വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഓവലിലെ ഇനിയുള്ള അഞ്ച് നാളുകളാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സിംഹാസനത്തില്‍ ആരിരിക്കണമെന്ന് തീരുമാനിക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓസീസ് സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെ ആദ്യ വിക്കറ്റ് നഷ്ടമായ ഓസീസിന് ലഞ്ചിന് മുമ്പ് രണ്ടാം വിക്കറ്റും നഷ്ടമായിരുന്നു.
ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെ ഉസ്മാന്‍ ഖവാജയെയാണ് ഓസീസിന് ആദ്യം നഷ്ടമായത്. പത്ത് പന്തില്‍ നിന്നും റണ്‍സൊന്നും നേടാതെയായിരുന്നു ഖവാജയുടെ മടക്കം. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങിയത്.
ആദ്യ സെഷന്‍ അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഡേവിഡ് വാര്‍ണറിന്റെ വിക്കറ്റും ഓസീസിന് നഷ്ടമായത്. 60 പന്തില്‍ നിന്നും 43 റണ്‍സുമായി നില്‍ക്കവെ ഷര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ഭരത്തിന്റെ തകര്‍പ്പന്‍ ക്യാച്ചിന് പിന്നാലെയാണ് വാര്‍ണറും മടങ്ങിയത്.
വാര്‍ണറിന്റെ വിക്കറ്റിന് മുമ്പ് ആദ്യ സെഷനില്‍ രസകരമായ മറ്റൊരു നിമിഷവും പിറന്നിരുന്നു. മാര്‍നസ് ലബുഷാനെതിരെ രോഹിത്തിന്റെ ഡി.ആര്‍.എസ് ചലഞ്ചാണ് ചര്‍ച്ചയിലേക്കുയര്‍ന്നത്.
ഷര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ലബുഷാനെതിരെയുള്ള എല്‍.ബി.ഡബ്ല്യൂവിലാണ് രോഹിത് അമ്പയറിന്റെ തീരുമാനത്തെ ചലഞ്ച് ചെയ്തത്. അമ്പയറിന് നേരെ നോക്കാതെ പിന്നിലൂടെയാണ് രോഹിത് ഡി.ആര്‍.എസിന് വേണ്ടി വാദിച്ചത്. രോഹിത്തിന്റെ ഈ തമാശപൂര്‍വമുള്ള ചലഞ്ച് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
എന്നാല്‍ ബോള്‍ ട്രാക്കിങ്ങില്‍ വിക്കറ്റ് മിസ് ആണെന്ന് കാണിച്ചതോടെ ലബുഷാന് ജീവന്‍ ലഭിക്കുകയായിരുന്നു. എന്നാല്‍ ലഞ്ചിന് ശേഷം വളരെ പെട്ടെന്ന് തന്നെ ലബുഷാന് പുറത്താകേണ്ടി വന്നിരുന്നു. മുഹമ്മദ് ഷമിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ലബുഷാന്‍ പുറത്തായത്.
നിലവില്‍ 42 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ 149 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്. 72 പന്തില്‍ നിന്നും 29 റണ്‍സുമായി സ്റ്റീവ് സ്മിത്തും 51 പന്തില്‍ നിന്നും 43 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍.
Content Highlight: Funny DRS challenge by Rohit Sharma goes Viral