| Monday, 6th March 2023, 10:32 pm

ഒന്നാഘോഷിച്ചതാ, സംഭവം കയ്യീന്ന് പോയി; സ്വയം നാണംകെട്ട് സ്‌റ്റേഡിയത്തെ ഒന്നാകെ ചിരിപ്പിച്ച് പാക് സൂപ്പര്‍ താരം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇസ്‌ലമാബാദ് യുണൈറ്റഡ് ക്വേറ്റ ഗ്ലാഡിയേറ്റ്‌ഴേസിനെ പരാജയപ്പെടുത്തിയിരുന്നു. ഗ്ലാഡിയേറ്റേഴ്‌സ് ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റും മൂന്ന് പന്തും ബാക്കിനില്‍ക്കെ യുണൈറ്റഡ് മറികടക്കുകയായിരുന്നു.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇസ്‌ലമാബാദ് നായകന്‍ ഷദാബ് ഖാന്റെ തീരുമാനം ശരിവെക്കുന്ന കാഴ്ചയായിരുന്നു പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കണ്ടത്. മൂന്ന് റണ്‍സിന് വില്‍ സ്മീഡിനെ നഷ്ടമായ ഗ്ലാഡിയേറ്റേഴ്‌സിന് 17 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും നാല് വിക്കറ്റ് നഷ്ടമായി.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ മുഹമ്മദ് നവാസും നജിബുള്ള സദ്രാനും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 44 പന്തില്‍ നിന്നും 52 റണ്‍സ് നേടിയ നവാസും 59 റണ്‍സ് നേടിയ സദ്രാനും ചേര്‍ന്ന് 104 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്.

ഏഴാമനായി ഇറങ്ങി 14 പന്തില്‍ നിന്നും അഞ്ച് സിക്‌സറും രണ്ട് ബൗണ്ടറിയുമടക്കം 43 റണ്‍സ് നേടിയ ഉമര്‍ അക്മലും തകര്‍ത്തടിച്ചതോടെ ഗ്ലാഡിയേറ്റേഴ്‌സ് 179 റണ്‍സിലേക്കുയര്‍ന്നു.

ഗ്ലാഡിയേറ്റേഴ്‌സ് ഇന്നിങ്‌സിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പാക് സൂപ്പര്‍ താരം ഹസന്‍ അലിയുടെ സ്‌നേഹപ്രകടനം കൈവിട്ടുപോയതിന്റെ വീഡിയോ ആണ് വൈറലാവുന്നത്.

മത്സരത്തിനിടെ വിക്കറ്റ് കീപ്പറായ അസം ഖാന്റെ ചുമലിലേക്ക് ചാടി കയറാന്‍ ശ്രമിച്ച ഹസന്‍ അലി താഴെ വീഴുകയായിരുന്നു. ആഘോഷം കയ്യീന്ന് പോയപ്പോള്‍ സ്‌റ്റേഡിയത്തിലെ എല്ലാവര്‍ക്കും ചിരിക്ക് വകയായി. സംഭവത്തിന്റെ വീഡിയോ വൈറലാണ്.

180 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ യുണൈറ്റഡ് കോളിന്‍ മണ്‍റോയുടെയും അസം ഖാന്റെയും ഫഹീം അഷ്‌റഫിന്റെയും ബാറ്റിങ് കരുത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയും നാല് സിക്‌സറുമുള്‍പ്പെടെ മണ്‍റോ 63 റണ്‍സ് നേടിയപ്പോള്‍. അസം ഖാന്‍ 35 റണ്‍സും ഫഹീം 39 റണ്‍സും നേടി.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും യുണൈറ്റഡിനായി. ചൊവ്വാഴ്ചയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. മുള്‍ട്ടാന്‍ സുല്‍ത്താന്‍സാണ് എതിരാളികള്‍.

Content highlight: Funny video of Hasan Ali goes viral

We use cookies to give you the best possible experience. Learn more