തിരുവനന്തപുരം: സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന സമകാല കലാപ്രദര്‍ശനം 26ന് സമാപിക്കും. []
24 ദിവസം നീണ്ട ഈ പ്രദര്‍ശനം കേരളത്തിന്റെ കലാരംഗത്ത് പുതിയൊരു തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്റെ നേതൃത്വത്തിലാണ് 250ലധികം കലാകാരന്‍മാരുടെ 300ലധികം സൃഷ്ടികള്‍ ഇവിടെ പ്രദര്‍ശനത്തിനും വില്‍പനയക്കുമായി തയ്യാറാക്കിയിരിക്കുന്നത്.
അന്‍പതിലധികം പെയിന്റിംഗുകള്‍ മേളയില്‍ വിറ്റുപോയി. ഇത്തരത്തിലൊരു മേളയില്‍ ഇത് റെക്കോഡാണ്. കേരളത്തില്‍ നല്ല പെയിന്റിങ്ങുകള്‍ക്ക് ഇപ്പോഴും മാര്‍ക്കറ്റുണ്ടെന്നും സാധാരണക്കാര്‍ക്കിടയില്‍പോലും നല്ല കലാസൃഷ്ടികള്‍ക്ക് ആവശ്യക്കാരേറെയാണെന്നും ഈ പ്രദര്‍ശനം തെളിയിച്ചതായി കാനായി കുഞ്ഞിരാമന്‍ പറഞ്ഞു.
മേള അവസാനിക്കാന്‍ ഒരു മാത്രം അവശേഷിക്കെ വിദേശികളും സ്വദേശികളുമായ ഒട്ടേറെപ്പേര്‍ ഇപ്പോഴും ഇവിടെ കാഴ്ചക്കാരായി എത്തുന്നുണ്ട്.
പെയിന്റിംഗുകളുടെയും മറ്റും വില്‍പന ലക്ഷ്യമിട്ട് ഒരു സ്ഥിരം ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കണമെന്ന തങ്ങളുടെ ആവശ്യത്തോട് സര്‍ക്കാര്‍ അനുകൂലമായി പ്രതകരിക്കുമെന്ന വിശ്വാസത്തിലാണിവര്‍. ഒപ്പം ജികെഎസ്എഫിന്റെ ഭാഗമായി എല്ലാവര്‍ഷവും ഇത്തരം മേള സംഘടിപ്പിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.