ഇവന് എന്താ ഇവിടെ കാര്യം! ഇവനയല്ലെ ഞാന്‍ ഇപ്പോള്‍ ഔട്ടാക്കിയത്; വെസ്റ്റ് ഇന്‍ഡീസ്-പാകിസ്ഥാന്‍ മത്സരത്തിനിടയിലെ മണ്ടത്തരം
Cricket
ഇവന് എന്താ ഇവിടെ കാര്യം! ഇവനയല്ലെ ഞാന്‍ ഇപ്പോള്‍ ഔട്ടാക്കിയത്; വെസ്റ്റ് ഇന്‍ഡീസ്-പാകിസ്ഥാന്‍ മത്സരത്തിനിടയിലെ മണ്ടത്തരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th June 2022, 3:56 pm

ക്രിക്കറ്റ് ടെക്ക്‌നിക്കലി ഒരുപാട് വളര്‍ന്നെങ്കിലും ഇപ്പോഴും ഒരുപാട് മണ്ടത്തരങ്ങളും അബദ്ധങ്ങളും നിലനിന്നു പോകുന്നുണ്ട്. ഇപ്പോള്‍ കഴിഞ്ഞ ഐ.പി.എല്ലില്‍ അമ്പയര്‍മാരുടെ മണ്ടന്‍ തീരുമാനങ്ങളും ബ്രോഡ്കാസ്റ്റിംഗില്‍ പറ്റിയ അബദ്ധങ്ങളും ക്രിക്കറ്റ് ആരാധകരുടെ ഇടയില്‍ ഒരുപാട്
ചര്‍ച്ചയായിട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ പാകിസ്ഥാന്‍-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ പറ്റിയ ഒരബദ്ധമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. വെസ്റ്റ് ഇന്‍ഡീസ് ബാറ്ററായ കൈല്‍ മയേഴ്‌സിനെ പാകിസ്ഥാന്‍ ബൗളര്‍ ഷഹീന്‍ അഫ്രീദി സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുന്നു. എന്നാല്‍ നോബോള്‍ ആണോ എന്ന് സംശയം തോന്നിയ തേര്‍ഡ് അമ്പയര്‍ നോബോള്‍ ചെക്ക് ചെയ്യുന്നു.

അതുവരെ പ്രശ്‌നം ഒന്നുമില്ലായിരുന്നു. എന്നാല്‍ നോബോള്‍ ചെക്ക് ചെയ്യുന്നതിനടിയാലാണ് ഔട്ടായ ബാറ്റര്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുന്നത് കണ്ടത്. നോബോള്‍ ചെക്ക് ചെയ്തത് മയേഴ്‌സ് ഔട്ടായതിന്റെ തൊട്ടുമുന്നത്തെ ബോളിലെയായിരുന്നു.

അമ്പയര്‍മാര്‍ക്ക് പറ്റിയ അബദ്ധം ഒരു ആരാധകനായിരുന്നു ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതിനോടകം ഒരുപാട് കമന്റുകളും ട്രോളുകളും സംഭവത്തെ ആസ്പദമാക്കി വരുന്നുണ്ട്. അമ്പയര്‍മാരെ റിവ്യു ചെയ്യാന്‍ ഒരു ഫോര്‍ത്ത് അമ്പയര്‍ വേണമെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ ഒരു അബദ്ധമൊക്കെ ആര്‍ക്കായാലും പറ്റും എന്നാണ് മറ്റൊരു കൂട്ടം പറയുന്നത്. എന്തായാലും ട്വിറ്ററില്‍ സംഭവം കോമഡിയായിട്ടുണ്ട്.

പക്ഷെ ഇത് കോമഡിയായി മാത്രം കാണാന്‍ സാധിക്കില്ല എന്ന് പറയുന്നവരുമുണ്ട്. അതിന് കാരണമായി അവര്‍ ചൂണ്ടികാണിക്കുന്നത് ഇങ്ങനെയുള്ള സംഭവങ്ങള്‍ ക്രിക്കറ്റിന്റെ നിലവാരം കുറക്കുന്നു എന്നാണ്. ആ പന്ത് ശരിക്കും നോബോള്‍ ആയിരുന്നുവെങ്കില്‍ ആ ബാറ്ററോട് കാണിക്കുന്ന അനീതിയാണെന്ന വിലയിരുത്തലുകളും സോഷ്യല്‍ മീഡിയയിലുണ്ട്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമായിരുന്നു ഇന്നലെ നടന്നത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍ നേടിയിരുന്നു. കരീബിയന്‍സിനായി ഷെയ് ഹോപ് 127 റണ്‍ നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ അവസാന ഓവറില്‍ അഞ്ച് വിക്കറ്റിന് കളി ജയിക്കുകയായിരുന്നു. പാകിസ്ഥാനായി ക്യാപ്റ്റന്‍ ബാബര്‍ അസം 103 റണ്‍ നേടി. ബാബറിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ സെഞ്ച്വറിയായിരുന്നു ഇന്നലെ പിറന്നത്.

പരമ്പരയിലെ അടുത്ത മത്സരം വെള്ളിയാഴ്ചയാണ്.

Content Highlights: Funny incident in  the game between westindies and pakistan