| Friday, 12th February 2016, 1:20 pm

ലാന്‍സ് നായിക്ക് ഹനുമന്തപ്പയുടെ ഭൗതികശരീരം സംസ്‌കരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഹുബ്ബളി: സിയാചിന്‍ ദുരന്തത്തില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക്ക് ഹനുമന്തപ്പക്ക് നാടിന്റെ അന്ത്യാഞ്ജലി. സൈനികന്റെ ഭൗതികശരീരം സ്വന്തം ജന്മദേശമായ കര്‍ണാടകയിലെ ധാര്‍വാഡിലുള്ള ബേത്തുദൂര്‍ ഗ്രാമത്തില്‍ സംസ്‌കരിച്ചു. ദല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ നടന്ന അനുശോചന ചടങ്ങുകള്‍ക്ക് ശേഷം പ്രത്യേക സൈനിക വിമാനത്തിലാണ് മൃതദേഹം കര്‍ണാടകയിലെത്തിച്ചത്.

ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വിവിധ സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഹനുമന്തപ്പക്ക് ആദരമര്‍പ്പിച്ചു. ഹുബ്ബളിയിലെ നെഹ്‌റുസ്റ്റേഡിയത്തില്‍ പൊതുദര്‍ശത്തിന് വെച്ച ശേഷമാണ് മൃതദേഹം ബേത്തൂദൂരിലെത്തിച്ചത്.

ഫെബ്രുവരി 3നാണ് സിയാച്ചിനില്‍ സൈനിക പോസ്റ്റിന് മുകളിലേക്ക് കൂറ്റന്‍ മഞ്ഞുകട്ട വീണ്ട് അപകടമുണ്ടായത്. ദുരന്തം നടന്ന ആറാംദിവസം ഹനുമന്തപ്പയെ കണ്ടെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഏറെ വഷളായിരുന്നു. ദല്‍ഹി ആര്‍മി ആര്‍ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനുമന്തപ്പക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി, മകള്‍ 18 മാസം പ്രായമുള്ള നേത്ര, അമ്മ ബസമ്മ, അച്ഛന്‍ രാമപ്പ കൊപ്പാട് എന്നിവര്‍ ദല്‍ഹിയിലെത്തിയിരുന്നു.

അതേ സമയം സിയാച്ചിന്‍ ദുരന്തത്തില്‍ മരണപ്പെട്ട മലയാളി സൈനികന്‍ സുധീഷിന്റെ മൃതദേഹം ഏപ്പോള്‍ നാട്ടിലെത്തുമെന്ന കാര്യത്തില്‍ സഥിരീകരണമായിട്ടില്ല. ഇന്നലെ  സുധീഷിന്റെ ജ്യേഷ്ഠന്‍ സുരേഷുമായി സംസാരിച്ച കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് മൃതദേഹം ദ്രുതഗതിയില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more