ഒരു നീലക്കൊടിക്ക് കീഴില്‍ ഒരുമിക്കുമോ കേരളത്തിലെ ദളിത് സമൂഹം?
Dalit Life and Struggle
ഒരു നീലക്കൊടിക്ക് കീഴില്‍ ഒരുമിക്കുമോ കേരളത്തിലെ ദളിത് സമൂഹം?
എ പി ഭവിത
Saturday, 14th April 2018, 9:56 am

രോഹിത് വെമുലയുടെ മരണത്തിന് ശേഷം കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ഏറ്റവും ശക്തമായ സമ്മര്‍ദ്ദഗ്രൂപ്പായി ദളിത് സമൂഹം മാറിയ മാതൃകയില്‍ കേരളത്തിലും ഭരണപ്രതിപക്ഷ പാര്‍ട്ടികളെ തിരുത്താന്‍ ദളിത് സമൂഹം ഒരു കുടക്കീഴില്‍ അണിനിരക്കുമോ? കേരളത്തിലടുത്തിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ദളിത് ഹര്‍ത്താലിന് ശേഷം ഉയരുന്ന ചോദ്യമിതാണ്. പക്ഷേ ഇപ്പോഴും ഇക്കാര്യത്തില്‍ ഏകാഭിപ്രായം ദളിത് സംഘടനകള്‍ക്കിടയിലോ നേതാക്കള്‍ക്കിടയിലോ രൂപപ്പെട്ടിട്ടില്ല.

പട്ടികജാതിപട്ടികവര്‍ഗ പീഡന നിരോധന നിയമം ഭേദഗതി ചെയ്ത സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയായിരുന്നു കേരളത്തിലെ ദളിത് ഹര്‍ത്താല്‍. വ്യാപാരി വ്യവസായികളും ബസ് മുതലാളിമാരും ഹര്‍ത്താലിനെതിരെ രംഗത്തെത്തി. ദളിത് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി. വാഹനങ്ങള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചും ഹര്‍ത്താല്‍ ഭാഗികമായി.

ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ നടക്കുന്ന ദളിത് മുന്നേറ്റങ്ങള്‍ കേരളത്തിലെ ഈ സമരത്തിന് ഊര്‍ജ്ജമായിട്ടുണ്ട്. എന്നാല്‍ ചിതറിക്കിടക്കുന്ന ദളിത് സംഘടനകളും സാമുദായിക നേതൃത്വവും യോജിച്ചൊരു രാഷ്ട്രീയ പോരാട്ടത്തിനോ ജനാധിപത്യ പ്രക്രിയയിലെ വിധിയെഴുത്തുകള്‍ക്കോ ഏത് തരത്തിലാണ് ഭാഗമാകുക എന്നതാണ് ഉയരുന്ന ചോദ്യം. പട്ടികജാതിപട്ടികവര്‍ഗ്ഗ സംഘടനകള്‍, സംയുക്ത സംഘടനകള്‍, സാംസ്‌കാരിക സംഘടനകള്‍, ദളിത് ക്രിസ്ത്യന്‍ സംഘടനകള്‍, എന്നിങ്ങനെ 250 ന് അടുത്ത് ദളിത് സംഘടനകള്‍ ഉണ്ട്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ദളിത് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന് ഈ കൂട്ടായ്മയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
“രാഷ്ടീയ അധികാരത്തിലേക്ക് ഉയരാനുള്ള ചുവടുകളാണ് ഇനിവെക്കേണ്ടത്. അതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കുക. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ദളിതന്‍ മത്സരിക്കണമെന്ന് ആലോചനയുണ്ട്. ദളിതരുടെ വോട്ട് ഭിന്നിച്ച് പോകരുത്. വിജയിച്ച് ദളിതരുടെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരിഹിക്കാന്‍ കഴിയുമെന്നല്ല. വിവിധ പ്രത്യയശാസ്ത്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ദളിതരെ ബോധവത്കരിച്ച് ഒന്നിച്ച് നിര്‍ത്താനുള്ള അവസരമാണിത്.” ദളിത് ആക്ടവിസ്റ്റായ മൃദുല ദേവി പറയുന്നു.

ചെങ്ങന്നൂരില്‍ മെച്ചപ്പെട്ട വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ കഴിയണം. ജയിക്കുക എന്നതല്ല പ്രധാനം. അരിവാള്‍ചുറ്റികയ്‌ക്കോ കൈപ്പത്തിയ്‌ക്കോ താമരയ്‌ക്കോ ആണ് ദളിതര്‍ വോട്ട് ചെയ്യുന്നത്. എന്നിട്ടും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നില്ല. ആ സാഹചര്യമാണ് മാറേണ്ടത്. പാര്‍ട്ടിയുടെ ആവശ്യങ്ങളല്ല ദളിത് വേദനകള്‍ മനസിലാക്കുന്നവര്‍ അധികാരത്തിലെത്തണമെന്നും മൃദുല കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത് പ്രായോഗികമല്ലെന്നാണ് കെ.കെ കൊച്ചിന്റെ നിരീക്ഷണം.

“ഞാനും കല്ലറ സുകുമാരനും ഗീതാനന്ദനുമെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ചവരാണ്. ജനാധിപത്യത്തില്‍ തെരഞ്ഞെുപ്പാണ് പ്രധാനം. അതില്‍ നിര്‍ണ്ണായകമായ പ്രാതിനിധ്യം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ജനസംഖ്യയാണ് പ്രശ്‌നം. കേരളത്തില്‍ ഒരു വാര്‍ഡില്‍ പോലും സ്വന്തം വോട്ട് കൊണ്ട് ദളിതന് ജയിക്കാന്‍ കഴിയില്ല. ഇതര വിഭാഗങ്ങളുമായി ചേര്‍ന്ന് മാത്രമേ കഴിയുള്ളൂ. കൂടാതെ കേരളം ഒരു വൈജ്ഞാനിക സമൂഹമാണ്. ഉത്തരേന്ത്യയിലെ പോലെ വ്യക്തിയെ ചൂണ്ടിക്കാട്ടിയാല്‍ അതിന് പിന്നില്‍ അണിനിരക്കുന്ന ശൈലിയൊന്നും കേരളത്തില്‍ നടക്കില്ല.” കെ.കെ കൊച്ച് പറഞ്ഞു.

 

ഇ.എം.എസിന്റെ കാലത്തൊക്കെ ഇങ്ങനെ നടന്നിട്ടുണ്ടാകും. ബൗദ്ധിക മേധാവിത്വം ഉള്ളത് കൊണ്ടാണ് ഇ.എം.എസിന് അത് സാധിച്ചത്. കാന്‍ഷിറാമിനേയോ മായാവതിയെയോ പോലെയുള്ള ഏതെങ്കിലും നേതാവ് ഉയര്‍ന്ന് വന്ന് ഇവിടെ ദളിത് രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കുമെന്നത് വ്യാമോഹമായിരിക്കും കൊച്ച് കൂട്ടിച്ചേര്‍ത്തു.

ദളിത് രാഷ്ട്രീയ പാര്‍ട്ടി എന്നതിനേക്കാള്‍ ഐക്യം രൂപപ്പെടുത്തി സമ്മര്‍ദ്ദ ഗ്രൂപ്പായി മാറുകയാണ് വേണ്ടതെന്ന അഭിപ്രായവും ശക്തമാണ്.
സമരത്തിന്റെ തുടര്‍ച്ചയെ കുറിച്ച് ദളിത് ചിന്തകാനായ എം. ബി മനോജ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്.

“പിന്നോക്ക ന്യൂനപക്ഷ ദരിദ്ര സ്ത്രീപരിസ്ഥിതി മനുഷ്യാവകാശജനാധിപത്യ സമൂഹങ്ങളുമായുള്ള ഐക്യപ്പെടലാണ് ദളിത് സംഘടനകള്‍ മുന്നോട്ടുവെയ്ക്കുന്നത്. അല്ലാതെ അയല്‍ക്കാരനുമായി വംശീയ വിദ്വേഷം സ്ഥാപിക്കലല്ല”.

പീഡനമേറ്റ് കഴിയുന്ന വിഭാഗത്തിന്റെ സംഘടിക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചെങ്ങറ സമര നേതാവ് സെലീന പ്രക്കാനം പറയുന്നു.
“ദളിത് സംഘടനകള്‍ തമ്മിലുള്ള കൂടിച്ചേരലായി ഇതിനെ കാണേണ്ടതില്ല. ദളിത് വംശജരുടെ കൂടിച്ചേരലാണ് ഇത്. ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്ക് വിധേയരാവുന്ന, ചൂഷണം ചെയ്യപ്പെടുന്ന ഒരു വര്‍ഗത്തിന്റെ ഒത്തുചേരലാണ്. എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന തദ്ദേശീയ വിഭാഗത്തിന്റെ കൂടിച്ചേരലാണിതെന്നും സെലീന കൂട്ടിച്ചേര്‍ത്തു.

ഇതിന് മുമ്പേ എല്ലാവര്‍ക്കും ആ ആഗ്രഹമുണ്ടായിരുന്നു. സംഘടനകളും അംഗങ്ങളും ഇത് നേരത്തെ ആഗ്രഹിച്ചിരുന്നതാണ്. ചെങ്ങറ സമര കാലത്ത് തന്നെ ദളിത് സംഘടനകള്‍ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തിന്റെ ഭാഗമായി ദളിത് മുന്നേറ്റം ഉണ്ടായിട്ടില്ല. ദളിത് മുന്നേറ്റമോ രാഷ്ട്രീയ മുന്നേറ്റമോ ചെങ്ങറയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല”. സെലീന പറയുന്നു.

ചിതറിക്കിടന്ന ദളിത് സംഘടനകള്‍ക്കായി പൊതു പ്ലാറ്റ്‌ഫോം രൂപപ്പെടുന്നുവെന്നാണ് ദളിത് എഴുത്തുകാരനായ അജിത്ത് കുമാര്‍ എ.എസ് നിരീക്ഷിക്കുന്നത്.

“ദളിത് സംഘടനകള്‍ ചിതറിയ നിലയിലാണ് ഇപ്പോള്‍ ഉള്ളത്. ചെങ്ങറ, രോഹിത് വിമുല, ജിഷ കൊലപാതകം എന്നീ സന്ദര്‍ഭങ്ങളില്‍ ഒന്നിച്ച് നിന്നിട്ടുണ്ട്. ഇപ്പോള്‍ ഈ ഹര്‍ത്താലിന്റെ പശ്ചാത്തലത്തിലും. രാഷ്ട്രീയ സംഘടനകളിലും സമുദായ സംഘടനകളിലും ദളിത് സംഘടനകള്‍ ഉണ്ട്. ഇപ്പോള്‍ സമുദായത്തിനപ്പുറമുള്ള ഐക്യം ഉണ്ടായിട്ടുണ്ട്.

സാമുദായിക സംഘടനകള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ വ്യത്യസ്ത സംഘടനകളുണ്ട്. പ്രധാന ശക്തിയായിട്ടല്ല. ചിതറിയ നിലയിലാണ്. ചില സമയങ്ങളില്‍ പൊതു പ്ലാറ്റ്‌ഫോമില്‍ എത്തുന്നുണ്ട്. രാഷ്ട്രീയ ബോധം വളരുന്നുണ്ട് ദളിതര്‍ക്കിടയില്‍. രാഷ്ട്രീയ ഐക്യം രൂപപ്പെടുന്നുണ്ട്. അതില്‍ ഒരുപാട് സംഘടനകളുണ്ട്. രാഷ്ട്രീയമായി വികസിക്കുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. സാമൂഹ്യമാറ്റം അതിലൂടെ സംഭവിക്കുന്നു. രാഷ്ട്രീയപരമായി വ്യത്യസ്ത അഭിപ്രായമുള്ള ദളിത് സംഘടനകളുണ്ട്. കൂടാതെ സാമൂദായിക സംഘടനകളും. ഇപ്പോള്‍ സംഭവിക്കുന്നത് സാമുദായികതയ്ക്ക് അപ്പുറമുള്ള ഐക്യപ്പെടലാണ്. ഉദാഹരണത്തിന് കെ.പി.എം.എസ് നേരിട്ട് പങ്കെടുത്തില്ലെങ്കിലും പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ചെറിയ ദളിത് സംഘടനകളാണ് ഹര്‍ത്താലില്‍ പങ്കെടുത്തത്. അങ്ങനെ പൊതു പ്ലാറ്റ്‌ഫോം ഉണ്ടാകുന്നു”. അജിത്ത് കുമാര്‍ പറയുന്നു.

ഉത്തരേന്ത്യയില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ ദളിത് മുന്നേറ്റങ്ങള്‍ക്ക് രാഷ്ട്രീയമായ പരിമിതികളുണ്ടെന്ന വാദവും ഉയരുന്നുണ്ട്.
“ഇപ്പോഴത്തെ ദളിത് മുന്നേറ്റം ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറാന്‍ സാധ്യതയില്ല. കാന്‍ഷി റാം പോലും ബഹുജന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയത്. കേരളത്തില്‍ അത് കുറച്ചുകൂടി ബുദ്ധിമുട്ടാണ്. ജനസംഖ്യ പരിശോധിക്കുമ്പോള്‍ ഓരോ മണ്ഡലത്തിലും മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറവല്ലേ. ദളിത് പ്രസ്ഥാനം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത് കൊണ്ട് കാര്യമില്ല. ഐക്യമുന്നണികളുണ്ടാക്കിയും മുഖ്യധാരയില്‍ വിള്ളലുകളുണ്ടാക്കിയുമാണ് മുന്നോട്ട് പോകേണ്ടതെന്ന് കെ.കെ ബാബുരാജ് നിരീക്ഷിക്കുന്നു.

വി.പി സിംഗിന്റെ കാലത്ത് സംഭവിച്ചത് പോലെ ഉണ്ടാവണം. കേരളത്തില്‍ അതിശക്തമായ രണ്ട് മുന്നണികളുണ്ട്. ബി.ജെ.പിക്ക് വോട്ട് കിട്ടി ജയിക്കുമെന്ന ഘട്ടത്തില്‍ പരസ്പരം വോട്ട് നല്‍കുന്നവരാണ് ഈ മുന്നണികള്‍. സവര്‍ണ്ണ ഹിന്ദു പാര്‍ട്ടിയായ ബി.ജെ.പിയോട് ആ സമീപനമാണെങ്കില്‍ ദളിതനേയും തടഞ്ഞു നിര്‍ത്തും. ഉത്തരേന്ത്യയിലെ സ്ഥിതിയല്ല ഇവിടെ. ഒന്നോ രണ്ടോ സംഭവങ്ങള്‍ വെച്ച് ഉത്തരേന്ത്യയിലെ പോലെയാണ് എന്ന് പറയുന്നത് ശരിയല്ല. പ്രത്യക്ഷമായ മര്‍ദ്ദനങ്ങളാണ് ഉത്തരേന്ത്യയില്‍ നടക്കുന്നത്. കേരളത്തില്‍ അങ്ങനെ നടക്കില്ലെന്നും ബാബുരാജ് പറയുന്നു

നവോത്ഥാനത്തിന്റെ തുടര്‍ച്ചയായി കീഴാള പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ശബ്ദത്തിന്റെ തുടര്‍ച്ചയിലാണ് ദളിത് രാഷ്ട്രീയം രൂപപ്പെട്ടിരിക്കുന്നത്. ദളിതരില്‍ കൂടുതലും കെ.പി.എം.എസ്, ബി.ആര്‍.ഡി.എസ്, സി.എസ്.ഡി.എസ് തുടങ്ങിയ സംഘടനകളിലാണ്. അവര്‍ ഇടത്‌വലത് മുന്നണികള്‍ക്ക് ഒപ്പം തന്നെയാണ്. അവര്‍ പരസ്പരം പ്രീണിപ്പിച്ച് കാര്യം നേടുകയാണ് ചെയ്യുന്നത്. അത് തുടരാനാണ് സാധ്യത. അതിനെ മറികടക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ല. പിന്നീട് ഉരുത്തിരിഞ്ഞ് വന്നാല്‍ ഈ സംഘടനകളും അവര്‍ക്കൊപ്പം നില്‍ക്കുമായിരിക്കും”.ബാബുരാജ് വിലയിരുത്തുന്നു.

എന്നാല്‍ തൃശ്ശൂരിലെ വിനായകന്റെയും അട്ടപ്പാടിയിലെ ആദിവാസി മധുവിന്റെയും കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരളത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ലെന്ന് ഒരുവിഭാഗം വാദിക്കുന്നത്.

“ദളിതനേയും ആദിവാസിയേയും തല്ലിക്കൊല്ലുന്ന സാഹചര്യം ഇന്ത്യയിലും കേരളത്തിലും ഉണ്ട്. ദളിതനും ആദിവാസിക്കും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യം ഇവിടെ ഉണ്ടാകും. കൂട്ടത്തോടെ കൊല ചെയ്യപ്പെട്ടേക്കാം. ഈ വിഭാഗം തുടച്ചു നീക്കപ്പെട്ടേക്കാം. അത്തരമൊരു സാഹചര്യത്തിലാണ് യോജിച്ച് പ്രവര്‍ത്തിക്കേണ്ടി വരുന്നത്. കാലാകാലങ്ങളില്‍ ഭരണം നടത്തിയ മുഖ്യധാര രാഷ്ട്രീയം ദളിതനെ അവഗണിച്ചത് കൊണ്ടാണ് അവരുടെ അവസ്ഥ ഇത്ര താഴേക്ക് പോയത്. ഇന്ത്യയിലെ പല ഭാഗങ്ങളിലും ദളിത് മുന്നേറ്റമുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കേരളത്തിലും സംഭവിക്കുന്നത്. ഹര്‍ത്താല്‍ പന്ത്രണ്ട് മണിക്കൂറിലേക്ക് മാത്രമുള്ള മുന്നേറ്റമല്ല. അത് സ്ഥായിയിട്ടുള്ളതാണ്. മുന്നേറ്റത്തിന് വേണ്ടിയുള്ള കൃത്യമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ട്”. സെലീന പ്രക്കാനം വാദിക്കുന്നു.

ഇക്കാര്യത്തില്‍ സമാനമായ നിലപാട് മൃദുല ദേവിയും സ്വീകരിക്കുന്നത്.

“ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി മാറാന്‍ ദളിത് രാഷ്ട്രീയത്തിന് കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് ഏറ്റവും സമ്മര്‍ദ്ദമുണ്ടാക്കുന്ന ഗ്രൂപ്പാണ് ദളിത് രാഷ്ട്രീയം. കേരളത്തിലും അതിനുള്ള സാധ്യത ഉയര്‍ന്നു വന്നിരിക്കുകയാണ് ഇപ്പോള്‍ നടത്തിയ ഹര്‍ത്താലിലൂടെ. ഇന്ത്യയിലെ ദളിത് മുന്നേറ്റങ്ങളില്‍ കേരളത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ജാതി പ്രശ്‌നങ്ങള്‍ ഇവിടെയില്ല എന്നതായിരുന്നു പൊതു ധാരണ.

ദളിതര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വികലമാക്കപ്പെട്ട രീതിയിലാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നത്. അതുകൊണ്ടാണ് ജാതി പ്രശ്‌നങ്ങളില്ലെന്ന് പൊതുജനം വിശ്വസിച്ചത്. എന്നാല്‍ വിവേചനം അനുഭവിച്ച ദളിതര്‍ സോഷ്യല്‍ മീഡിയയിലൂടെ ഒന്നിക്കുകയായിരുന്നു. ദളിതര്‍ എന്നതില്‍ ഒരുപാട് ഉപജാതികളുണ്ട്. വൈജാത്യങ്ങളുണ്ട്. ആചാരാനുഷ്ഠനങ്ങളില്‍ വ്യത്യാസമുണ്ട്. ഏത് ഉപജാതിയില്‍പ്പെട്ട ദളിതനും ഒരേ പ്രശ്‌നങ്ങളാണ് ഉള്ളത്. ദളിതരാണ് എന്ന പൊതു പ്രശ്‌നം പരിഹാരിക്കാനാണ് അവര്‍ ഒന്നിച്ചിരിക്കുന്നത്. വംശീയതയും ജാതീയതയുമാണ് ദളിതര്‍ നേരിടുന്ന പൊതു പ്രശ്‌നം. മൃദുല വിശദീകരിക്കുന്നു.

ജാതിയാല്‍ കിട്ടുന്ന സാമൂഹ്യ അന്തസ്സ് ഉള്ളവര്‍ക്ക് സാമ്പത്തികമില്ലാത്തതോ രാഷ്ട്രീയ സ്വാധീനമില്ലാത്തതോ പ്രശ്‌നമാകുന്നില്ല. ജാതീയമായും വംശീയമായും മുഖ്യധാരയില്ലാത്തവര്‍ ജാതിക്കറുപ്പിന്റെ പേരില്‍ എല്ലായിടത്തും നിന്നും അകറ്റി നിര്‍ത്തപ്പെടുന്നു. അഭാവവും അദൃശ്യവത്കരണവും പ്രധാന പ്രശ്‌നമാണ്. അത്തരമൊരു ജനത അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും സംഘടിക്കുകയും ചെയ്യുകയാണ്”. മൃദുല പറയുന്നു.

ദളിത് ഐക്യത്തെ സംഘപരിവാര്‍ ഹൈജാക്ക് ചെയ്യുമെന്ന വിമര്‍ശനങ്ങളെയും ഇവര്‍ തളളിക്കളയുന്നു.

“ഹൈന്ദവ രാഷ്ട്രീയത്തോടുള്ള യോജിപ്പ് കൊണ്ടല്ല സി.കെ ജാനുവിനെ പോലുള്ളവര്‍ ബി.ജെ.പിക്കൊപ്പം ചേരുന്നത്. ഒരുതരത്തില്‍ വില പേശുകയാണ്. നീക്കു പോക്കാണത്. ഇടത്‌വലത് പാര്‍ട്ടികളില്‍ നിന്ന് കാര്യം സാധിക്കാതെ വരുമ്പോള്‍ അധികാരമുള്ള മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് പ്രയോജനമുണ്ടാകുമോ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമോയെന്ന ശ്രമം. അത് താല്‍ക്കാലികമാണ്. വനവാസി കല്യാണ്‍ പോലുള്ള സംഘടനകളിലൂടെ സംഘപരിവാര്‍ ഹൈജാക്ക് ചെയ്തിട്ടുണ്ട്”. അജിത്ത് കുമാര്‍ പറയുന്നു.

സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള ദളിതരുടെ സമരത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകളിലേക്ക് എത്തിക്കുകയാണ് ആദ്യം വേണ്ടതെന്നാണ് കെ.കെ ബാബുരാജിന്റെ അഭിപ്രായം.
“ഹൈന്ദവ ഐക്യം എന്ന പ്രതീതിയുണ്ടാക്കിയും ശത്രുപക്ഷത്ത് മുസ്‌ലിങ്ങളെവെച്ചുമാണ് സംഘപരിവാര്‍ ഇപ്പോള്‍ അധികാരത്തിലെത്തിയത്. കപടമായ ഹിന്ദു ഐക്യമാണ് ഉണ്ടാക്കിയത്. സി.കെ ജാനുവിനെയും ബി.ഡി.ജെ.എസിനെയും കൂടെ കൂട്ടിയിട്ടും വാഗ്ദാനങ്ങള്‍ പാലിക്കാതെ അവരെ പറ്റിച്ചു. ദളിതര്‍ക്ക് പ്രത്യേകിച്ചും വാഗ്ദാനങ്ങള്‍ നല്‍കി. ഭൂപരിഷ്‌കരണം, സഹകരണമേഖലയില്‍ സംവരണം എന്നിങ്ങനെയുള്ളവ.

ഹിന്ദു സമൂഹത്തിലെ ജാതി വിഭാഗങ്ങളിലാണ് ആദ്യം പൊട്ടിത്തെറിയുണ്ടാകുക. കപട കൂടിച്ചേരലാണ് ഹിന്ദു ഐക്യം. അത്രമാത്രം സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലാണ് അതിജീവനത്തിന് വേണ്ടി ഇന്ത്യയില്‍ ഇപ്പോള്‍ ദളിത് മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നത്. ഭൂമിക്ക് വേണ്ടിയായിരുന്നില്ല ആ സമരങ്ങള്‍. വിവേചനത്തിനെതിരെയും ജാതിക്കെതിരെയുമാണ്.

സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സമരത്തെ വളരെ ലഘുവായിട്ട് കാണുന്നത് കൊണ്ടാണ് ഭൂമിക്ക് വേണ്ടിയുള്ള സമരമായി തെറ്റിദ്ധരിക്കുന്നത്. ഇത്തരം മുന്നേറ്റങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നോട്ട് പോകാന്‍ സാധ്യതയുണ്ട്”.
ദളിത് സംഘടനകള്‍ യോജിച്ച് സമ്മര്‍ദ്ദ ഗ്രൂപ്പായി മാറുകയാണ് ഇപ്പോള്‍ വേണ്ടതെന്നാണ് കെ.കെ.കൊച്ചും അഭിപ്രായപ്പെടുന്നത്.

“രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെങ്കില്‍ അതിന് പ്രത്യയശാസ്ത്രമൊക്കെ വേണം. ഒരു പ്രത്യേക ചരിത്ര ഘട്ടത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ദളിതരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കാനുള്ള ശ്രമം പലപ്പോഴായി നടന്നിട്ടുണ്ട്. അതൊക്കെ തോല്‍വി നേരിട്ടിട്ടുമുണ്ട്. എല്ലാ കാലത്തേയും ഭരണത്തോട് ദളിതര്‍ക്ക് അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്. ദളിതരല്ലാത്തവരുടെ താല്പര്യങ്ങളാണ് സര്‍ക്കാറുകള്‍ സംരക്ഷിക്കുന്നത്. അതിനോട് മൊത്തത്തിലുള്ള പ്രതികരണമാണ് ഹര്‍ത്താലില്‍ പ്രതിഫലിച്ചത്.” കൊച്ച് പറയുന്നു.

നേതാക്കളോ സംഘടനകളോ ഇല്ലാതെ തന്നെ ദീര്‍ഘകാലത്തെ അസമത്വം അനുഭവിച്ച് അതിനെ ചോദ്യം ചെയ്യാനുള്ള ദളിത് വിഭാഗം ഇവിടെ വളര്‍ന്നിട്ടുണ്ട്. അവര്‍ക്ക് സ്വയം വളരാനും ഒരു ബഹുജന പ്രസ്ഥാനത്തെ ഉണ്ടാക്കാനുമുള്ള കഴിവുണ്ട്”.

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കരുത്ത് തെളിയിക്കുകയും അതിന് തുടര്‍ച്ചയുണ്ടാകുകയും ചെയ്താല്‍ കേരളത്തിന്റെ രാഷ്ട്രീയസാമൂഹിക മണ്ഡലങ്ങളില്‍ പുതിയ ചലനത്തിന് കാരണമാകും.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.