| Wednesday, 12th July 2023, 7:19 pm

എന്തോന്നെടേയ്... സയ്യിദ് അജ്മലിന് പഠിക്കുന്നോ അതും പ്ലേ ഓഫില്‍; ആനമണ്ടത്തരം എന്നല്ലാതെ എന്ത് പറയാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ പാക് സൂപ്പര്‍ താരം സയ്യിദ് അജ്മലിനെ അനുസ്മരിപ്പിച്ച് നെല്ലായ് റോയല്‍ കിങ്‌സ്. കഴിഞ്ഞ ദിവസം ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം മൊമന്റുകളിലൊന്നിന്റെ ‘റീക്രിയേഷന്‍ നടന്നത്’.

വിന്‍ഡീസിനെതിരായ മത്സരത്തില്‍ സയ്യിദ് അജ്മലിന്റെയും ഷോയ്ബ് മാലിക്കിന്റെയും ക്യാച്ച് ഡ്രോപ് ക്രിക്കറ്റ് ഉള്ളടത്തോളം കാലം ഓര്‍മിക്കപ്പെടുന്ന ഒന്നാണ്. അത്തരത്തില്‍ ഒരു ക്യാച്ച് ഡ്രോപ്പാണ് ചര്‍ച്ചയാകുന്നത്. അന്ന് അജ്മലും മാലിക്കുമടക്കം രണ്ട് പേര്‍ ചേര്‍ന്നാണ് ക്യാച്ച് കൈവിട്ടുകളഞ്ഞതെങ്കില്‍ ഇവിടെ വിക്കറ്റ് കീപ്പറടക്കം മൂന്ന് പേരാണ് പന്ത് കൈവിടാന്‍ മത്സരിച്ചത്.

മൂവര്‍ക്കമുടയിലെ മിസ് കമ്മ്യൂണിക്കേഷനാണ് ഇത്തരത്തിലൊരു സംഭവത്തിന് വഴിയൊരുക്കിയത്.

ഡിണ്ടിഗല്‍ ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു സംഭവം. പൊയ്യമൊഴിയെറിഞ്ഞ ഓവറിലെ ആദ്യ പന്ത് തന്നെ ഡ്രാഗണ്‍സ് ബാറ്റര്‍ സുഭോത് ഭാട്ടി ഷോട്ട് കളിക്കാന്‍ ശ്രമിച്ചു. ടോപ് എഡ്ജ് ചെയ്ത പന്ത് കുത്തനെ ഉയര്‍ന്നതോടെ വിക്കറ്റ് കീപ്പറും തേര്‍ഡ് മാനുമടക്കം പന്തിന്റെ പിന്നാലെയോടി.

ലക്ഷയ് ജെയ്ന്‍, വിക്കറ്റ് കീപ്പര്‍ റിതിക് ഈശ്വരന്‍, തേര്‍ഡ് മാന്‍ ഫീല്‍ഡര്‍ എന്നിവര്‍ മൂവരും ക്യാച്ചിനായി ഓടിയടുത്തെങ്കിലും ആര് ക്യാച്ചെടുക്കും എന്ന കണ്‍ഫ്യൂഷനില്‍ പന്ത് മൂവരുടെയും നടുക്ക് തന്നെ വീഴുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ വൈറലാണ്.

അതേസമയം, മത്സരത്തില്‍ നെല്ലായ് റോയല്‍ കിങ്‌സ് വിജയിച്ചിരുന്നു. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് റോയല്‍ കിങ്‌സ് വിജയം സ്വന്തമാക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡ്രാഗണ്‍സ് ശിവം സിങ്ങിന്റെയും ഭൂപതി വൈഷ്ണ കുമാറിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി. ശിവം സിങ് 76 റണ്‍സ് നേടിയപ്പോള്‍ ഭൂപതി 41 റണ്‍സും നേടി പുറത്തായി.

മറുപടി ബാറ്റിങ്ങനിറങ്ങിയ റോയല്‍ കിങ്‌സും തകര്‍ത്തടിച്ചു. ക്രീസിലെത്തിയ എല്ലാവരും തന്നെ മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ സ്‌കോര്‍ ഉയര്‍ന്നു. 73 റണ്‍സ് നേടിയ ജി. അജിതേഷാണ് റോയല്‍ കിങ്‌സിനായി മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

ഒടുവില്‍ അവസാന പന്തില്‍ സിക്‌സറടിച്ചാണ് റോയല്‍ കിങ്‌സ് വിജയം റോയലാക്കിയത്. ഈ വിജയത്തിന് പിന്നാലെ ഫൈനലില്‍ പ്രവേശിക്കാനും റോയല്‍ കിങ്‌സിനായി. ജൂലൈ 12ന് ലൈക്ക കോവൈ കിങ്‌സിനെതിരെയാണ് റോയല്‍ കിങ്‌സ് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്.

Content Highlight: Funny catch drop in TNPL

We use cookies to give you the best possible experience. Learn more