| Monday, 5th June 2023, 9:18 am

ആഹാ കൊള്ളാലോ 🤩 🤩; ഇതുപോലെ ഒരു വെറൈറ്റി സ്റ്റംപിങ് ധോണിയോ സംഗയോ ഗില്ലിയോ പോലും ചെയ്തിട്ടുണ്ടാവില്ല

സ്പോര്‍ട്സ് ഡെസ്‌ക്

വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ സസക്‌സിന് തോല്‍വി. സതാംപ്ടണിലെ റോസ് ബൗളില്‍ നടന്ന മത്സരത്തില്‍ ഹാംഷെയറാണ് സസക്‌സിനെ തോല്‍പിച്ചത്. പത്ത് വിക്കറ്റിനായിരുന്നു ഹാംഷയറിന്റെ വിജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സസക്‌സ് 18.5 ഓവറില്‍ 144ന് പുറത്തായി. ടീമിന്റെ ടോപ് ഓര്‍ഡറിനും മിഡില്‍ ഓര്‍ഡറിനും വേണ്ട പോലെ തിളങ്ങാന്‍ സാധിക്കാതെ പോയതോടെയാണ് സസക്‌സ് തോല്‍വിയേറ്റുവാങ്ങിയത്.

ടീം സ്‌കോര്‍ 25ല്‍ നില്‍ക്കവെയാണ് സസക്‌സിന്റെ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ടി.ജെ. ഹൈന്‍സിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. എട്ട് പന്തില്‍ നിന്നും ഒമ്പത് റണ്‍സുമായി നില്‍ക്കവെ ക്രിസ് വുഡിന്റെ പന്തില്‍ ജെ.ജെ വെതെര്‍ലിക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ക്യാപ്റ്റന്‍ അല്‍സോപ്പിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മൂന്ന് പന്തില്‍ നിന്നും മൂന്ന് റണ്‍സുമായി അല്‍സോപ്പും മടങ്ങി.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഓപ്പണര്‍ ടോം ക്ലാര്‍ക്ക് റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 64ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി ക്ലാര്‍ക്കും മടങ്ങി. 25 പന്തില്‍ നിന്നും 36 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ആറാം നമ്പറായി ക്രീസിലെത്തിയ മൈക്കല്‍ ബര്‍ഗസും വളരെ പെട്ടെന്ന് മടങ്ങിയിരുന്നു. മൂന്ന് പന്തില്‍ നിന്നും മൂന്ന് റണ്‍സുമായി നില്‍ക്കവെയാണ് ബര്‍ഗസ് മടങ്ങിയത്.

എല്‍.എ ഡോവ്‌സണിന്റെ പന്തില്‍ സ്റ്റംപിങ്ങിലൂടെയാണ് താരം പുറത്താകുന്നത്. ബര്‍ഗസിനെ പുറത്താക്കിയ ഹാംഷെയര്‍ വിക്കറ്റ് കീപ്പര്‍ മക്ഡര്‍മോര്‍ട്ടിന്റെ വീഡിയോ ആണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.

ഡോവ്‌സണിന്റെ പന്തില്‍ സ്റ്റെപ് ഔട്ട് ഷോട്ട് കളിക്കാന്‍ ശ്രമിച്ച ബര്‍ഗസിന് പിഴക്കുകയായിരുന്നു. ബര്‍ഗസ് ബീറ്റണാവുകയും ഒരു സ്റ്റംപിങ് ചാന്‍സ് സൃഷ്ടിക്കപ്പെടുകയും ചെയ്തു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ മക്ഡര്‍മോര്‍ട്ടിന് പന്ത് കൃത്യമായി കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല. ഇതോടെ ബര്‍ഗസ് രക്ഷപ്പെടുമെന്ന് ഒരു നിമിഷം സസക്‌സ് ആരാധകര്‍ ചിന്തിച്ചു.

മക്ഡര്‍മോര്‍ട്ടിന്റെ ദേഹത്തായിരുന്നു പന്ത് വന്ന് കൊണ്ടത്. അത് ചെന്ന് വീണതാകട്ടെ വിക്കറ്റിന് മേലെയും. ഇതെല്ലാം ഒരു ഫ്രാക്ഷന്‍ ഓഫ് എ സെക്കന്‍ഡിനുള്ളില്‍ സംഭവിച്ചപ്പോള്‍ ബര്‍ഗസിന് തലകുനിച്ച് മടങ്ങേണ്ടി വരികയായിരുന്നു.

പിന്നാലെയെത്തിയവരില്‍ എഫ്.ജെ. ഹഡ്‌സണ്‍ മാത്രം ചെറുത്തുനിന്നപ്പോള്‍ പൊുതാവുന്ന സ്‌കോറിലേക്ക് സസക്‌സ് എത്തി. 16 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ പുറത്താകാതെ 31 റണ്‍സാണ് താരം നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹാംഷെയര്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 14.5 ഓവറിവല്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 51 പന്തില്‍ നിന്നും 69 റണ്‍സ് നേടിയ മക്‌ഡെര്‍മോര്‍ട്ടും 39 പന്തില്‍ നിന്നും 71 റണ്‍സ് നേടിയ ജെയിംസ് വിന്‍സുമാണ് ഹാംഷെയറിന്റെ വിജയശില്‍പികള്‍.

Content highlight: Funny stumping in Vitality Blast

We use cookies to give you the best possible experience. Learn more