ശക്തമായ കാറ്റായിരുന്നു വെല്ലിങ്ടണിലെ ബേസിന്‍ റിസര്‍വില് വെച്ച് നടന്ന ശ്രീലങ്ക – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ വില്ലനായത്. ബൗളര്‍മാര്‍ക്ക് കൃത്യമായി ലൈനോ ലെങ്‌തോ കണ്ടെത്താന്‍ വീശിയടിച്ച കാറ്റ് അനുവദിച്ചിരുന്നില്ല.
മത്സരത്തിനിടെ കാറ്റ് എത്രത്തോളം ശക്തമായി വീശിയടിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിക്കേണ്ടി വന്ന ലങ്കന്‍ ഇന്നിങ്‌സിലായിരുന്നു ഈ സംഭവം നടന്നത്.
മത്സരത്തില്‍ മൈക്കല്‍ ബ്രേസ്വെല്‍ എറിഞ്ഞ 121ാം ഓവറിലാണ് പന്തിനെ കാറ്റ് കൊണ്ടുപോയത്. പിച്ച് ചെയ്യുന്നതിന് മുമ്പ് തന്നെ പന്ത് ബാറ്റര്‍ പ്രഭാത് ജയസൂര്യക്ക് എത്തുന്നതിനേക്കാള്‍ ദൂരേക്ക് ‘പാറിപ്പോവുകയായിരുന്നു’. വിക്കറ്റ് കീപ്പറും ഏറെ സ്‌ട്രെച്ച് ചെയ്താണ് പന്ത് കൈപ്പിടിയിലൊതുക്കിയത്.
Just when you think you’ve seen it all in cricket. High winds so single end coverage in Wellington. Here’s the supporting evidence… pic.twitter.com/AzQerm4h9b
നേരത്തെ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ലങ്കന്‍ ക്യാപ്റ്റന്റെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ തെറ്റുകയായിരുന്നു. കെയ്ന്‍ വില്യംസണും ഹെന്റി നിക്കോള്‍സും ഇരട്ട സെഞ്ച്വറിയടിച്ചതോടെ ന്യൂസിലാന്‍ഡ് സ്‌കോര്‍ പറപറന്നു.
മലയാളികളുടെ വില്ലിച്ചായന്‍ 296 പന്തില്‍ നിന്നും 23 ബൗണ്ടറിയും രണ്ട് സിക്‌സസറുമുള്‍പ്പെടെ 215 റണ്‍സ് നേടിയപ്പോള്‍ നിക്കോള്‍സ് 240 പന്തില്‍ നിന്നും ഇരുന്നൂറടിച്ച് പുറത്താകാതെ നിന്നു. 15 ബൗണ്ടറിയും നാല് സിക്‌സറുമാണ് നിക്കോള്‍സിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയുടെ ഇന്നിങ്‌സ് മാറ്റി നിര്‍ത്തിയാല്‍ തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. കരുണരത്‌നെ 188 പന്തില്‍ നിന്നും 89 റണ്‍സ് നേടി പുറത്തായി.
ദിനേഷ് ചണ്ഡിമലും നിഷാന്‍ മധുശങ്കയുമാണ് ലങ്കന്‍ പടയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍. ഒന്നിന് പിറകെ ഒന്ന് എന്ന നിലയില്‍ വിക്കറ്റുകള്‍ നിലം പൊത്തിയപ്പോള്‍ ലങ്ക 164ന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മെക്കല്‍ ബ്രേസ്വെല്ലും മാത്യു ജെയിംസ് ഹെന്റിയുമാണ് ലങ്കന്‍ ബാറ്റിങ് നിരയെ താറുമാറാക്കിയത്.
Follow on enforced in Wellington. A lead of 416 runs as Michael Bracewell (3-50) and Matt Henry (3-44) lead the bowling effort on Day 3. Follow play with Spark Sport and Today FM in Aotearoa. Live scoring | https://t.co/wwArMTmFs6 📲 #NZvSLpic.twitter.com/zcFpr0Y0Bx
416 റണ്‍സിന്റെ ലീഡും ഒപ്പം ഫോളോ ഓണും വഴങ്ങിയ ലങ്ക ആദ്യ ഇന്നിങ്‌സിനേക്കാള്‍ മികച്ച രീതിയില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് വീശി. ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ്, ദിനേഷ് ചണ്ഡിമല്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ ധനഞ്ജയ ഡി സില്‍വ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ കാലിടറി വീണു.
എന്നാല്‍ ന്യൂസിലാന്‍ഡിനോട് വഴങ്ങേണ്ടി വന്ന ലീഡ് മറികടക്കാന്‍ ഇതൊന്നും മതിയാകുമായിരുന്നില്ല. ഒടുവില്‍ 358 റണ്‍സിന് രണ്ടാം ഇന്നിങ്‌സില്‍ സിംഹളര്‍ ഓള്‍ ഔട്ടായപ്പോള്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെയും 58 റണ്‍സിന്റെയും വിജയം ആഘോഷിച്ചു. ടിം സൗത്തിയും ബ്ലെയര്‍ ടിക്‌നറുമാണ് രണ്ടാം ഇന്നിങ്‌സില്‍ ലങ്കയെ എറിഞ്ഞുവീഴ്ത്തിയത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.