| Tuesday, 1st August 2023, 11:14 am

എട്ടിന്റെ പണി എന്നല്ലേ കേട്ടിട്ടുള്ളൂ, ഇത് അതുക്കും മേലെ; എട്ടും ബ്രോഡും, തകര്‍ക്കാനാകാത്ത ബന്ധം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ബൗളറായ സ്റ്റുവര്‍ട്ട് ബ്രോഡ് കഴിഞ്ഞ ദിവസം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ അവസാന വിക്കറ്റും വീഴ്ത്തി തന്റെ കരിയര്‍ സമ്പൂര്‍ണമാക്കിയാണ് ബ്രോഡ് പടിയിറങ്ങിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത് താരം, രണ്ടാമത് പേസര്‍, രണ്ടാമത് ഇംഗ്ലണ്ട് താരം തുടങ്ങി ഒട്ടനേകം റെക്കോഡുകളും കൈപ്പിടിയിലൊതുക്കിയ ശേഷമാണ് ബ്രോഡ് തന്റെ ഐതിഹാസിക കരിയറിന് വിരാമമിട്ടത്.

ഇതിന് പുറമെ മറ്റൊരു നേട്ടവും ബ്രോഡ് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ബാറ്റിങ്ങിനിറങ്ങി നേരിട്ട അവസാന പന്ത് സിക്‌സറിന് പറത്തുകയും ബൗളിങ്ങില്‍ അവസാന പന്തില്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആദ്യ താരം എന്ന റെക്കോഡാണ് ബ്രോഡിനെ തേടിയെത്തിയത്. ഈ സിക്‌സറിന് പിന്നാലെ എട്ട് റണ്‍സാണ് താരം സ്‌കോര്‍ ബോര്‍ഡിലേക്ക് തന്റെ വകയായി സംഭാവന ചെയ്തത്.

ഈ എട്ട് റണ്‍സിന് നേട്ടത്തിന് പിന്നാലെ ബ്രോഡും എട്ടും തമ്മിലുള്ള ആത്മബന്ധം ഒന്നുകൂടി ശക്തിപ്പെട്ടിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന്റെ ജേഴ്‌സി നമ്പര്‍ മുതല്‍ ഏറ്റവുമധികം വിക്കറ്റ് നേടിയതിന്റെയും അര്‍ധ സെഞ്ച്വറി തികച്ചതിന്റെയും റെക്കോഡിലെല്ലാം തന്നെ എട്ടിന്റെ സാന്നിധ്യം വ്യക്തമായി കാണാം.

ബ്രോഡിന്റെ എട്ടാം നമ്പര്‍ ജേഴ്‌സി നമ്പറില്‍ നിന്നുതന്നെയാണ് എല്ലാം തുടങ്ങുന്നത്. ബാറ്റിങ്ങിനിറങ്ങിയ ആദ്യ ഇന്നിങ്‌സില്‍ ബ്രോഡ് നേടിയത് പുറത്താകാതെ എട്ട് റണ്‍സാണ്. 2006 ആഗസ്റ്റ് മുപ്പതിന് പാകിസ്ഥാനെതിരെ ഏകദിനത്തിലാണ് താരം എട്ട് റണ്‍സ് നേടിയത്.

അത്ഭുതമെന്ന് പറയട്ടെ താരത്തിന്റെ അവസാന ഇന്നിങ്‌സിലെയും സ്‌കോര്‍ പുറത്താകാതെ നേടിയ എട്ട് റണ്‍സാണ്. അവസാന ഇന്നിങ്‌സില്‍ എട്ട് റണ്‍സ് നേടാന്‍ ബ്രോഡ് നേരിട്ട പന്തുകളുടെ എണ്ണവും എട്ട് തന്നെ.

കുക്കും റൂട്ടും സ്റ്റോക്‌സുമടക്കം എട്ട് വിവിധ ക്യാപ്റ്റന്‍മാര്‍ക്ക് കീഴിലാണ് ബ്രോഡ് കളിച്ചത്.

ഒരു ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് ബ്രോഡിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം. ചിരവൈരികളായ ഓസ്‌ട്രേലിയയായിരുന്നു എതിരാളികള്‍. ആ മത്സരം നടന്നതാകട്ടെ എട്ടാമത്തെ മാസമായ ആഗസ്റ്റിലും (ഓസ്‌ട്രേലിയ ടൂര്‍ ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് അയര്‍ലന്‍ഡ് – 2015).

എട്ടാം നമ്പറില്‍ ഇറങ്ങിയാണ് ബ്രോഡ് ഏറ്റവുമധികം അര്‍ധ സെഞ്ച്വറി തികച്ചത്. എട്ട് തവണയാണ് എട്ടാം നമ്പറിലിറങ്ങി ബ്രോഡ് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത് എന്നതാണ് മറ്റൊരു രസകരമായ വസ്തുത.

അതേസമയം, ബ്രോഡ് അടക്കമുള്ള ബൗളര്‍മാര്‍ ആളിക്കത്തിയപ്പോള്‍ അഞ്ചാം ടെസ്റ്റില്‍ ഓസീസ് ചാരമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര നേടാമെന്ന മോഹവുമായെത്തിയ ടെസ്റ്റ് ചാമ്പ്യന്‍മാരെ സമനിലയില്‍ തളച്ചാണ് ഇംഗ്ലണ്ട് കരുത്ത് കാട്ടിയത്.

Content Highlight: Funny facts about Stuart Broad and number Eight

We use cookies to give you the best possible experience. Learn more