കാഞ്ഞങ്ങാട്: യൂത്ത് ലീഗിന്റെ മണിപ്പൂര്‍ ഐകദാര്‍ഢ്യ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതായി അറിച്ച് പൊലീസ്.
കാസര്‍കോഡ് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ ആറ് കേസുകള്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഗ്രൂപ്പുകളില്‍ വിദ്വേഷ മെസേജുകള്‍ പ്രചരിക്കുന്നത് കണ്ടാല്‍ അഡ്മിന്‍മാരെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.
‘ഈ സംഭവത്തിന് പിന്നാലെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ് ചെയ്തവര്‍,
ഷെയര്‍ ചെയ്തവര്‍, ലൈക്ക് ചെയ്തവര്‍, മോശമായ കമന്റുകള്‍ ഇട്ടവര്‍ എല്ലാം ഇതിലുണ്ട്.
വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം വഴിയുള്ള പ്രചരണങ്ങളൊക്കെ 24 മണിക്കൂറും പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് നിരീക്ഷിക്കുന്നുണ്ട്,’ സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ പി. നാരയണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടയില്‍, മുദ്രാവാക്യം വിളിച്ച് നല്‍കിയ അബ്ദുല്‍ സലാമിനെ കൂടൂതല്‍ ചോദ്യം ചെയ്യാനായി ഇന്ന് കസ്റ്റഡിയില്‍ വാങ്ങാന്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ പൊലീസ്
അന്വേഷണ സംഘം അപേക്ഷ നല്‍കി.
അതേസമയം, റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച് നല്‍കിയ 18 വയസുകാരന്‍ അബ്ദുല്‍ സലാം അടക്കം അറസ്റ്റിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന റാലിയില്‍ ബുധനാഴ്ച തന്നെ നടപടിയുണ്ടായിരുന്നു. മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകനെ യൂത്ത് ലീഗ് സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
Content Highlight: Further Police steps in hate slogans during Manipur unity rally of Youth League