ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യയെ സംബന്ധിച്ച് അത്രകണ്ട് മികച്ചതായിരുന്നില്ല. 152 റണ്‍സിന് മൂന്ന് എന്ന നിലയില്‍ നിന്നും 245 ഓള്‍ ഔട്ടിലേക്കായിരുന്നു ഇന്ത്യ വീണുപോയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടാവട്ടെ, ഹോം അഡ്വാന്റേജ് മുതലെടുത്ത് മികച്ച പ്രകടനമാണ് പുറത്തെുക്കുന്നതും. അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര സമനിലയിലാക്കാനുള്ള പദ്ധതിയാണ് ഇംഗ്ലണ്ട് ആവിഷ്‌കരിച്ചിരിക്കുന്നത്.
മികച്ച രീതിയില്‍ കളിച്ചുകൊണ്ടിരിക്കെ ഇംഗ്ലണ്ട് താരം അലക്‌സ് ലീസിന്റെ റണ്‍ ഔട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ആദ്യ ഇന്നിങ്‌സില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഴിയാതിരുന്ന താരം അര്‍ധ സെഞ്ച്വറി നേടിയാണ് കളം വിട്ടത്.
ടീം അംഗങ്ങള്‍ തമ്മിലുള്ള മിസ് കമ്മ്യൂണിക്കേഷന്റെ ഭാഗമായാണ് ലീസിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്. നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ച ലീസിനെ ഔട്ടാക്കിയതാവട്ടെ സഹതാരം ജോ റൂട്ടും.
ഇന്ത്യയെ സംബന്ധിച്ച് അതൊരു ബോണസ് വിക്കറ്റായിരുന്നു. ജഡേജയുടെ പന്ത് ഓഫ് സൈഡിലേക്ക് പുഷ് ചെയ്യാനായിരുന്നു ലീസിന്റെ ശ്രമം. എന്നാല്‍ പന്ത് ടേണ്‍ ചെയ്യുകയും ഇന്‍സൈഡ് എഡ്ജായി ഷോര്‍ട്ട് ഫൈനിലേക്ക് പോവുകയും ചെയ്തു.
ഇതുകണ്ട റൂട്ട് സിംഗിളിനായി ഓട്ടം തുടങ്ങി. എന്നാല്‍ ലീസ് ഓടാനുള്ള കാര്യം തന്നെ മറന്നുപോവുകയായിരുന്നു. പെട്ടെന്ന് കാര്യം മനസിലാക്കി ഓട്ടം തുടങ്ങിയെങ്കിലും ഏറെ വൈകിയിരുന്നു.
മുഹമ്മദ് ഷമി പന്ത് കൈക്കലാക്കി ജഡേജയ്ക്ക് നല്‍കുമ്പോള്‍ വിക്കറ്റിന്റെ ഏഴയലത്ത് പോലും ലീസ് ഉണ്ടായിരുന്നില്ല. ഒടുവില്‍ 65 പന്തില്‍ നിന്നും 56 റണ്‍സുമായി ലീസ് മടങ്ങി.
വിക്കറ്റിന് ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ആഹ്ലാദപ്രകടനമായിരുന്നു ഏറ്റവും വലിയ ഹൈലൈറ്റ്.
വിക്കറ്റൊന്നും പോവാതെ 107 റണ്‍സ് എന്ന നിലയില്‍ നിന്നും 109 ന് 3 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീഴുകയായിരുന്നു.
അതേസമയം, അവസാന ദിവസം ഇംഗ്ലണ്ടിന് ജയിക്കാന്‍ 100 ഓവറില്‍ നിന്നും 119 റണ്‍സാണ് വേണ്ടത്. ബാക്കിയുള്ള ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാലാണ് ഇന്ത്യയ്ക്ക് ജയിക്കാനാവുക.
നിലവില്‍ ഇന്‍ ഫോം ബാറ്റര്‍മാരായ ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍. 112 പന്തില്‍ നിന്നും 76 റണ്‍സുമായി റൂട്ടും 87 പന്തില്‍ നിന്നും 72 റണ്‍സുമായി ബെയര്‍സ്‌റ്റോയും ശക്തമായ നിലയിലാണ് തുടരുന്നത്.
Content Highlight: Funny runout of Alex Lees in India – England 5th Test