| Wednesday, 11th May 2022, 6:56 pm

വിരാട് കോഹ്‌ലി ലോസ്റ്റ് ഹിസ് ഫോം, ഇയ്യാ ഇയ്യാ ഓ; വിരാടിനെ എയറില്‍ കയറ്റിയ നേഴ്‌സറി ഗാനവുമായി ആര്‍.സി.ബി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലിക്കിത് നല്ല കാലമല്ല. ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരനില്‍ നിന്ന് ഇത്തരത്തിലൊരു പ്രകടനം ആരാധകര്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

ക്യാപ്റ്റന്റെ ചുമതലകളില്‍ നിന്നും മാറിനിന്നതിന് പിന്നാലെ സമ്മര്‍ദ്ദമേതുമില്ലാതെ താരത്തിന് കളിക്കാന്‍ സാധിക്കുമെന്നും 2016ലെ പ്രകടനം ആവര്‍ത്തിക്കുമെന്നുമാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിക്കുന്നതായിരുന്നു താരത്തിന്റെപ്രകടനം.

താരം തന്റെ മോശം ഫോം തുടരുന്നതിനിടെ സ്വന്തം ടീം തന്നെ വിരാടിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ്. ടീമിന്റെ മാസ്‌കോട്ടിലൊരാളും നോഗ്‌രാജ് എന്ന ഗിമ്മിക്കിലൂടെ പ്രസിദ്ധനുമായ ഡാനിഷ് സെയ്തിനൊപ്പം നടത്തിയ ഇന്റര്‍വ്യൂവിലാണ് താരം വിരാടിനെ എയറില്‍ കയറ്റിയ നേഴ്‌സറി ഗാനം പാടിയത്.

ഇന്റര്‍വ്യൂ ആര്‍.സി.ബി തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ടെന്നതാണ് രസകരമായ മറ്റൊരു ഗാനം.

ഒരു നേഴ്‌സറി പാട്ടുണ്ടെന്നും അത് പാടാമെന്നും പറഞ്ഞാണ് നാഗ്‌സ്‌ (ഡാനിഷ് സെയ്ത്) ഓ മെക് ഡോണള്‍ഡ്‌സ് എന്ന പാട്ട് പാടുന്നത്. പാട്ടിന്റെ ആദ്യ വരി പാടുകയും അതിന്റെ കോറസ്സായ ഇയ്യാ ഇയ്യാ ഓ പാടുവാന്‍ താരത്തോടാവശ്യപ്പെടുകയുമനായിരുന്നു.

ഓ മെക് ഡോണള്‍ഡ്‌സ് ഹാഡ് എ ഫാം എന്ന് മിസ്റ്റര്‍ നാഗ്‌സ്‌ പാടുകയും വിരാട് ഇയ്യാ ഇയ്യാ ഓ പാടുകയും ചെയ്തിരുന്നു. എന്നാല്‍ പാട്ടിന്റെ അടുത്ത വരിയായി വിരാട് കോഹ്‌ലി ലോസ്റ്റ് ഹിസ് ഫോം എന്നായിരുന്നു ഡാനിഷ് പാടിയത്. ഇതുകേട്ട വിരാട് സ്വയം മറന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു.

താങ്കള്‍ താറാവിനെ വളര്‍ത്തുന്നുണ്ടോ എന്നും ടി.വിയില്‍ താങ്കള്‍ക്ക് രണ്ട് ഡക്കിനെ കിട്ടിയതായും കണ്ടല്ലോ എന്നും അഭിമുഖത്തിനിടെ നാഗ്‌സ്‌ ചോദിച്ചിരുന്നു. ടൂര്‍ണമെന്റില്‍ മൂന്ന് തവണ ഡക്കായതിനെ കുറിച്ചായിരുന്നു അദ്ദേഹം പരാമര്‍ശിച്ചത്.

രസകരമായ ഒട്ടേറെ സംഭവങ്ങളും അഭിമുഖത്തിലുണ്ടായിരുന്നു.

വരാനിരിക്കുന്ന മത്സരങ്ങള്‍ വിജയിച്ച് പ്ലേ ഓഫില്‍ പ്രവേശിക്കുക എന്നതാണ് റോയല്‍ ചാലഞ്ചേഴ്‌സിന്റെ ലക്ഷ്യം. നിലവില്‍ 12 മത്സരത്തില്‍ നിന്നും 7 ജയവുമായി പോയിന്റ് പട്ടികയില്‍ നാലാമതാണ് ബെംഗളൂരു.

പോയിന്റ് പട്ടികയില്‍ എട്ടാമതുള്ള പഞ്ചാബ് കിംഗ്‌സുമായാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ടൂര്‍ണമെന്റില്‍ നിന്നും ഏറെക്കുറെ പുറത്തായ കിംഗ്‌സിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല, എന്നാല്‍ ആര്‍.സി.ബിയുടെ പ്ലേ ഓഫ് മോഹങ്ങളില്‍ കരിനിഴല്‍ വീഴ്ത്താന്‍ അവര്‍ക്കാകും.

അതുകൊണ്ടുതന്നെ അടുത്ത മത്സരം ആധികാരികമായി തന്നെ ജയിച്ച് പ്ലേ ഓഫ് സജീവമാക്കാനാവും ആര്‍.സി.ബി ശ്രമിക്കുന്നത്.

Content Highlight: Funny Nursery Rhyme about Virat Kohli

We use cookies to give you the best possible experience. Learn more