ന്യൂദല്‍ഹി: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ സംസാരിക്കുകയും നടക്കുകയും ചെയ്യുന്ന കമ്പ്യൂട്ടര്‍ വികസിപ്പിക്കാന്‍ പോകുന്നത് സംസ്‌കൃതം ഉപയോഗിച്ചാണെന്ന് മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിശാങ്ക്. സംസ്‌കൃതം ശാസ്ത്രീയ ഭാഷയാണെന്നും മന്ത്രി പറഞ്ഞു.
ഐ.ഐ.ടി മുംബൈയില്‍ നടന്ന ബിരുദദാന ചടങ്ങിലാണ് മന്ത്രിയുടെ ശാസ്ത്രീയ വിശദീകരണം. ‘ഭാവിയില്‍ നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുക്കുക സംസ്‌കൃതത്തിന്റെ സഹായത്തോടെയായിരിക്കും. സംസ്‌കൃതം ഒരു ശാസ്ത്രീയ ഭാഷയാണെന്നും അതില്‍ വാക്കുകള്‍ സംസാരിക്കുന്ന രീതിയില്‍ തന്നെ എഴുതപ്പെട്ടിട്ടുണ്ടെന്നുമാണ് നാസ പറയുന്നത്.’- മന്ത്രി പറഞ്ഞു.
‘ആരാണ് ആറ്റവും മോളിക്യൂളുകളും കണ്ടെത്തിയത്? ആറ്റങ്ങളും മോളിക്യൂളുകളും കണ്ടുപിടിച്ചത് ചരക ഋഷിയാണ്’ മന്ത്രി പറഞ്ഞു.
2024ലോടെ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രമാക്കി ഇന്ത്യയെ വളര്‍ത്താനുള്ള പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌ക്കരിക്കുന്നുണ്ടെന്നും ആ ലക്ഷ്യം നേടാന്‍ ഐ.ഐ.ടികള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
ക്യു.എസ് ലോക സര്‍വകലാശാലാ റാങ്കിംഗില്‍ മികച്ച 200 റാങ്കുകളില്‍ ഇടം നേടിയതിന് ഐ.ഐ.ടി മുംബൈയെ അഭിനന്ദിച്ച പൊഖ്രിയാല്‍ വിദ്യാര്‍ഥികളോട് ഉയര്‍ന്ന ലക്ഷ്യം നേടാന്‍ ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ ശേഷി വര്‍ദ്ധിപ്പിക്കുന്നതുപോലുള്ള വികസന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിലും ഐ.ഐ.ടി മുംബൈക്ക് സുപ്രധാന സംഭാവന നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇപ്പോള്‍ ലോകത്തെ പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.