ജി. കാര്‍ത്തികേയന്‍ അന്തരിച്ചു
Daily News
ജി. കാര്‍ത്തികേയന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th March 2015, 10:54 am

karthiബംഗളുരു: സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ (66) അന്തരിച്ചു. അര്‍ബുദ രോഗത്തെതുടര്‍ന്നായിരുന്നു അന്ത്യം. ബംഗളുരുവില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം ഇന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുവരും.

മരണവാര്‍ത്തയറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്തേക്ക് മടങ്ങി. എ.കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ബെന്നി ബെഹനാന്‍ എം.എല്‍.എ എന്നിവര്‍ ബംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്.

1949 ജനുവരി 20ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ജനനം. പിതാവ് എന്‍.പി ഗോപാലപിള്ള. മാതാവ വനജാക്ഷിയമ്മ.

കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തുന്നത്. 1978ല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പില്‍ കാര്‍ത്തികേയന്‍ കെ. കരുണാകരനൊപ്പം അടിയുറച്ചു നിന്നു. തിരുത്തല്‍ വാദകാലത്ത് കരുണാകരനില്‍ നിന്നും അകന്നു. രമേശ് ചെന്നിത്തല, എം.എ ഷാനവാസ് എന്നിവരോടൊപ്പം തിരുത്തല്‍വാദി വിഭാഗത്തിനു നേതൃത്വം നല്‍കി.

കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം 1980ല്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. വര്‍ക്കല മണ്ഡലത്തില്‍ വര്‍ക്കല രാധാകൃഷ്ണനോടായിരുന്നു തോല്‍വി.

1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച ഇദ്ദേഹം സി.പി.ഐ.എം നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. എന്നാല്‍ 1987ല്‍ ഇതേ മണ്ഡലത്തില്‍ എം.വിജയകുമാറിനോട് പരാജയപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണ ജി. കാര്‍ത്തികേയന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ആര്യനാട് നിന്നും 2011ല്‍ അരുവിക്കരയില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്.

2011ല്‍ നിയമസഭയിലെത്തിയ കാര്‍ത്തികേയന് മന്ത്രിസഭയില്‍ ഇടംനേടാനായില്ല. സ്പീക്കര്‍സ്ഥാനം കൊണ്ട് തൃപ്തനാവേണ്ടി വന്നു.

1995ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയില്‍ സിവില്‍ സപ്ലൈസ്, സാംസ്‌കാരികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.