കോവിഡ് 19 നെ പ്രതിരോധിക്കുന്നതിലും ജനങ്ങളുടെ അതിജീവനം സാധ്യമാക്കുന്നതിലും മുന്‍നിര മുതലാളിത്ത നാടുകള്‍ ദയനീയമായി പരാജയപ്പെടുകയാണെന്നാണ് ഓരോ ദിവസവും യുറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ അടിവരയിട്ട് പറയുന്നത്. വിപണിയുന്മുഖവും ലാഭപ്രചോദിതവുമായ വ്യവസ്ഥകള്‍ക്ക് മഹാമാരിയെ പ്രതിരോധിക്കാനാവശ്യമായ ആരോഗ്യ സാമൂഹ്യ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ കഴിയുന്നില്ല. അതതിന്റെ ജന്മസിദ്ധമായ പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്ക് തന്നെ നിപതിച്ചു കൊണ്ടേയിരിക്കുന്നു.
അങ്ങേയറ്റം വ്യക്തിയധിഷ്ഠിതമായ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ക്കോ സ്വകാര്യ സ്വത്തുടമസ്ഥതയിലധിഷ്ഠതമായ ഭരണകൂട സംവിധാനങ്ങള്‍ക്കോ അതിന്റെ ബ്യൂറോക്രസിക്കോ മഹാമാരി പോലെ ആപല്‍ക്കരമായ ഒരു സാഹചര്യത്തെ മാനേജ് ചെയ്യാന്‍ കഴിയില്ലെന്നതാണ് അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങളിലെ സംഭവഗതികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
മനുഷ്യനിലും അവരുടെ സാമൂഹ്യമായ അസ്ഥിത്വത്തിലും ഊന്നുന്ന, മനുഷ്യജീവനുകളെ വിലമതിക്കുന്ന വ്യവസ്ഥകള്‍ക്ക് മാത്രമെ കോവിഡിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും സമാശ്വാസകരമായ ഒരവസ്ഥ സൃഷ്ടിക്കാനും കഴിയുകയുള്ളൂവെന്നുമാണ് ചൈനയുടെയും ക്യൂബയുടെയും വിയറ്റ്‌നാമിന്റെയും നമ്മുടെ കേരളത്തിന്റെയും അനുഭവങ്ങള്‍ വ്യക്തമാക്കി തരുന്നത്. കോവിഡ് പ്രതിരോധത്തില്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ പ്രകടിപ്പിച്ച നേതൃത്വശക്തിയും ആസൂത്രണ വൈഭവവും ഏകോപനശേഷിയും ലോകാരോഗ്യ സംഘടനയുടെയും നിരവധി സാര്‍വ്വദേശീയ വൈറോളജിക്കല്‍ ഗവേഷണ ഏജന്‍സികളുടെയും കലവറയില്ലാത്ത അഭിനന്ദനങ്ങള്‍ പിടിച്ചു വാങ്ങിയിരിക്കുന്നു. അതാണല്ലോ ട്രംപിനെയും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളെയും പ്രകോപിതരാക്കിയത്.
സോഷ്യലിസ്റ്റ് നാടുകളിലെയും കേരളത്തിലെയും ഭരണാധികാരികള്‍ കാണിച്ച ഉത്തരവാദിത്വബോധവും തികഞ്ഞ ശാസ്ത്രബോധവും അപരിചിതമായ ഒരു രോഗാണുവിനെ പ്രതിരോധിക്കുന്നതിനാവശ്യമായ സമഗ്ര വീക്ഷണവും ആരോഗ്യ പ്രവര്‍ത്തകരിലും ജനങ്ങളിലും ആത്മവിശ്വാസവും പ്രതിരോധ ശ്രമങ്ങളില്‍ പങ്കാളിയാവാനുള്ള സന്നദ്ധതയും വളര്‍ത്തി.
ഇതില്‍ നിന്നും വ്യത്യസ്തമായ അങ്ങേയറ്റം കുറ്റകരമായ സമീപനമാണ് യുറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഭരണാധികാരികളില്‍ നിന്നുണ്ടായത്. അവരീ വൈറസിനെ അവഗണിക്കുകയും കോര്‍പ്പറേറ്റ് ചികിത്സാ സംവിധാനങ്ങളില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് വീമ്പിളക്കുകയുമായിരുന്നില്ലേ.
ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സാമൂഹ്യമായ പ്രതിരോധങ്ങളെ കുറിച്ച് ചിന്തിക്കാനോ ജനകീയമായ അതിജീവന പരിപാടികളാവിഷ്‌ക്കരിക്കാനോ അവര്‍ക്ക് കഴിഞ്ഞില്ല. കോര്‍പ്പറേറ്റുവല്‍ക്കരിച്ച ആരോഗ്യ സംവിധാനങ്ങളെയും മൂലധന താല്പര്യങ്ങള്‍ക്കപ്പുറം മനുഷ്യരെ കാണാന്‍ കഴിയാത്ത ഭരണ ഉദ്യോഗസ്ഥ സംവിധാനങ്ങളെയും ഉപയോഗിച്ച് സാമൂഹ്യമായൊരു പ്രതിരോധം അസാദ്ധ്യവുമായിരുന്നു.
ഭരണപരമായ വികേന്ദ്രീകരണവും ജനജീവിതത്തിന്റെ അടിത്തട്ടു വരെ എത്തുന്ന തദ്ദേശഭരണ സംവിധാനങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളുമാണ് സോഷ്യലിസ്റ്റ് നാടുകളുടെ വിജയകരമായ ഇടപെടലുകള്‍ക്ക് സഹായകരമായത്. കേരളത്തിന്റെ സമാശ്വാസകരമായ അവസ്ഥക്ക് സഹായകരമായതും പൊതുജനാരോഗ്യസംവിധാനങ്ങളെയും തദ്ദേശഭരണ സംവിധാനങ്ങളെയും കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ തുടങ്ങിയ ഇടപെടല്‍ ശേഷികളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്.
ഇതിനെല്ലാം പ്രചോദനവും ആശയപരമായ ഇന്ധനവും പകര്‍ന്നു നല്‍കിയത് ഇടതുപക്ഷ സോഷ്യലിസ്റ്റു പ്രസ്ഥാനങ്ങളുടെ സ്വാധീനവും സാന്നിധ്യവുമാണ്.
മനുഷ്യരെ എല്ലാറ്റിന്റെയും അടിസ്ഥാനമായി കാണുന്ന വിപണിയുടെയും ലാഭത്തിന്റെയും പ്രത്യയശാസ്ത്രങ്ങളെ നിരന്തരമായ പ്രതിരോധിക്കുന്ന അധ്വാനിക്കുന്നവരുടെ സംഘടിത രാഷ്ട്രീയത്തിന്റെയും ഇടപെടലുകളുടെയും സ്വധീനഫലം കൂടിയാണിത്. മുതലാളിത്തം മനുഷ്യരെ
ചരക്കു വല്‍ക്കരിക്കുകയും അപമാനവീകരിക്കുകയും ചെയ്യുന്ന വ്യവസ്ഥയാണ്. മറ്റു ഉല്പന്നങ്ങളെ പോലെ വിപണനം ചെയ്യാന്‍ പറ്റുന്ന ആത്മ ശൂന്യമായ ഒരു ഉല്പന്നമാത്രമാണ്് മുതലാളിത്തത്തിന് മനുഷ്യര്‍.
രക്തവും മാംസവുള്ള അധ്വാനമെന്ന ചരക്ക്. പണത്തിനും ലാഭത്തിനും വേണ്ടി കഴുത്തറപ്പന്‍ മത്സരത്തിലേര്‍പ്പെടുന്ന ഒരു വ്യവസ്ഥക്ക് മഹാമാരികളും മരണങ്ങളുമൊന്നും മനസ്സലിയിക്കുന്നതോ അസ്വസ്ഥകരമായോ അനുഭവപ്പെടില്ല. വളര്‍ച്ചയുടെയും വികസനത്തിന്റെ സൂചികകളിലാണ് അതിന്റെകണ്ണ് എപ്പോഴും. മനുഷ്യത്വമോ സഹജീവി സ്‌നേഹമോയല്ല ലാഭമാണ് അതിനെ നയിക്കുന്നത്.
അതില്‍ നിന്നും വ്യത്യസ്തവും സാമൂഹ്യ ഉന്മുഖവുമായ, സ്റ്റേറ്റിടപെടലിന്റെയും സാമൂഹൃനിയന്ത്രണത്തിലധിഷ്ഠിതവുമായ സോഷ്യലിസ്റ്റു സമീപനങ്ങളടെയും പ്രസക്തിയാണ് കോവിഡ് അനുഭവങ്ങള്‍ വ്യക്തമാക്കിത്തരുന്നത്. ആ ഒരു തിരിച്ചറിവ് എന്തുകൊണ്ട് ലോകമിന്ന് നേടണമെന്നതാണ് മഹാമാരി നല്‍കുന്ന വലിയ പാഠവും.
ഷീ ജിന്‍ പിങ്ങിന്റെ വാക്കുകള്‍ നോക്കാം;
‘ഒരു സുപ്രധാന ലക്ഷ്യം നേടിയെടുക്കുന്നതിനായി വിഭവങ്ങളെയാകെ സമാഹരിക്കാന്‍ പ്രാപ്തമാക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് ഞങ്ങളുടെ മഹത്തായ കരുത്ത്. അമേരിക്കയുടെ ആളോഹരി വരുമാനത്തിന്റെ 20 ശതമാനത്തില്‍ താഴെ നില്‍ക്കുന്ന ജി.ഡി.പി മാത്രമാണ് ചൈനയ്ക്ക് ഉള്ളത്. എന്നിട്ടും ജനസംഖ്യയുടെ 0.01 മാത്രമാക്കി കോവിഡ് വ്യാപനം തടയാന്‍ ചൈനയ്ക്കുകഴിഞ്ഞു. ഇത് കാണിക്കുന്നത് അന്തിമ വിശകലനത്തില്‍ ആരാണ് ഭരണകൂടത്തെ നിയന്ത്രിക്കുന്നത്, ഏത് വര്‍ഗ ഭരണം ആണ് നിലവിലുള്ളത് എന്നതുതന്നെയാണ് ഏറ്റവും പ്രസക്തം എന്നാണ്.
ബൂര്‍ഷ്വാ ഭരണത്തിന്‍കീഴില്‍ ചാലകശക്തി ആവുന്നത് ലാഭ സൂചിക ആണെങ്കില്‍ തൊഴിലാളി വര്‍ഗ്ഗ ഭരണത്തിനു കീഴില്‍ സാമൂഹികമായ ഉത്തരവാദിത്വത്തിനാണ് മുന്‍ഗണന നല്‍കുക. ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യസമര പോരാളിയും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന ക്രിസ് ഹാനി പറഞ്ഞതുപോലെ ‘സോഷ്യലിസം എന്നത് വലിയ സങ്കല്പനങ്ങളോ വലിയ സിദ്ധാന്തങ്ങളോ ഒന്നുമല്ല. അത് ഭവനരഹിതര്‍ക്ക് അന്തസ്സായ താമസ സൗകര്യം ഒരുക്കലാണ്; സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ലാത്തവര്‍ക്ക് അത് ഉറപ്പാക്കല്‍ ആണ്; ആരോഗ്യ സുരക്ഷ നല്‍കലാണ്; പ്രായമായവര്‍ക്ക് അന്തസായ ജീവിതം നല്‍കലാണ്; അത് നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വന്‍ വിടവ് നികത്തലാണ്; അത് നമ്മുടെ ജനതയ്ക്ക് ആകെ അന്തസ്സായ വിദ്യാഭ്യാസം നല്‍കലാണ്.’ ലാഭാധിഷ്ഠിതമായി ആരോഗ്യരംഗത്തെപ്പോലും കാണുന്നതു കൊണ്ടാണ് പതിനായിരങ്ങള്‍ ചികിത്സ കിട്ടാതെ മരിക്കുന്ന അമേരിക്കയും ബ്രിട്ടനും ഇറ്റലിയും സ്പെയിനും ഫ്രാന്‍സും ഒക്കെ രൂപം കൊണ്ടത്. ആ വ്യവസ്ഥ തുടര്‍ന്നു നിലനില്‍ക്കണമോ എന്ന് കോവിഡ് അനന്തര കാലത്തെ ലോകജനത തീരുമാനിക്കും.’
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക