പിരിച്ചെടുത്ത ഒരു കോടി രൂപയ്ക്ക് കണക്കില്ല; തൃശ്ശൂര്‍ ഡി.സി.സിയ്‌ക്കെതിരെ കെ.പി.സി.സിയില്‍ പരാതി
Kerala News
പിരിച്ചെടുത്ത ഒരു കോടി രൂപയ്ക്ക് കണക്കില്ല; തൃശ്ശൂര്‍ ഡി.സി.സിയ്‌ക്കെതിരെ കെ.പി.സി.സിയില്‍ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th July 2019, 8:44 am

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയ്‌ക്കെതിരെ കെ.പി.സി.സിയ്ക്ക് ഫണ്ട് തട്ടിപ്പ് പരാതി. കമ്മിറ്റിയുടെ ഫണ്ടില്‍ ഒരു കോടിയിലേറെ രൂപക്ക് കണക്കില്ലെന്നാണ് പരാതി.

വിവിധ ഘട്ടങ്ങളിലായി പിരിച്ചെടുത്തതില്‍ ഒരു കോടി രൂപക്ക് കണക്കില്ലെന്നും അത് സ്വകാര്യ ആവശ്യത്തിനും ദുര്‍ചെലവുകള്‍ക്കും വിനിയോഗിച്ചുവെന്നും ഡി.സി.സി മുന്‍ പ്രസിഡന്റ് കൂടിയായ എ ഗ്രൂപ്പ് നേതാവ് കെ.പി.സി.സിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചുവെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റായതിന് ശേഷം നടത്തിയ സംസ്ഥാന ജാഥയുടെ ഭാഗമായി ജില്ലയില്‍ നിന്ന് പിരിച്ച 2.20 കോടിയില്‍ നിന്ന് ഡി.സി.സിക്ക് കൈമാറിയ തുകയെക്കുറിച്ചാണ് പരാതി. 1.10 കോടി രൂപ കെ.പി.സി.സിക്ക് കൈമാറുകയും ബാക്കി ഡി.സി.സി എടുക്കുകയുമാണ് ചെയ്തത്.

എന്നാല്‍ ഇതുവരെ ഡി.സി.സി കൈവശംവെച്ച പണം എങ്ങനെ ഉപയോഗിച്ചു എന്നതിനെകുറിച്ച് കണക്കില്ലെന്ന് പരാതിയില്‍ പറയുന്നു. പാര്‍ട്ടി പത്രമായ വീക്ഷണത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകരില്‍ നിന്നും 2,000 രൂപ നിരക്കില്‍ വരിക്കാരെ കണ്ടെത്തി പണം മുന്‍കൂര്‍ ഡി.സി.സിയില്‍ അടച്ചു. ഇപ്പോള്‍ പത്രം അച്ചടി നിര്‍ത്തി.

പത്രം കിട്ടാത്തതിനെക്കുറിച്ച് പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ മണ്ഡലം നേതാക്കള്‍ ഡി.സി.സിയിലെത്തി പ്രതിഷേധിച്ചു. ഈ പണത്തിനൊന്നും കണക്കില്ല എന്നാണ് പരാതിയില്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് രാഹുല്‍ഗാന്ധിയെ തൃപ്രയാറില്‍ എത്തിച്ച് ഫിഷര്‍മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചതിന് പിരിവെടുത്തതിന് പുറമേ ഡി.സി.സിയുടെ ഫണ്ടും ഉപയോഗിച്ചു. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളുടെ കണ്‍വെന്‍ഷന്‍, പഠന ക്യാമ്പ്, കോടതികളില്‍ നിന്നും ജാമ്യമെടുക്കല്‍ എന്നിവക്ക് പണം ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല.

പിന്നെ എങ്ങനെയാണ് പണം ചെലവാക്കിയത് എന്ന് വ്യക്തമാക്കണമെന്നാണ് ജില്ലയിലെ സീനിയര്‍ നേതാവായ ഡി.സി.സി മുന്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഡി.സി.സി യോഗം ചേരാത്തതിനാല്‍ കണക്ക് അവതരണം പോയിട്ട് സംഘടന കാമ്പയിനുകള്‍ പോലും ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് കത്തില്‍ ഉന്നയിക്കുന്നത്.

തെരഞ്ഞെടുപ്പ് വിജയത്തോടെ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നും രണ്ട് ദിവസംമുമ്പ് രാജിവെച്ച ടി.എന്‍. പ്രതാപന്‍ എം.പിയെ കുരുക്കിലാക്കുന്നതാണ് മുന്‍ ഡി.സി.സി പ്രസിഡന്റിന്റെ പരാതി.

WATCH THIS VIDEO: