Entertainment news
വിക്രത്തിനോട് അവതാരകയുടെ ഒരൊറ്റ ചോദ്യം; ചിരിയടക്കാനാവാതെ സീറ്റില്‍ നിന്നും എണീറ്റുപോയി ജയം രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 21, 02:51 pm
Wednesday, 21st September 2022, 8:21 pm

മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ്- മള്‍ട്ടി സ്റ്റാര്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഒന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമാ ലോകം.

വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ബാബു ആന്റണി, ശോഭിത ധൂലിപാല, വിക്രം പ്രഭു, പാര്‍ത്ഥിപന്‍ എന്നിങ്ങനെ തമിഴ്- മലയാള സിനിമാ ലോകത്ത് നിന്നുമുള്ള നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

കഴിഞ്ഞദിവസം ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷന്‍ പരിപാടികള്‍ തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു. സംവിധായകന്‍ മണിരത്‌നത്തിന് പുറമെ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ബാബു ആന്റണി എന്നിവരായിരുന്നു പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തത്.

പ്രസ് മീറ്റിനിടെ ഒരു ഓണ്‍ലൈന്‍ മീഡിയയില്‍ നിന്നുള്ള അവതാരക ചിയാന്‍ വിക്രമിനോട് ചോദ്യം ചോദിക്കുന്നതും അതിന് വിക്രം മറുപടി പറയുന്നതിനിടെ ചിരിയടക്കാനാവാതെ ജയം രവി സീറ്റില്‍ നിന്ന് എണീറ്റ് പോകുന്നതുമായ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

”എനിക്ക് സാറിനെ വളരെ ഇഷ്ടമാണ്, ലവ് യു സോ മച്ച്,” എന്നാണ് അവതാരക പറയുന്നത്. ഇത് കേട്ട വിക്രം, ‘തൃഷയോടാണോ, അല്ല എന്നോടാണോ’ എന്ന് ചോദിക്കുന്നതും ‘ദേ എന്നെ ഇഷ്ടമാണെന്ന് പറയുന്നു’ എന്ന ഒരു ടോണില്‍ മറ്റ് താരങ്ങളെ രസകരമായി നോക്കുന്നതും വീഡിയോയില്‍ കാണാം.


”ഇന്നത്തെ കാലത്ത് നമ്മുടെ ചുറ്റും ആളുകള്‍ ഇത്രയും ഡിപ്രഷനടിച്ച് നില്‍ക്കുന്ന സമയമാണ്. ഈയൊരു സമയത്തും എങ്ങനെയാണ് നിങ്ങള്‍ ഇത്രയും ഹാപ്പിയായും പോസിറ്റീവായും ഇരിക്കുന്നത്,” എന്നായിരുന്നു അവതാരക പിന്നീട് ചോദിച്ചത്.

ഇത് കേട്ട വിക്രം, ‘നിങ്ങള്‍ ആദ്യം എന്തായിരുന്നു പറഞ്ഞത്,’ എന്ന് ചോദിച്ചു. ഇതോടെ വിക്രമിനെ ഒരുപാട് ഇഷ്ടമാണ് എന്ന് പറഞ്ഞ കാര്യം അവതാരക ആവര്‍ത്തിക്കാനൊരുങ്ങുന്നതും അതുകേട്ട വിക്രം, ‘അതല്ല, അതിന് ശേഷം പറഞ്ഞ കാര്യമാണ് ചോദിച്ചത്,’ എന്ന് പറയുന്നതും ഇത് കേട്ട ജയം രവി ചിരി അടക്കിപ്പിടിക്കാനാവാതെ സീറ്റില്‍ നിന്നും എണീറ്റ് ക്യാമറയോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്.

”ഞാന്‍ എപ്പോഴും സന്തോഷമുള്ള കാര്യങ്ങളെ കുറിച്ചും അത്തരം നിമിഷങ്ങളെ കുറിച്ചും ആലോചിക്കും. ഹാപ്പിയായിരിക്കുന്ന, പോസിറ്റീവായിരിക്കുന്ന ആളുകളെ കാണും,” എന്നാണ് വിക്രം ഈ ചോദ്യത്തിന് പിന്നീട് മറുപടി പറയുന്നത്.

എ.ആര്‍ റഹ്മാനാണ് പൊന്നിയിന്‍ സെല്‍വന്റെ സംഗീത സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ റിലീസ് ചെയ്ത ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രശസ്ത സാഹിത്യകാരന്‍ കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം ഈ വരുന്ന സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്യുന്നത്.

125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം ആമസോണിന് വിറ്റുപോയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ് ആരംഭിക്കുക.

Content Highlight: Funny incident during Ponniyin Selvan promotions, Vikram, Jayam Ravi