ഷൈൻ ടോം ചാക്കോ എന്ന നടന്റെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജി. മാർത്താണ്ഡൻ. ഷൈനിനെ മുൻപേ തനിക്ക് പരിചയമുണ്ടായിരുന്നെന്നും എന്നാൽ ഇങ്ങനെയൊരു മാറ്റം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മാർത്താണ്ഡൻ പറഞ്ഞു. സൗബിന്റെയും ഷൈനിന്റെയും മാറ്റങ്ങളാണ് തന്നെ ഞെട്ടിച്ചതെന്നും ഇവരെല്ലാം ഒരു നടനായിട്ട് ഉയരുമെന്ന് വിചാരിച്ചിരുന്നില്ലെന്നും മാർത്താണ്ഡൻ പറയുന്നുണ്ട്.
ഷൈനിനെ നായകനാക്കി ഒരു സിനിമ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ‘മഹാറാണി’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോയാണ്. ഷൈനിനെക്കുറിച്ചുള്ള അനുഭവങ്ങൾ കൗമുദി മൂവിസുമായി പങ്കുവെക്കുകയാണ് ജി. മാർത്താണ്ഡൻ.
‘ഷൈനിനെ എനിക്ക് മുൻപേ അറിയുന്ന ഒരാളാണ്. അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വർക്ക് ചെയ്യുന്നത് തൊട്ട് എനിക്ക് ഷൈനിനെ പരിചയമുണ്ടായിരുന്നു. ഷൈനിന്റെ ഇങ്ങനെ ഒരു മാറ്റം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് സൗബിന്റെയും ഷൈനിന്റെയും മാറ്റങ്ങളാണ്. ഇവരെല്ലാവരും നമുക്ക് അറിയുന്ന ആളുകളാണ്. അവര് നടൻ ആയിട്ട് മാറി ഇങ്ങനെ ഒരു ലെവലിലേക്ക് എത്തും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ഷൈനിനിനെ നായകനാക്കി ഒരു സിനിമ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.
എന്റെ അടുത്ത് വന്ന് നിന്നപ്പോൾ എനിക്ക് പഴയ ഷൈൻ ആയിട്ട് തോന്നിയിട്ടില്ല. ഇവനെ വേറൊരു ആംഗിളിൽ ആണ് ഞാൻ കണ്ടത്. കുറുപ്പ് പോലുള്ള സിനിമയിലെ എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് ഒക്കെ കണ്ട് വേറെ ലെവലിൽ നിൽക്കുന്ന ഒരാളോട് പഴയ ഷൈനിനെ പോലെ സംസാരിക്കാൻ ഒരു മടിയുണ്ടായിരുന്നു. പക്ഷേ അവൻ നേരെ തിരിച്ചായിരുന്നു.
ആ ഓർമകൾ ഒക്കെ മനസ്സിൽ വെച്ചാണ് എന്നോട് സംസാരിച്ചത്. ബഹുമാനം കാണിച്ചിരുന്നു. ഞാൻ സീനിയർ ആയതുകൊണ്ട് ആ ഒരു ബഹുമാനം എന്നോട് കാണിച്ചിരുന്നു. സെറ്റിൽ വളരെ മാന്യമായിട്ടാണ് എന്നോട് പെരുമാറിയത്. കണ്ടിന്യുറ്റി കറക്റ്റ് ആയിട്ടാണ് നോക്കുന്നത്, ഡയലോഗ് എല്ലാം കാണാപ്പാഠമാണ്. ഭയങ്കര ഡൗൺ റ്റു എർത് ആണ്.
ഷൈനിന്റെ റിയൽ ലൈഫിൽ ഇപ്പോൾ കാണിക്കുന്ന പെർഫോമൻസ് ആയിട്ട് ഒരു അടുപ്പം ഈ പടത്തിൽ കാണാം. ഒരു ഷൈൻ ടോം ചാക്കോ തന്നെയായിരിക്കും നിങ്ങൾ പടത്തിൽ കാണുന്നത്. ഞാൻ കുറച്ച് അങ്ങോട്ട് അഴിച്ചു വിട്ടിട്ടുണ്ട്. അഴിച്ച് വിട്ടത് എന്തിനാണെന്ന് വെച്ചാൽ അവൻ അങ്ങനെ നടക്കട്ടെ എന്ന് ഞാൻ വിചാരിച്ചു. അവന്റെ ഓട്ടം എല്ലാവർക്കും ഇഷ്ടമാണ്. വെറുപ്പില്ലാത്തൊരു മനുഷ്യനാണ് ഷൈൻ,’ ജി .മാർത്താണ്ഡൻ പറയുന്നു.
Condent Highlight: G.Marthandan about Shine tom chakko