| Thursday, 15th June 2023, 10:59 am

ഒരു പന്തില്‍ തന്നെ രണ്ട് തവണയോ! ഫീല്‍ഡിങ് കോച്ചിനെ കാശുകൊടുത്ത് വെക്കുന്നത് നന്നാവും; ചിരിയടക്കാതെ കമന്റേറ്റര്‍മാര്‍; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്‍ – ബംഗ്ലാദേശ് ടെസ്റ്റിലെ ഫീല്‍ഡിങ് മിസ്റ്റേക്കുകളാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അഫ്ഗാന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് മത്സരത്തിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

ഷേര്‍ ഇ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബംഗ്ലാദേശ് ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. മത്സരത്തിന്റെ 35ാം ഓവറിലെ അവസാന പന്തിലാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.

ഓപ്പണര്‍ മഹ്‌മദുള്‍ ഹസന്‍ ജോയ് ബാക്ക് ഫൂട്ടിലേക്കിറങ്ങി പന്തിനെ പോയിന്റിലേക്ക് തട്ടിയിട്ട് ഡബിളിനായി ശ്രമിച്ചു. പന്ത് കളക്ട് ചെയ്ത ഫീല്‍ഡര്‍ അത് തിരികെ എറിഞ്ഞു. എന്നാല്‍ ആ പന്ത് കൈപ്പിടിയിലൊതുക്കാന്‍ സാധിക്കാതെ വന്നതോടെ ഓവര്‍ ത്രോയുടെ ആനുകൂല്യം മുതലെടുത്ത് ജോയ്‌യും നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും വീണ്ടും റണ്‍സ് ഓടിയെടുത്തു.

എന്നാല്‍ വീണ്ടും ഇതേ സംഭവങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയായിരുന്നു. ഫീല്‍ഡര്‍ തിരികെയെറിഞ്ഞ വീണ്ടും പന്ത് കൈപ്പിടിയിലൊതുക്കാന്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് സാധിക്കാതെ വന്നതോടെ വീണ്ടും ബംഗ്ലാ ടോട്ടലിലേക്ക് റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെട്ടു. സാഹിര്‍ ഖാന്‍ എറിഞ്ഞ ആ പന്തില്‍ അഞ്ച് റണ്‍സാണ് പിറന്നത്. ഇതിനൊപ്പം ജോയ് തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

‘ദിസ് ഈസ് കോമഡി ഓഫ് എറേഴ്‌സ്. ഇതൊരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ല. പന്ത് ഗ്രൗണ്ടിന് ചുറ്റും എറിയുകയാണ്, അത് പിടിക്കാനോ തടുക്കാനോ ആരുമില്ല,’ എന്നാണ് കമന്റേറ്റര്‍മാര്‍ പറഞ്ഞത്.

ഒടുവില്‍ 137 പന്തില്‍ നിന്നും 76 റണ്‍സുമായി റഹ്‌മത് ഷായുടെ പന്തില്‍ ഇബ്രാഹിം സദ്രാന് ക്യാച്ച് നല്‍കിയാണ് ജോയ് പുറത്തായത്.

ജോയ്ക്ക് പുറമെ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും തകര്‍ത്തടിച്ചിരുന്നു. 175 പന്തില്‍ നിന്നും 23 ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 146 റണ്‍സാണ് ഷാന്റോ നേടിയത്. 80 പന്തില്‍ നിന്നും 48 റണ്‍സ് നേടിയ മെഹ്ദി ഹസനും 76 പന്തില്‍ നിന്നും 47 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമും ബംഗ്ലാ സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ഒടുവില്‍ 86 ഓവറില്‍ 382 റണ്‍സിന് ആതിഥേയര്‍ ഓള്‍ ഔട്ടാവുകയായിരുന്നു.

അതേസമയം, ആദ്യ ഇന്നിങ്‌സിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 11 റണ്‍സ് എന്ന നിലയിലാണ്. 11 പന്തില്‍ നിന്നും ഒമ്പത് റണ്‍സ് നേടിയ അബ്ദുള്‍ മാലിക്കും 13 പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയ ഇബ്രാഹീം സദ്രാനുമാണ് ക്രീസില്‍.

Content Highlight: Funny fielding mistakes during Bangladesh vs Afghanistan test

We use cookies to give you the best possible experience. Learn more