Sports News
ആശാനേ എന്താ അതിന്റെ ട്രിക്ക്? പന്തിന്റെ രഹസ്യത്തിന് പിന്നാലെ ഷഹീന്‍ അഫ്രിദി
സ്പോര്‍ട്സ് ഡെസ്‌ക്
2022 Aug 26, 08:45 am
Friday, 26th August 2022, 2:15 pm

2022 ഏഷ്യാ കപ്പിന് മണിക്കൂറുകള്‍ മാത്രമണ് ശേഷിക്കുന്നത്. ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരെ തെരഞ്ഞെടുക്കുന്നത് കാണാന്‍ ക്രിക്കറ്റ് ലോകമൊന്നാകെ യു.എ.ഇയിലേക്ക് കണ്ണും നട്ടിരിപ്പാണ്.

ഓഗസ്റ്റ് 27ന് അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ നേരിട്ടാണ് 2022 ഏഷ്യാ കപ്പിന് തുടക്കം കുറിക്കുന്നത്. ഓഗസ്റ്റ് 28നാണ് ക്രിക്കറ്റ് ലോകമൊന്നാകെ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടക്കുന്നത്.

ഇതിനിടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുന്നത്. ഇന്ത്യ – പാക് താരങ്ങള്‍ പരസ്പരം സംസാരിക്കുന്നതിന്റെയും സൗഹൃദം പങ്കുവെക്കുന്നതിന്റെയും വീഡിയോ ആണ് ഇപ്പേള്‍ വൈറലാവുന്നത്.

ശ്രീലങ്കയുമായി നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം പാകിസ്ഥാന്റെ ഫൈവ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദി സ്‌ക്വാഡില്‍ നിന്നും പുറത്തായിരുന്നു. അദ്ദേഹത്തിന്റെ അഭാവം പാക് ബൗളിങ്ങിനെ സാരമായി ബാധിക്കുമെന്നതില്‍ ഒരു സംശയവുമില്ല.

എന്നിരുന്നാലും അദ്ദേഹം പാകിസ്ഥാന്‍ ടീമിനൊപ്പം യു.എ.ഇയില്‍ എത്തിയിട്ടുണ്ട്. പ്രാക്ടീസിനിറങ്ങിയ യുസ്വേന്ദ്ര ചഹല്‍, മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, റിഷഭ് പന്ത്, കെ.എല്‍. രാഹുല്‍ എന്നിവരോട് ഷഹീന്‍ സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്.

എല്ലാവരോടും താരം സംസാരിച്ചെങ്കിലും റിഷബ് പന്തിനൊപ്പമുള്ള ഇന്ററാക്ഷനായിരുന്നു ഏറ്റവും രസകരം. പന്തിന്റെ ഐക്കോണിക് വണ്‍ ഹാന്‍ഡഡ് സിക്‌സര്‍ എങ്ങനെയാണ് തനിക്ക് കളിക്കാനാവുക എന്നായിരുന്നു ഷഹീന് അറിയേണ്ടിയിരുന്നത്.

‘മനുഷ്യാ, ഞാന്‍ ചിന്തിക്കുകയായിരുന്നു നിങ്ങളെപ്പോലെ ഒറ്റക്കൈ കൊണ്ട് എങ്ങനെയാണ് സിക്സറുകള്‍ അടിക്കുക,’ എന്നായിരുന്നു ഷഹീന്‍ ചിരിച്ചുകൊണ്ട് ചോദിച്ചത്

‘നിങ്ങള്‍ പരിശ്രമിക്കണം, സര്‍! അത് നിര്‍ബന്ധമാണ്.’ എന്നായിരുന്നു പന്തിന്റെ മറുപടി.

അതേസമയം, ഇരുടീമുകളും മത്സരത്തിനായി സര്‍വസജ്ജമാണ്. കഴിഞ്ഞ വര്‍ഷം ഐ.സി.സി. ലോകകപ്പില്‍ ആദ്യമായി പാകിസ്ഥാനോട് തോല്‍ക്കേണ്ടി വന്നതിന്റെ തീരാക്കളങ്കം മായ്ക്കാനാവും ഇന്ത്യ ഇറങ്ങുന്നത്.

2021 ലോകകപ്പില്‍ പത്ത് വിക്കറ്റിനായിരുന്നു ബാബറും സംഘവും കോഹ്‌ലിപ്പടയെ തകര്‍ത്തുവിട്ടത്. ഇതേ മൊമെന്റം ആവര്‍ത്തിക്കാന്‍ പാകിസ്ഥാനും, തോല്‍വിക്ക് മറുപടി നല്‍കാന്‍ ഇന്ത്യയുമിറങ്ങുമ്പോള്‍ മത്സരം തീ പാറുമെന്നുറപ്പ്.

 

Content Highlight: Funny interaction betwenn Shaheen Afridi and Rishabh Pant