ക്രിക്കറ്റ് ചരിത്രത്തിലെ 'ഐതിഹാസിക' റിവ്യൂ എടുത്ത് ബംഗ്ലാദേശ്; വെറുതെ ചിരിപ്പിക്കരുതെന്ന് ആരാധകര്‍
Sports News
ക്രിക്കറ്റ് ചരിത്രത്തിലെ 'ഐതിഹാസിക' റിവ്യൂ എടുത്ത് ബംഗ്ലാദേശ്; വെറുതെ ചിരിപ്പിക്കരുതെന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th March 2024, 5:52 pm

ശ്രീലങ്കയുടെ ബംഗ്ലാദശ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരം സഹൂര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തിന്റെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് ലങ്ക സ്വന്തമാക്കിയത്.

മത്സരത്തിലെ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. മത്സരത്തിന്റെ 44ാം ഓവറില്‍ സൂപ്പര്‍ താരം കുശാല്‍ മെന്‍ഡിസിനെതിരെ ബംഗ്ലാദേശ് എടുത്ത റിവ്യൂ ആണ് ക്രിക്കറ്റ് ലോകത്തെ തന്നെ ചിരിപ്പിച്ചിരിക്കുന്നത്.

തൈജുല്‍ ഇസ്‌ലാം എറിഞ്ഞ 44ാം ഓവറിലെ അവസാന പന്തില്‍ ബംഗ്ലാദേശ് എല്‍.ബി.ഡബ്ല്യൂവിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല. കുറച്ചുനേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ബംഗ്ലാദേശ് നായകന്‍ എല്‍.ബി.ഡബ്ല്യൂവിനായി റിവ്യൂ എടുത്തു.

ഡി.ആര്‍.എസ്സില്‍ പന്ത് ബാറ്റിലാണ് കൊള്ളുന്നതെന്ന് ആദ്യ കാഴ്ചയില്‍ തന്നെ വ്യക്തമാക്കിയ മൂന്നാം അമ്പയര്‍ അപ്പീല്‍ നിഷേധിച്ചു.

ഇതിന്റെ വീഡിയോ വൈറലാവുകയാണ്.

ഇതിന് പിന്നാലെ രസകരമായ കമന്റുകളും പ്രതികരണങ്ങളും ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുമുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ലെജന്‍ഡറിയായ റിവ്യൂ, പന്ത് ബാറ്റില്‍ കൊണ്ടാല്‍ ഔട്ടാകുമെന്ന് ആരെങ്കിലും ഇവരെ പറഞ്ഞ് പറ്റിച്ചോ, വെറുതെ ചിരിപ്പിക്കരുത് എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, ആദ്യ ദിവസം അവസാനിക്കുമ്പോള്‍ നിഷാന്‍ മധുശങ്ക, ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ് എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ലങ്ക മികച്ച സ്‌കോറിലേക്ക് നടന്നടുക്കുന്നത്.

മധുശങ്ക 105 പന്തല്‍ 57 റണ്‍സ് നേടിയപ്പോള്‍ കരുണരത്‌നെ 129 പന്തില്‍ 86 റണ്‍സും നേടി പുറത്തായി. 150 പന്തില്‍ 93 റണ്‍സാണ് കുശാല്‍ മെന്‍ഡിസ് സ്വന്തമാക്കിയത്.

58 പന്തില്‍ 34 റണ്‍സുമായി ദിനേഷ് ചണ്ഡിമലും 27 പന്തില്‍ 15 റണ്‍സുമായി ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയുമാണ് ക്രീസില്‍.

ബംഗ്ലാദേശിനായി ഹസന്‍ മഹമ്മൂദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷാകിബ് അല്‍ ഹസന്‍ ഒരു വിക്കറ്റും നേടി.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ശ്രീലങ്ക രണ്ടാം മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് പരമ്പര സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്. രണ്ടാം മത്സരം സമനിലയില്‍ അവസാനിച്ചാലും ലങ്കക്ക് പരമ്പര നേടാം.

അതേസമയം, രണ്ടാം മത്സരം വിജയിച്ച് പരമ്പര സമനിലയിലാക്കുക എന്ന ഉദ്ദേശമാണ് ആതിഥേയര്‍ക്കുള്ളത്.

പര്യടനത്തിലെ ടി-20 പരമ്പര ശ്രീലങ്കയും ഏകദിന പരമ്പര ബംഗ്ലാദേശും സ്വന്തമാക്കിയിരുന്നു. ഇതോടെ ഇരു ടീമിന്റെയും റൈവല്‍റി പുത്തന്‍ തലത്തിലേക്ക് വളരുകയും ചെയ്തിരുന്നു.

 

 

Content highlight: Funniest DRS during Bangladesh vs Sri Lanka 2nd test