[] തിരുവനന്തപുരം: ഗാന്ധിജിയെ വിമര്‍ശിച്ച് അരുന്ധതി റോയി നടത്തിയ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ലേഖനം. ഭാരതമണ്ണില്‍ പിറന്നുവീണ ആരിലും ഞെട്ടലുളവാക്കുന്ന പരാമര്‍ശങ്ങളാണ് രാഷ്ട്രപിതാവിനെക്കുറിച്ച് അരുന്ധതി റോയി നടത്തിയതെന്ന് കാര്‍ത്തികേയന്‍ ലേഖനത്തില്‍ പറയുന്നു.
സ്വതന്ത്ര ഭാരതത്തിന്റെ മണ്ണില്‍ ചവിട്ടി നിന്നുകൊണ്ട് ഇങ്ങനെ പറയാന്‍ അവര്‍ കാട്ടിയ ധൈര്യം തന്റെ രാജ്യസ്‌നേഹത്തെയും പൗരബോധത്തെയും വെല്ലുവിളിക്കുന്നതായി അനുഭവപ്പെടുന്നുവെന്നുവെന്നും കാര്‍ത്തികേയന്‍ പറയുന്നു.
കേരള സര്‍വകലാശാലയുടെ ചരിത്രവിഭാഗം ഒരുക്കിയ മഹാത്മ അയ്യന്‍കാളി ചെയര്‍ രാജ്യാന്തര ശില്‍പശാലയില്‍ അരുന്ധതി റോയി നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രപിതാവിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മലയാള മനോരമ ദിനപത്രത്തിലാണ് കാര്‍ത്തികേയന്‍ ലേഖനം എഴുതിയിരിക്കുന്നത്.
അരുന്ധതി റോയിയുടെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരികാത്ത കേരളത്തിലെ യുവത്വത്തെയും സംഘടനകളെയും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളെയും കാര്‍ത്തികേയന്‍ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
“ഒരു പുസ്തകം സമ്മാനിച്ച പ്രശസ്തിയുടെയോ എന്‍.ജി.ഒ ബലത്തിലുള്ള ഫൈവ് സ്റ്റാര്‍ സാമൂഹികപ്രവര്‍ത്തനത്തിന്റെയോ രൂപഭാവങ്ങളിലുള്ള സെലിബ്രറ്റി പരിവേഷത്തിന്റെയോ മണല്‍ക്കൂനയ്ക്കു മുകളില്‍ കയറിനിന്ന് ലോകത്തിനു മുന്നില്‍ ഭാരതത്തിനു ചൂണ്ടിക്കാണിക്കാനുള്ള ഒരൊറ്റ ആദര്‍ശരൂപത്തെ പുലായാട്ട് പറയുമ്പോള്‍ പ്രതികരിക്കാത്ത കേരളത്തിന്റെ യുവത്വം, പ്രതിഷേധിക്കാന്‍ നട്ടെല്ലില്ലാത്ത ബുദ്ധിജീവികള്‍ ഇവരെയൊക്കെ ഓര്‍ത്ത് തന്റെ തലകുനിഞ്ഞ് പോവുകയാണ്”.
ഗാന്ധിജി പിറവിയെടുത്ത മണ്ണില്‍ ജനിച്ചു എന്നതു സൗഭാഗ്യമായി കാണുന്നവരുടെ കൂട്ടത്തില്‍ ഒരാളാണ് താനെന്നും ഗാന്ധിജിയുടെ നേര്‍ക്ക് വീണ്ടും നിറയൊഴിക്കുന്നത് കണ്ടു പ്രതികരിക്കാത്ത നമ്മള്‍ വെറുക്കപ്പെടേണ്ടവരാണെന്നും അഭിപ്രായപ്പെട്ട്‌കൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.