|

ദല്‍ഹിയിലാണെങ്കില്‍ പോലും അച്ഛന്‍ വിളിക്കും; മോദി ചെയ്ത വികസനം ചാനല്‍ ലൈവിലുണ്ടന്ന് പറയും: ദിയ കൃഷണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ജി. കൃഷ്ണകുമാറിന്റെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് മകള്‍ ദിയ കൃഷണ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ ചെയ്ത വികസനങ്ങള്‍ തങ്ങള്‍ അറിയുന്നത് കൃഷ്ണകുമാറിലൂടെയാണെന്നും അദ്ദേഹത്തിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ദിയ കൃഷ്ണ പറഞ്ഞു.

എല്ലാ ദിവസവും സോഷ്യല്‍ മീഡിയ മുഖേന കൃഷ്ണകുമാറിന് പിന്തുണ നല്‍കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ കൂടെ നിന്ന് പിന്തുണക്കുമെന്നും ദിയ പ്രതികരിച്ചു. കൃഷ്ണകുമാറിനായി കുടുംബടക്കം ക്യാമ്പയിന്‍ നടത്തുമെന്നും വീട്ടില്‍ ആരും രാഷ്ട്രീയം സംസാരിക്കാറില്ലെന്നും ദിയ പറഞ്ഞു.

അച്ഛന്‍ ദല്‍ഹിയില്‍ ആണെങ്കില്‍ പോലും തങ്ങളെ കാണിക്കുമെന്നും മോദി ചെയ്ത വികസനങ്ങളെ കുറിച്ച് ചാനലില്‍ ലൈവുണ്ടെങ്കില്‍ പിടിച്ചിരുത്തി കാണിക്കുമെന്നും ദിയ കൂട്ടിച്ചേര്‍ത്തു. അച്ഛനിലൂടെയാണ് മോദി ചെയ്ത വികസനങ്ങളെ കുറിച്ച് തങ്ങള്‍ അറിയുന്നതെന്നും ത്യ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളോടുള്ള താത്പര്യം കൊണ്ടല്ല, അച്ഛനോടുള്ള വിശ്വാസം കൊണ്ടാണ് സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണക്കുന്നതെന്നും ബി.ജെ.പിക്കായി വോട്ട് ചെയ്യുന്നതെന്നും ദിയ പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ക്കൊന്നും ബി.ജെ.പിയെ ഇഷ്ടമല്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാണെന്നും ദിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബി.ജെ.പി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ ജി. കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോട് ജില്ലാ നേതൃത്വം സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. അച്ചടിച്ചിറക്കിയ പോസ്റ്ററുകള്‍ എല്ലാം കെട്ടികിടക്കുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

സ്വന്തം നിലയ്ക്ക് താന്‍ അച്ചടിച്ച പോസ്റ്ററുകള്‍ പോലും ജില്ലാ നേതൃത്വം വിതരണം ചെയ്യുന്നില്ലെന്നും ഈ നിലയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. അതേസമയം പരാതിയെ തുടര്‍ന്ന് വിഷയത്തില്‍ ആര്‍.എസ്.എസ് നേതൃത്വം ഇടപ്പെട്ടിട്ടുണ്ടെന്ന് വിവരങ്ങള്‍ ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: G. Krishnakumar’s daughter Diya Krishna reacts to NDA candidature

Video Stories