ഇരുളിന്റെ മറവില്‍ യുവതികളെ ശബരിമലയില്‍ എത്തിച്ച നടപടി ഭീരുത്വം; ഹിന്ദു വിഭാഗത്തെ മാത്രം ലക്ഷ്യകേന്ദ്രമാക്കുന്നു: ജി. മാധവന്‍ നായര്‍
Kerala News
ഇരുളിന്റെ മറവില്‍ യുവതികളെ ശബരിമലയില്‍ എത്തിച്ച നടപടി ഭീരുത്വം; ഹിന്ദു വിഭാഗത്തെ മാത്രം ലക്ഷ്യകേന്ദ്രമാക്കുന്നു: ജി. മാധവന്‍ നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th January 2019, 10:01 am

കോഴിക്കോട്: ഇരുളിന്റെ മറവില്‍ യുവതികളെ ശബരിമലയില്‍ എത്തിച്ച നടപടി ഭീരുത്വമാണെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍. യുവതികള്‍ ശബരിമലയിലെത്തിയത് സര്‍ക്കാര്‍ സ്പോണ്‍സേഡ് പരിപാടിയായിരുന്നു. പാതിരാത്രി ആര്‍ക്കു വേണമെങ്കിലും അങ്ങനെ ചെയ്യാന്‍ കഴിയും. പക്ഷേ, അതു ഭീരുത്വമണെന്നും മാധവന്‍ നായര്‍ പറഞ്ഞു.

“സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആദ്യമുണ്ടായ പ്രശ്നങ്ങള്‍ക്കു ശേഷം നിലവില്‍ വന്ന സമാധാന അന്തരീക്ഷം പൂര്‍ണമായും തകര്‍ക്കപ്പെട്ടു. സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടേതായ ആചാരങ്ങളുണ്ട്. അതില്‍ സര്‍ക്കാരോ കോടതിയോ ഇടപെടുന്നുണ്ടോ? പിന്നെ എന്തുകൊണ്ടാണ് ഹിന്ദു വിഭാഗത്തെ മാത്രം ലക്ഷ്യകേന്ദ്രമാക്കുന്നത്. ഇത് രാഷ്ട്രീയ അജണ്ടയാണെന്നും” മാധവന്‍ നായര്‍ പറഞ്ഞു.


നാടിനു നാശം വിതച്ച പ്രളയത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ട കേരള സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ഊര്‍ജം പാഴാക്കുകയാണെന്നും മാധവന്‍ നായര്‍ കുറ്റപ്പെടുത്തി.

പ്രളയത്തില്‍ സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പുനര്‍നിര്‍മാണവും പുനരധിവാസവും ഒച്ചിഴയുന്ന വേഗത്തിലാണ് പുരോഗമിക്കുന്നത്. അത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മാധവന്‍ നായര്‍ പറഞ്ഞു.

ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേരളവികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ബൗദ്ധിക പിന്തുണ നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.