| Saturday, 18th July 2020, 8:46 am

ചികിത്സയ്ക്ക് ആവശ്യമുള്ളത് ലഭിച്ചെന്ന് പറഞ്ഞിട്ടും അക്കൗണ്ടിലേക്കെത്തിയത് ഒരു കോടിയിലേറെ രൂപ; പിന്നില്‍ ഹവാല സംഘമെന്ന് സംശയിക്കുന്നതായി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അമ്മയുടെ ചികിത്സയ്ക്കായി സാമൂഹ്യമാധ്യമങ്ങള്‍ വഴി അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന് പിന്നില്‍ ഹവാല ഇടപാടെന്ന് സംശയിക്കുന്നതായി ഡി.സി.പി ജി. പൂങ്കുഴലി ഐ.പി.എസ്. ഒരു കോടി രൂപയിലധികമാണ് വര്‍ഷ എന്ന പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്.

ചികിത്സയ്ക്കുള്ള പണം തികഞ്ഞെന്ന് പറഞ്ഞിട്ടും വര്‍ഷയുടെ അക്കൗണ്ടിലേക്ക് വന്‍ തുക എത്തുകയായിരുന്നു. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിയത് അസ്വാഭാവികമായാണ് കാണുന്നതെന്ന് ഡി.സി.പി പറഞ്ഞു.

ചികിത്സാ ആവശ്യത്തിനുള്ളത് കഴിച്ചുള്ള തുക വര്‍ഷയില്‍ നിന്നും തിരികെ ലഭിക്കുമെന്ന വിശ്വാസത്തിലാവാം ഇത്രയധികം തുകയിട്ടതെന്ന് ഡി.സി.പി വ്യക്തമാക്കി. ഇത് സുരക്ഷിത മാര്‍ഗമെന്ന് കരുതി വര്‍ഷയുടെ അക്കൗണ്ടിലേക്കിട്ടതാണോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്.

കണ്ണൂര്‍ സ്വദേശിയായ വര്‍ഷ അമ്മയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായാണ് സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചത്. ചികിത്സയ്ക്കായി 30 ലക്ഷത്തില്‍ താഴെയുള്ള തുകയ്ക്കാണ് പെണ്‍കുട്ടി അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ആദ്യ ദിവസം തന്നെ 65 ലക്ഷം രൂപയാണ് അക്കൗണ്ടിലേക്ക് വന്നത്. ആവശ്യത്തിനുള്ള പണം ലഭിച്ചെന്ന് കാണിച്ച ഇവര്‍ അറിയിച്ചെങ്കിലും തൊട്ടടുത്ത ദിവസം കൂടുതല്‍ തുക അക്കൗണ്ടിലേക്കെത്തി.

പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന 60 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചതായി പെണ്‍കുട്ടിയെ സഹായിച്ച യുവാവ് പറഞ്ഞിരുന്നു.

സര്‍ജറിക്ക് കയറുന്നതിന് മുമ്പാണ് അക്കൗണ്ട് പരിശോധിച്ചതെന്നും അതിന് ശേഷം പരിശോധിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയും വ്യക്തമാക്കി.

എന്നാല്‍ വര്‍ഷയെ സഹായിക്കാനെത്തിയ സാജന്‍ കേച്ചേരി എന്നയാള്‍ തനിക്ക് കൂടി പണം കൈകാര്യം ചെയ്യാനുള്ള തരത്തില്‍ അക്കൗണ്ട് മാറ്റണമെന്ന ആവശ്യവുമായി വര്‍ഷയെ സമീപിച്ചിരുന്നു.

തന്നെ സാജന്‍ കേച്ചേരി ഭീഷണിപ്പെടുത്തുന്നെന്ന് കാണിച്ച് വര്‍ഷ ലൈവില്‍ വന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ സാജന്‍ കേച്ചേരിയും സഹായികളും ഭീഷണിപ്പെടുത്തുകയും വ്യാജപ്രചരണങ്ങള്‍ നടത്തുന്നതിന്റെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രി കെ. കെ ശൈലജയുടെ നിര്‍ദേശ പ്രകാരമാണ് വര്‍ഷ ഡി.സി.പിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് എറണാകുളം ചേരാനെല്ലൂര്‍ സ്‌റ്റേഷന്റെ ചുമതലയിലുള്ള സബ് ഇന്‍സ്‌പെക്ടര്‍ ലിജോ ജോസഫ് യുവതിയുടെ താമസസ്ഥലത്തെത്തി പരാതി സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more