ജി. രാമന്‍നായരും ജി. മാധവന്‍ നായരും ബി.ജെ.പിയില്‍ ചേര്‍ന്നു
Kerala News
ജി. രാമന്‍നായരും ജി. മാധവന്‍ നായരും ബി.ജെ.പിയില്‍ ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th October 2018, 11:35 pm

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായരും, ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റും എ.ഐ.സി.സി. അംഗവുമായ ജി. രാമന്‍ നായരും ബി.ജെ.പിയില്‍ ചേര്‍ന്നു. ഏതാനും നാളുകളായി സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള ചിലര്‍ ബി.ജെ.പി അംഗത്വം സ്വീകരിക്കാന്‍ പോകുകയാണെന്ന വാര്‍ത്ത പരന്നിരുന്നു. അതിനിടെയാണ് ഇരുവരുടെയും ബി.ജെ.പി പ്രവേശനം.

പ്രമുഖരായ ഇരുപതോളം വ്യക്തികള്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. ഇവരുടെ ഔദ്യോഗിക പ്രവേശനം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് എന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാവും ചടങ്ങു നടക്കുക എന്നും അനുമാനിച്ചിരുന്നു.

ALSO READ: ആശ്രമം ആക്രമണം; കസ്റ്റഡിയിലെടുത്ത മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ വിട്ടയച്ചു

“കുറച്ച് ദിവസങ്ങളായി ഞാന്‍ പറയുന്നു. ഏതാനും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മറ്റു മേഖലകളില്‍ നിന്നുമുള്ള വ്യക്തികള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ വരിനില്‍ക്കുന്നുവെന്ന്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ദിവസം കഴിയുംതോറും പാര്‍ട്ടിയില്‍ ചേരുന്ന ആള്‍ക്കാരുടെ എണ്ണം കൂടി വരും. രാമന്‍ നായരും, ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരും പാര്‍ട്ടിയില്‍ ഉണ്ടാകും” ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍.

വിവിധ പാര്‍ട്ടിയില്‍ നിന്നുമുള്ള നേതാക്കളുമായി തങ്ങള്‍ ചര്‍ച്ചയിലാണ്. ഏതാനും മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കാര്യങ്ങള്‍ ശരിയായി വന്നാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. സി.പി.ഐ.എമ്മിലെ ചില നേതാക്കളുമായും ബി.ജെ.പി. ചര്‍ച്ച നടത്തിയെന്നും, ദിവസങ്ങള്‍ക്കുള്ളില്‍ സി.പി.ഐ.എമ്മിനെ ഞെട്ടിക്കുന്ന കാര്യങ്ങളാവും സംഭവിക്കുകയെന്നും ബി.ജെ.പിയുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

ALSO READ: ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിക്ക് സമാധാനപുരസ്‌കാരം നല്‍കരുത്; സോള്‍ പുരസ്‌കാരം മോദിക്ക് നല്‍കുന്നതിനെതിരെ കൊറിയയില്‍ പ്രതിഷേധം

നേരത്തെ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പത്തനംതിട്ടയില്‍ ബി.ജെ.പി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് രാമന്‍ നായരായിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. തന്നെ സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് രാമന്‍ നായര്‍ പറഞ്ഞിരുന്നു.

പാര്‍ട്ടി ഒരു നോട്ടീസ് പോലും നല്‍കിയിട്ടില്ല. ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എന്ന നിലയ്ക്ക് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തതിന് ഇത്രയും വലിയ നടപടി എടുക്കേണ്ടിയിരുന്നില്ലെന്നും ജി.രാമന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടാണ് ശരിയെന്നും ജി.രാമന്‍ നായര്‍ മുന്‍പ് പറഞ്ഞിരുന്നു.

WATCH THIS VIDEO: