അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റിന്റെ ചരിത്രമായിരുന്നു ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം തിരുത്തിക്കുറിച്ചത്. നെതര്‍ലന്‍ഡ്‌സിന്റെ ഓരോ ബൗളര്‍മാരെയും ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറിന് പറത്തി ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയത്.
498 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടലാണ് ഇംഗ്ലണ്ട് നെതര്‍ലന്‍ഡ്‌സിന് മുമ്പില്‍ വെച്ചത്. സ്‌കോര്‍ 500ല്‍ എത്തിയില്ല എന്ന സങ്കടമാണ് എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും ഇപ്പോഴുള്ളത്.
എന്നാല്‍, മത്സരത്തിനിടയിലെ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
സാധാരണ കണ്ടം കളിയിലെന്നപോലെ ബാറ്റര്‍ പന്തടിച്ച് ഗ്രൗണ്ടിന് സമീപമുള്ള കാട്ടില്‍ കളയുന്നതും ഫീല്‍ഡിംങ് ടീം പന്ത് തപ്പിയെടുക്കുന്നതുമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
നെതര്‍ലന്‍ഡ്‌സിലെ വി.ആര്‍.എ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സംഭവം നടന്നത്. മത്സരത്തിന്റെ ഒമ്പതാം ഓവറില്‍ ഇടം കയ്യന്‍ സ്പിന്നര്‍ പീറ്റര്‍ സിലാറിന് സിക്‌സറിന് പറത്തിയപ്പോള്‍ ഡേവിഡ് മലന്‍ പോലും ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചുകാണില്ല.
മലന്‍ ഉയര്‍ത്തിയടിച്ച പന്ത് ഗ്രൗണ്ടിന് പുറത്തേക്ക് പോവുകയും ഗ്രൗണ്ടിന് പുറത്തെ കുറ്റിക്കാട്ടില്‍ ചെന്ന് വീഴുകയും കാണാതാവുകയുമായിരുന്നു.
ഇതോടെ കാട്ടിലേക്കടിച്ച പന്ത് കണ്ടെത്താനായി അടുത്ത ശ്രമം. പന്തും തിരഞ്ഞ് നെതര്‍ലന്‍ഡ്‌സ് താരങ്ങളും ഗ്രൗണ്ട് സ്റ്റാഫും കുറ്റിക്കാട്ടിലേക്കെത്തുകയും അവസാനം ബോള്‍ തപ്പിയെടുക്കുകയുമായിരുന്നു.
അവസാനം നെതര്‍ലന്‍ഡ്‌സിന്റെ ലോഗന്‍ വാന്‍ ബീക്കാണ് പന്ത് തപ്പിയെടുക്കുന്നത്.
ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെയും ഡേവിഡ് മലന്റെയും ജോസ് ബട്‌ലറിന്റെയും സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സാള്‍ട്ട് – 122. മലന്‍ – 125, ബട്‌ലര്‍ – 162 എന്നിങ്ങനെയായിരുന്നു സ്‌കോര്‍ നില.
ഇവര്‍ക്കൊപ്പം ലിയാം ലിവിങ്സ്റ്റണും ആഞ്ഞടിച്ചതോടെ സ്‌കോര്‍ 498ലേക്കുയര്‍ന്നു. ഓസീസിനെതിരെ നേടിയ തങ്ങളുടെ തന്നെ റെക്കോഡ് സ്‌കോറായ 481 തകര്‍കത്തെറിഞ്ഞാണ് ഇംഗ്ലീഷ് പട ചരിത്രം ഒരിക്കല്‍ക്കൂടി തിരുത്തിക്കുറിച്ചത്.
എന്നാല്‍, അത്രപെട്ടന്ന് തോറ്റുകൊടുക്കാന്‍ നെതര്‍ലന്‍ഡ്‌സും ഒരുക്കമായിരുന്നില്ല. ഓപ്പണര്‍ വിക്രംജിത് സിങ്ങിനെ നേരത്തെ നഷ്ടമായെങ്കിലും പൊരുതാന്‍ തന്നെയായിരുന്നു ഹോളണ്ട് നിരയുടെ തീരുമാനം.
ഓപ്പണര്‍ മാക്‌സ് ഒ ഡൗഡിന്റെയും വിക്കറ്റ് കീപ്പര്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിന്റെയും ഇന്നിങ്‌സുകള്‍ മികച്ചുനിന്നെങ്കിലും ജയം മാത്രം അകലെയാക്കി നെതര്‍ലാന്‍ഡ് പോരാട്ടം അവസാനിപ്പിച്ചു. രണ്ട് പന്ത് ബാക്കി നില്‍ക്കെ ടീം 266 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ഇതോടെ 232 റണ്‍സിനാണ് ഇംഗ്ലീഷ് പട വിജയം സ്വന്തമാക്കിയത്. ഏകദിനത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നുകൂടിയാണിത്.
Content highlight: Funny incident During England-Netherlands Match, Netherlands team search ball in the bushes