| Monday, 8th April 2024, 10:12 pm

ഓസ്‌കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആക്ഷന്‍ ചിത്രം; മാഡ് മാക്‌സ് ആരാധകര്‍ക്ക് സര്‍പ്രൈസ് പോസ്റ്ററുമായി ഫ്യൂരിയോസ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2015ല്‍ പുറത്തിറങ്ങി വലിയ വിജയമായ പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ആക്ഷന്‍ ചിത്രമായിരുന്നു മാഡ് മാക്‌സ്: ഫ്യൂറി റോഡ്. മാഡ് മാക്‌സ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമായിരുന്നു ഇത്.

ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടോം ഹാര്‍ഡി, ചാര്‍ലിസ് തെറോണ്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 380 മില്യണില്‍ അധികം കളക്ഷന്‍ നേടിയ ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മാഡ് മാക്‌സ് ചിത്രമാണ്. ഓസ്‌കറില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടാനും ഈ ചിത്രത്തിന് സാധിച്ചിരുന്നു.

മാഡ് മാക്‌സ്: ഫ്യൂറി റോഡിന്റെ വരാനിരിക്കുന്ന പ്രീക്വലാണ് ഫ്യൂരിയോസ: എ മാഡ് മാക്‌സ് സാഗ. ഫ്യൂറി റോഡിലെ മുഖ്യകഥാപാത്രമായ ഫ്യൂരിയോസയുടെ യഥാര്‍ത്ഥ കഥയുമായാണ് ഈ ചിത്രമെത്തുന്നത്.

2024 മെയ് 24ന് റിലീസിന് എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചാര്‍ലിസ് തെറോണ്‍ ആയിരുന്നു ഫ്യൂരിയോസയെ അവതരിപ്പിച്ചിരുന്നത്. എ മാഡ് മാക്‌സ് സാഗയില്‍ അനിയ ടെയ്ലര്‍ ജോയ്‌യാണ് ഫ്യൂരിയോസയുടെ ചെറുപ്പം അവതരിപ്പിക്കുന്നത്.

മാര്‍വല്‍ ചിത്രങ്ങളിലെ തോറായി സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ട ക്രിസ് ഹെംസ്വര്‍ത്ത് ആണ് ചിത്രത്തില്‍ വാര്‍ലോര്‍ഡ് ഡിമെന്റസ് എന്ന വില്ലന്‍ കഥാപാത്രമായി എത്തുന്നത്. പുറത്തുവിട്ട പോസ്റ്ററില്‍ ഫ്യൂരിയോസയെയും വാര്‍ലോര്‍ഡ് ഡിമെന്റസിനെയുമാണ് കാണിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത് മുതല്‍ തന്നെ ഫ്യൂരിയോസ: എ മാഡ് മാക്‌സ് സാഗക്കുള്ള കാത്തിരിപ്പിലായിരുന്നു മാഡ് മാക്‌സ് ആരാധകര്‍. ഫ്യൂറി റോഡിനെ പോലെ തന്നെ ഒരു ആക്ഷന്‍ പാക്ക്ഡ് ചിത്രമാകും എ മാഡ് മാക്‌സ് സാഗയെന്ന് ഉറപ്പാണ്.


Content Highlight: Furiosa: A Mad Max Saga New Poster Out Now

We use cookies to give you the best possible experience. Learn more