എന്താണ് ഗുലാം നബിയുടെ ഫ്യൂചര്‍ പ്ലാന്‍?
national news
എന്താണ് ഗുലാം നബിയുടെ ഫ്യൂചര്‍ പ്ലാന്‍?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th August 2022, 12:40 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചതിന് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിന്റെ ഭാവി രാഷ്ട്രീയ പദ്ധതികളെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

പുതിയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്നും ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന് അവിടെ പാര്‍ട്ടിയുടെ ആദ്യത്തെ യൂണിറ്റ് ആരംഭിക്കുമെന്നുമാണ് ഗുലാം നബി പ്രഖ്യാപിച്ചിരിക്കുന്നത്.

”ഭാവി കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഒരു ദേശീയ പാര്‍ട്ടി ആരംഭിക്കാന്‍ എനിക്കിപ്പോള്‍ ഒരു തിടുക്കമില്ല, എന്നാല്‍ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ളതിനാല്‍, ഉടന്‍ തന്നെ അവിടെ പാര്‍ട്ടിയുടെ ഒരു യൂണിറ്റ് ആരംഭിക്കാന്‍ ഞാന്‍ തീരുമാനിച്ചു,” പി.ടി.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ ഗുലാം നബി പറഞ്ഞു.

എന്നാല്‍ പുതിയ പാര്‍ട്ടിയുടെ രൂപീകരണം സംബന്ധിച്ച കൂടുതല്‍ വിശദംശങ്ങള്‍ അദ്ദേഹം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം, തന്റെ അണികളെ കാണുന്നതിനായി സെപ്റ്റംബര്‍ നാലിന് ഗുലാം നബി ജമ്മു സന്ദര്‍ശിക്കുമെന്നും അവിടെ വെച്ച് പുതിയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ സാധ്യതയുണ്ടെന്നും വിവിധ സ്രോതസുകളെ ഉദ്ധരിച്ച് റിപബ്ലിക് ടി.വി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ സ്വാധീനം വ്യാപിപ്പിക്കാനും ഊട്ടിയുറപ്പിക്കാനും ഗുലാം നബി ശ്രദ്ധാലുവാണെന്ന് അദ്ദേഹത്തോടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗുലാം നബി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചേക്കുമെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്വന്തമായി പാര്‍ട്ടി ആരംഭിക്കുമെന്നും ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ജി 23 ഗ്രൂപ്പിന്റെ നേതാവ് കൂടിയായിരുന്ന ഗുലാം നബി ആസാദ് അരനൂറ്റാണ്ടോളം നീണ്ടുനിന്ന കോണ്‍ഗ്രസിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
കോണ്‍ഗ്രസിന്റെ എല്ലാ ചുമതലകളില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായി അറിയിക്കുകയായിരുന്നു.

ദീര്‍ഘമായ രാജിക്കത്ത് എഴുതിയാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടിയില്‍ നിന്നും ഏറെക്കാലമായി തനിക്ക് വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം രാജിക്കത്തില്‍ പരാമര്‍ശിച്ചിരുന്നു.

ഏറെക്കാലമായി കോണ്‍ഗ്രസിന്റെ ഉന്നത പദവികള്‍ വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഗുലാം നബി ആസാദ്. കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയിരുന്ന നേതാവ് കൂടിയാണ് അദ്ദേഹം. കഴിഞ്ഞ കുറച്ചുകാലങ്ങളായി പാര്‍ട്ടിയില്‍ ആസാദ് അസ്വസ്ഥനായിരുന്നു. രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ അദ്ദേഹം പലയാവര്‍ത്തി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അഞ്ച് പേജുള്ള രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ വിമര്‍ശനവും ആസാദ് ഉയര്‍ത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ട പിന്തുണയും പരിഗണനയും സോണിയ ഗാന്ധി നല്‍കിയിരുന്നുവെന്നും ഇത് മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കാന്‍ സഹായിച്ചിരുന്നുവെന്നും എന്നാല്‍ രാഹുല്‍ ഗാന്ധി വന്ന ശേഷം അതിലെല്ലാം മാറ്റം വന്നെന്നുമായിരുന്നു ആസാദിന്റെ പരാമര്‍ശം.

മുതിര്‍ന്ന നേതാക്കളുടെ തീരുമാനങ്ങളെ അംഗീകരിക്കാനും അവ മനസിലാക്കാനും സോണിയ ഗാന്ധി നടത്തിയ ഇടപെടലാണ് ഒന്നാം യു.പി.എ സര്‍ക്കാരും രണ്ടാം യു.പി.എ
സര്‍ക്കാരുമുണ്ടാകാന്‍ വഴിവെച്ചത്. എന്നാല്‍ 2013ല്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയിലേക്കുള്ള വരവിന് ശേഷമാണ് കോണ്‍ഗ്രസില്‍ കാര്യമായ വീഴ്ചകളുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

”എന്റെ ശവഘോഷയാത്ര നടത്തിയവര്‍ക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും രാഹുല്‍ ഗാന്ധിയും വിരുന്നൊരുക്കി. കായികമായി ആക്രമിക്കാന്‍ കപില്‍ സിബലിന്റെ വസതിയിലേക്ക് ഗുണ്ടകളെ അഴിച്ചുവിട്ടതും ഇതേ സംഘം തന്നെയാണ്,” ഗുലാം നബി ആസാദ് രാജിക്കത്തില്‍ പറഞ്ഞു.

Content Highlight: Future plans of Ghulam Nabi Azad on forming a new party after quitting congress