ തോന്നിയിരുന്നു. ആ സിനിമ എന്നെ ഭയങ്കരമായിട്ട് ഹോണ്ട് ചെയ്തു,’ ജി. മാർത്താണ്ഡൻ പറയുന്നു.

‘മഹാറാണി’യാണ് ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം. നവംബർ 24നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, ബാലു വര്‍ഗീസ്, നിഷ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രമാണ് മഹാറാണി. രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.

Content Highlight: G Marthandan said that he burst into tears while watching the emotional scenes in the movie.

Latest Stories

We use cookies to give you the best possible experience. Learn more