കൊല്ലപ്പെട്ട സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിക്കായി മുസ്‌ലിം പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും മയ്യത്ത് നിസ്‌കാരം നിര്‍വഹിച്ചു. മക്കയിലെ ഗ്രാന്റ് മോസ്‌കിലും മദീനയില്‍ പ്രവാചകന്‍ മുഹമ്മദ് പണികഴിപ്പിച്ച മസ്ജിദുന്നബവിയിലുമായിരുന്നു നിസ്‌കാരം.
മൃതദേഹത്തിന്റെ അഭാവത്തില്‍ നിസ്‌കരിക്കുന്ന സലാത് അല്‍ ഖലിബാണ് ഖഷോഗ്ജിക്കായി നിര്‍വഹിച്ചതെന്ന് മകന്‍ സലാഹ് ഖഷോഗ്ജി പറഞ്ഞു.
ഇസ്താംബൂളിലെ ഫൈത് മോസ്‌കിലും ലണ്ടനിലെ ഫിന്‍സ്ബുറി പാര്‍ക്ക് മോസ്‌കിലും നേരത്തെ ഖഷോഗ്ജിക്കായി മരണാനന്തര പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചിരുന്നു.
ALSO READ: സൗദി അറേബ്യയ്ക്ക് ആയുധം വില്‍ക്കരുതെന്നാവശ്യപ്പെട്ട് യു.എസ് സെനറ്റില്‍ ബില്ല്
ലണ്ടനില്‍ നടന്ന മരണാനന്തര ചടങ്ങില്‍ നൂറോളം വിശ്വാസികള്‍ പങ്കെടുത്തതായി മുസ്ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ സി.ഇ.ഒ അനസ് അല്‍ക്രിതി പറഞ്ഞു.
ലോകം മുഴുവന്‍ ഖഷോഗ്ജിക്കു വേണ്ടി മരണാനന്തര പ്രാര്‍ഥനകള്‍ നിര്‍വഹിക്കണമെന്ന പ്രതിശ്രുത വധുവിന്റെ അഭ്യര്‍ഥന സ്വീകരിച്ചായിരുന്നു ചടങ്ങെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസം തുര്‍ക്കി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ജമാല്‍ ഖഷോഗ്ജിയെകുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഖഷോഗ്ജി കോണ്‍സുലേറ്റില്‍വെച്ച് തന്നെ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചെങ്കിലും മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇതിനിടെ സൗദി അറസ്റ്റ് ചെയ്ത 18 പേരില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കോടതിയില്‍ പ്രൊസിക്യൂട്ടര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.