തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു, ജി.കെ വാസന്‍ പുതിയ പാര്‍ട്ടി രുപീകരിക്കും
Daily News
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു, ജി.കെ വാസന്‍ പുതിയ പാര്‍ട്ടി രുപീകരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd November 2014, 3:01 pm

vasanചെന്നൈ:  തമിഴ്‌നാട് കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജി.കെ വാസന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവുമായുള്ള പ്രശ്‌നങ്ങളും തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ  പ്രശ്‌നങ്ങളുമാണ് പിളര്‍പ്പിനു കാരണം.

കഴിഞ്ഞ യു.പി.എ മന്ത്രിസഭയില്‍ ഷിപ്പിങ് മന്ത്രിയായിരുന്ന അദ്ദേഹം പാര്‍ട്ടി വിടാനാലോചിക്കുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. എ.ഐ.സി.സിയുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് നടപടി. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജി.കെ മൂപ്പനാര്‍, കാമരാജ് എന്നിവരുടെ ചിത്രം അംഗത്വ വിതരണ കാര്‍ഡില്‍ നിന്ന് ഒഴിവാക്കാനുള്ള എ.ഐ.സി.സി തീരുമാനമാണ് ജി.കെ വാസന്‍ വിഭാഗത്തെ ചൊടിപ്പിച്ചത്.

“കഴിഞ്ഞ 47 വര്‍ഷമായി തമിഴ് നാട്ടില്‍ കോണ്‍ഗ്രസ് അധികാരത്തിനു പുറത്താണ്. ദ്രാവിഡ കക്ഷികള്‍ക്ക് ബദലായി ഒരു പുതിയ മാറ്റം കൊണ്ട് വരികയാണെന്നും, തമിഴ് നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും, സാധാരണ ജനങ്ങളുടെയും വികാരത്തെ മാനിക്കാത്ത നിലപാടാണ് എ.ഐ.സി.സിയുടേത്.” വാസന്‍ പറഞ്ഞു.

പുതിയ പാര്‍ട്ടി ആരംഭിക്കുമെന്നും പാര്‍ട്ടിയുടെ പേര്, പതാക എന്നിവ വൈകാതെ പുറത്ത് വിടുമെന്നും വാസന്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് നേതാവ് ജി.കെ മൂപ്പനാരുടെ മകനാണ് ജി.കെ വാസന്‍.

ജി.കെ മൂപ്പനാരുടെ നേതൃത്വത്തിലുള്ള പഴയ “തമിഴ് മാനില കോണ്‍ഗ്രസ്” എന്ന പേരു തന്നെയായിരിക്കും സ്വീകരിക്കുക എന്നാണ് കരുതപ്പെടുന്നത്. പുതിയ പാര്‍ട്ടിയുടെ തിരുച്ചിറപള്ളിയില്‍ നടക്കുന്ന സമ്മേളനത്തിലായിരിക്കും വിശദാംശങ്ങള്‍ വ്യക്തമാക്കുക.

നേരത്തെ വാസന്‍ അനുകൂലിയായ മുന്‍ പി.സി.സി പ്രസിഡന്റ് ബി.എസ് ഗ്നാനദേശികന്‍ രാജി വെച്ചിരുന്നു. പകരം അധികാരത്തില്‍ ഏറിയിരുന്നത് വാസന്‍ വിരുദ്ധ ചേരിയിലുള്ള ഇ.വി.കെ.എസ് ഇളങ്കോവന്‍ ആയിരുന്നു.

1996 ല്‍ ജി.കെ മൂപ്പനാരുടെ നേതൃത്വത്തില്‍  രൂപീകൃതമായ തമിഴ് മാനില കോണ്‍ഗ്രസ്  അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 2001 ല്‍ കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു. തമിഴ്‌നാട്ടില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസില്‍ ശക്തരായ അണികളുള്ള വാസന്‍ പുതിയ പാര്‍ട്ടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.