ജി.കെ.എസ്.എഫ് : സൗത്ത് ഇന്ത്യന്‍ ബാങ്ക് മുഖ്യ സ്‌പോണ്‍സര്‍
Big Buy
ജി.കെ.എസ്.എഫ് : സൗത്ത് ഇന്ത്യന്‍ ബാങ്ക് മുഖ്യ സ്‌പോണ്‍സര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th October 2012, 9:27 am

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ആറാമത് സീസണിലെ ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്ഥാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് ആയിരിക്കും.

ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ സംസ്ഥാന ടൂറിസം വകുപ്പുമന്ത്രി ശ്രീ എ.പി.അനില്‍കുമാറും സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ശ്രീ ഏബ്രഹാം തര്യനും ഒപ്പുവച്ചു. []

കേരളത്തെ രാജ്യത്തെ പ്രമുഖ വ്യാപാര ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും മുന്തിയ സ്വകാര്യബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്ക് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു.

ജി.കെ.എസ്.എഫിനെ ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി ശ്രീ.അനില്‍ കുമാര്‍ പറഞ്ഞു. കേരളത്തിന്റെ ഉല്‍പ്പന്നങ്ങളെയും ടൂറിസത്തിനെയും കേരളത്തിനു പുറത്തേക്കെത്തിക്കുന്നതിന് ഇത്തവണ ഊന്നല്‍ നല്‍കും. നാലുകോടി രൂപയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനു ധാരണയെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയില്‍ പദ്ധതിയുടെ ഭാഗമായി ഗ്ലോബല്‍ വില്ലേജ് നടത്തുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശ്രീ യു.വി ജോസ് പറഞ്ഞു. വ്യത്യസ്ത വിഷയങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. സ്വര്‍ണ്ണത്തിന് പുറമെ മറ്റിനങ്ങളും സമ്മാനമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരവും ടൂറിസവുമാണ് കേരളത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്നതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ശ്രീ ഏബ്രഹാം തര്യന്‍ പറഞ്ഞു. രണ്ടുമേഖലകള്‍ക്കും ജി കെ എസ് എഫ് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഫെസ്റ്റിവല്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ശ്രീ.വിജയനും സംസാരിച്ചു.

ജി.കെ.എസ്.എഫിന്റെ ആറാമത് സീസണ്‍ ഡിസംബര്‍ 15-നാരംഭിച്ച് 2013 ജനുവരി 31-ന് അവസാനിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെയും പ്രവര്‍ത്തനങ്ങളിലൂടെ ടൂറിസം, വ്യാപാര കലണ്ടറുകളില്‍ പ്രമുഖമായ സ്ഥാനം സമ്പാദിച്ചെടുക്കാന്‍ മേളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ വര്‍ഷവും കൂടുതല്‍ ബിസിനസ് സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നതുതന്നെ ജി.കെ.എസ്.എഫിന് അവയുടെ  ബ്രാന്‍ഡ്മൂല്യം വളര്‍ത്താനും വ്യാപാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള അവസരമാകാന്‍ കഴിയുന്നുവെന്നതിന്റെ തെളിവാണ്.

പ്രത്യേക വാഗ്ദാനങ്ങളും  ഇളവുകളുമൊക്കെയായി ഉപഭോക്താക്കള്‍ക്ക് ജി.കെ.എസ്.എഫ് വേള മികച്ച ഷോപ്പിങ് സീസണായി മാറിയിട്ടുണ്ട്.
വിവിധ മേഖലകളില്‍നിന്നുള്ള പ്രതികരണം കണക്കിലെടുത്ത് ഇത്തവണത്തെ ജി.കെ.എസ്.എഫ് സീസണ്‍ സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ 15 ദിവസത്തെ വ്യാപാരമേള, കേരളത്തന്റെ കരകൗശലവസ്തുക്കള്‍, നാടന്‍ ഉല്പന്നങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്യാപാരികള്‍ക്ക് മൂല്യവര്‍ദ്ധിത നികുതിയില്‍ നൂറുശതമാനം ഇളവ്, നൂറ്റൊന്ന് കിലോ സ്വര്‍ണ്ണമുള്‍പ്പെടെ വിലപിടിപ്പുള്ള കൂടുതല്‍ സമ്മാനങ്ങള്‍ എന്നിവയാണ് ഇത്തവണത്തെ പ്രത്യേകതകള്‍.

വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളവര്‍ക്ക് നല്‍കുന്ന ഇളവുകള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്തുന്നതിനായി അക്ഷയ സെന്ററുകളിലൂടെയും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

നാല്പത്തെട്ട് ദിവസത്തെ മേള സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുണ്ട്. ഇത്തവണ പതിനായിരത്തോളം സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. മൂന്നു കോടി ഉപഭോക്താക്കള്‍ ജി.കെ.എസ്.എഫിലേയ്ക്ക് വരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം അന്‍പത് ലക്ഷം രൂപയുടെ റെക്കോര്‍ഡ് കൂപ്പണ്‍ വിതരണമാണ് നടന്നത്. ഇത്തവണ അത് ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യം. വ്യാപാര-വാണിജ്യ വകുപ്പുകള്‍, ധനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ചാണ് ടൂറിസം വകുപ്പ് ജി.കെ.എസ്.എഫ് സംഘടിപ്പിക്കുന്നത്.