ജി.കെ.എസ്.എഫ് സമകാല കലാമേള ജനുവരി 3 ന്
Big Buy
ജി.കെ.എസ്.എഫ് സമകാല കലാമേള ജനുവരി 3 ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st January 2013, 1:42 pm

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്‌റിവലിന്റെ കീഴില്‍ പ്രശസ്ത ശില്‍പ്പി ശ്രീ കാനായി കുഞ്ഞിരാമന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന സമകാല കലാമേള 2013 ജനുവരി 3 ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.[]

വ്യാപാര വികസനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ സമകാല കലാമേഖലയെ കൂടി ഉള്‍പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന കലാമേള കനകക്കുന്ന് കൊട്ടാരത്തില്‍ ഒരുങ്ങുന്നു.

പ്രൊഫ കാട്ടൂര്‍ നാരായണ പിള്ള, ശ്രീ വര്‍ഗീസ് പുനലൂര്‍,  ശ്രീ ബാബു നമ്പൂതിരി, ശ്രീ കാരക്കാമണ്ഡപം വിജയകുമാര്‍, ശ്രീമതി സാവിത്രി രാജീവന്‍ തുടങ്ങിയ പ്രഗല്‍ഭരടക്കം 200 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കലാമേള ജനുവരി 26 വരെ നീണ്ടുനില്‍ക്കും.

ലോകത്തിലെ പ്രശസ്ത ലേല കേന്ദ്രങ്ങള്‍ പോലെതന്നെ ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിലുള്ള ഗ്യാലറികളിലൂടെയും ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും കലാവസ്തുക്കളുടെ വലിയ വിപണനം നടക്കുന്നുണ്ട്. സമകാല കലയിലെ വലിയ കലാകാരന്‍മാര്‍ വളര്‍ന്നുവരുന്നത് ഈ മേഖലകളിലൂടെയാണെന്ന് ശ്രീ കാനായി ചൂണ്ടിക്കാട്ടി.

വന്‍ നഗരങ്ങളില്‍ കേരളത്തിലെ പ്രമുഖരായ കലാകാരന്‍മാര്‍ നടത്തുന്ന ബൃഹത്തായ കലാവിപണനത്തെ കേരളത്തിലേക്ക് തിരിച്ച് ആകര്‍ഷിക്കുക, കേരളത്തിലെ അജ്ഞാതരായ കലാകാരന്‍മാര്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭ്യമാക്കുക, കേരളത്തില്‍ സമ്പന്നമായ ഒരു കലാവിപണി തുറക്കുക ഇവയൊക്കെയാണ് ജി.കെ.എസ്.എഫ് സമകാല കലാപ്രദര്‍ശനത്തിന്റെ ലക്ഷ്യം.

ഇന്ത്യയിലെ പ്രമുഖ ഗ്യാലറികള്‍, കളക്ടര്‍മാര്‍, നിക്ഷേപകര്‍ ഇവരെയൊക്കെ ആകര്‍ഷിക്കാനുള്ള ശ്രമമാണ് ഇതിന്റെ ഭാഗമായി നടന്നുവരുന്നത്. സമകാല കലാ പ്രദര്‍ശനത്തിനെത്തുന്ന കലാസൃഷ്ടികള്‍ ഉന്നതനിലവാരമുള്ളവയും അതേസമയം ന്യായമായ വിലയ്ക്കു ലഭിക്കുന്നവയുമായിരിക്കും. ഉത്ക്കൃഷ്ടമായ കല സാധാരണക്കാരിലെത്തണം എന്നതാണ് കലോത്സവത്തിന്റെ കാഴ്ചപ്പാട്.