ക്ഷേത്ര നടത്തിപ്പിനായി പൊലീസുകാരുടെ ശമ്പളത്തില്‍ നിന്ന് പണപ്പിരവ്; ജില്ലാ മേധാവിയുടെ കത്ത്
Kerala News
ക്ഷേത്ര നടത്തിപ്പിനായി പൊലീസുകാരുടെ ശമ്പളത്തില്‍ നിന്ന് പണപ്പിരവ്; ജില്ലാ മേധാവിയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd July 2023, 3:44 pm
 കോഴിക്കോട്: ക്ഷേത്ര നടത്തിപ്പിനായി ശമ്പളത്തില്‍ നിന്ന് പണം റിക്കവറി നടത്തുമെന്ന് അറിയിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കത്ത്. സിറ്റിയിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമായി കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ പേരിലാണ് കത്ത്. ഈ കത്ത് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നുണ്ട്.

കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പ് ചെലവിലേക്ക്
20 രൂപം വീതം പ്രതിമാസം റിക്കവറി നടത്തുമെന്ന കാര്യമാണ് അറിയിച്ചത്. സംഭാവന നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ ജൂലൈ 24ന് മുമ്പ് ജില്ലാ പൊലീസ് ഓഫീസിനെ അറിയിക്കണമെന്നും കത്തില്‍ പറയുന്നു.

‘കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പ് ചെലവിലേക്കായി കോഴിക്കോട് സിറ്റിയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ 20 രൂപ വീതം മാസം തോറും റിക്കവറി നടത്താന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

സംഭാവന നല്‍കാന്‍ താല്‍പര്യമില്ലാത്ത സേനാംഗങ്ങളുടെ വിവരങ്ങള്‍ 24-07-2023 ന് മുമ്പായി ജില്ലാ പൊലീസ് ഓഫീസില്‍ അറിയിക്കേണ്ടതാണ്,’ എന്നാണ് കത്തിലുള്ളത്.

അതേസമയം, കോഴിക്കോട് സിറ്റി പൊലീസിന്റെ നിയന്ത്രണത്തിലാണ് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം. ക്ഷേത്രത്തിന്റെ നവീകരണത്തിലും പൊലീസിന്റെ പങ്കാളിത്തമുണ്ടാകാറുണ്ട്. പണപ്പിരിവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസ് അസോസിയേഷന്‍ പരസ്യ വിമര്‍ശനമുണ്ടായിരുന്നു.