പ്രളയത്തിന് ശേഷം ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യങ്ങളില്‍ രോഗങ്ങള്‍ വര്‍ധിക്കുന്നു
FOOD AND WATER QUALITY
പ്രളയത്തിന് ശേഷം ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യങ്ങളില്‍ രോഗങ്ങള്‍ വര്‍ധിക്കുന്നു
ഗോപിക
Thursday, 6th September 2018, 12:20 pm

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിക്ക് ശേഷം കേരളത്തിലെ ജനങ്ങള്‍ തിരികെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മത്സ്യസമ്പത്തിന് രോഗബാധയേല്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

പ്രളയത്തില്‍ തന്നെ കോടികളുടെ നഷ്ടമാണ് കേരളത്തിലെ മത്സ്യ സമ്പത്തിന് സംഭവിച്ചത്. ഇതിന് പിറകേയാണ് ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യങ്ങളില്‍ വിവിധ തരത്തിലുള്ള രോഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

പ്രളയത്തിന്റെ ഭാഗമായി ജലത്തിന്റെ ലവണാംശം ഉള്‍പ്പടെ പെട്ടെന്ന് കുറഞ്ഞതാണ് മത്സ്യങ്ങളില്‍ രോഗബാധയുണ്ടാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


ALSO READ: കേരളതീരത്തിന്റെ പകുതിയോളം കടലെടുത്തതായി റിപ്പോര്‍ട്ടുകള്‍; നഷ്ടമായത് കേരളത്തിന്റെ 40 ശതമാനത്തോളം തീരം


അതോടൊപ്പം മഴവെളളവും ഓരുകലര്‍ന്ന വെള്ളവും ജലാശയങ്ങളില്‍ കലര്‍ന്നതും മത്സ്യസമ്പത്തില്‍ രോഗബാധയുണ്ടാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കോഴിക്കോടിന്റെ ഉള്‍നാടന്‍ ജലാശയങ്ങളിലും കൊല്ലം ജില്ലയിലെ ചിലയിടങ്ങളിലെയും ജലാശയങ്ങളിലുണ്ടായ രോഗത്തിന് കാരണം ഇതാണെന്നാണ് പറയപ്പെടുന്നത്. കുഫോസിലെ അനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

മത്സ്യങ്ങള്‍ക്ക് ഒരു തരം ഫംഗസ് രോഗമാണ് പിടിപെട്ടുക്കൊണ്ടിരിക്കുന്നത്. മീനുകളുടെ ശരീരം അഴുകുന്ന അവസ്ഥയിലേക്ക് രോഗം പടരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പരിശോധനഫലങ്ങളില്‍ പറയുന്നത്.

എപ്പിസൂട്ടിക് അള്‍സറേറ്റീവ് സിന്‍ഡ്രോം എന്ന ഫംഗസ് അണുബാധയാണ് മത്സ്യങ്ങളില്‍ ബാധിച്ചുക്കൊണ്ടിരിക്കുന്നത്. എന്നാല്‍ എല്ലാ മത്സ്യങ്ങളിലും ഇതേരോഗം പടരുന്നില്ല. രോഗബാധയുള്ളതായി കണ്ടെത്തിയ മത്സ്യങ്ങളുടെ വിശദമായ വിവരങ്ങള്‍ കുഫോസിലെ പരിശോധനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കണമ്പ്, തിരുത, കരിമീന്‍, എന്നീ മത്സ്യങ്ങളില്‍ രോഗബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഫംഗസ്ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സ്യസാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു.

ഈ പരിശോധനാ ഫലങ്ങില്‍ നിന്നും സംസ്ഥാനത്ത് ഇപ്പോള്‍ മണ്‍റോ തുരുത്തിന്റെ വിവിധ പ്രദേശങ്ങളിലെ മത്സ്യസമ്പത്തിലാണ് അണുബാധ കണ്ടെത്തിയിരിക്കുന്നത്.

നിലവില്‍ മൂന്ന് ജില്ലകളിലെ ജലാശയങ്ങളിലെ മത്സ്യസമ്പത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് കൂടുതല്‍ മത്സ്യകൃഷി നടത്തുന്ന പ്രദേശങ്ങളിലെയും മീനുകളെ പരിശോധനയക്ക് വിധേയമാക്കാനൊരുങ്ങുകയാണ് ഫിഷറീസ് വകുപ്പ് വിദഗ്ധര്‍.


ALSO READ: കച്ചവടത്തിരക്കില്ല, ചെളിയും ദുർഗന്ധവും മാത്രം ആളൊഴിഞ്ഞ് ആലുവ മാർക്കറ്റ്


കോഴിക്കോട് ജില്ലയില്‍ അത്തോളിയിലാണ് മത്സ്യങ്ങളില്‍ ആദ്യമായി അണുബാധ കണ്ടെത്തിയത്. ഇതോടെ വ്യാപകമാക്കിയ പരിശോധനയിലാണ് മീനുകളിലെ അണുബാധ വ്യാപകമായിരിക്കുകയാണെന്ന കാര്യം വ്യക്തമായത്.

അതേസമയം ഇതിനുമുമ്പ് കേരളത്തില്‍ എറണാകുളത്താണ് മത്സ്യങ്ങളിലെ ഈ അണുബാധ കണ്ടെത്തിയത്. എന്നാല്‍ കുറച്ച് നാള്‍മാത്രമാണ് രോഗം പടര്‍ന്നുപിടിച്ചത്. അതിന് ശേഷം ഇതിപ്പോഴാണ് രോഗം വീണ്ടും വ്യാപിച്ചിരിക്കുന്നത്.

രോഗം പടരാതിരിക്കാന്‍ ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശം നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷണാവശ്യത്തിനായി വളര്‍ത്തുന്ന മീനുകളുടെ കുളത്തില്‍ കുമ്മായം കലര്‍ത്തി പി.എച്ച് ലെവല്‍ കൂട്ടണമെന്ന് നിര്‍ദ്ദേശമുണ്ട്.

അതൊടൊപ്പം തന്നെ അഗ്രി ലെമോ ഡോളമെറ്റോ ഒരേക്കറിന് 10കിലോ എന്ന തോതില്‍ 250 ഗ്രാം പൊട്ടാസ്യം പെര്‍മാംഗനേറ്റും ചേര്‍ത്ത് പത്ത് ദിവസത്തിലൊരിക്കല്‍ എന്നതോതില്‍ ഉപയോഗിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.