| Saturday, 26th October 2019, 4:08 pm

സി.പി.ഐ.എം അനുകൂല ട്രസ്റ്റിന്റെ പേരില്‍ സാമ്പത്തിക അഴിമതി ആരോപണവുമായി സി.പി.ഐ.എം പ്രാദേശിക അംഗങ്ങള്‍

കവിത രേണുക

മലപ്പുറം: പൊന്നാനി താലൂക്കിലെ മുതിര്‍ന്ന സി.പി.ഐ.എം നേതാവും കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന കുട്ടന്‍ നായരുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ട്രസ്റ്റ് രൂപീകരിക്കുന്നതിനായി സാംസ്‌കാരിക പരിപാടിയും സംഘടിപ്പിച്ചിരുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

2014 ലാണ് പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്ത് കൂടുതല്‍ ഇടപെടല്‍ നടത്തുക എന്ന ലക്ഷ്യത്തോടെ ട്രസ്റ്റ് രൂപീകരിക്കുന്നതിനായി ധനസമാഹരണം നടത്തുന്നത്. അന്തരിച്ച ഗായകന്‍ ഉമ്പായിയുടെ ഗസല്‍ സന്ധ്യയും അതിനോടനുബന്ധിച്ച് ചങ്ങരംകുളത്ത് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ ട്രസ്റ്റ് രൂപീകരിക്കുന്നതിനായി പാര്‍ട്ടി അംഗങ്ങളുടെ കൈയ്യില്‍ നിന്നുമായി സമാഹരിച്ച തുകയില്‍ പരിപാടിയുടെ ചെലവ് കിഴിച്ച് ബാക്കി വരുന്ന അഞ്ചു ലക്ഷത്തോളം തുക എന്തു ചെയ്‌തെന്നും അതിന്റെ വിശദാംശങ്ങള്‍ പരിപാടി സംഘടിപ്പിച്ചവര്‍ വ്യക്തമാക്കുന്നില്ലെന്നും ട്രസ്റ്റിന്റെ രജിസ്‌ട്രേഷന്‍ പോലും നടന്നിട്ടില്ലെന്നും ആരോപിച്ചാണ് പൊന്നാനി ലോക്കല്‍ കമ്മിറ്റിയിലെ പാര്‍ട്ടി അംഗങ്ങള്‍ ആരോപണവുമായി രംഗത്തിറങ്ങിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പണം കൈകാര്യം ചെയ്തത് അന്നത്തെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി.പി രാജന്റെയും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ സെക്രട്ടറിയും സി.പി.ഐ.എമ്മിന്റെ എടപ്പാള്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന വിജയന്റെയും നേതൃത്വത്തിലായിരുന്നു.

ട്രസ്റ്റിന്റെ ആദ്യകാല ചെയര്‍മാന്‍ പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ആലംകോട് ലീലാകൃഷ്ണനായിരുന്നു. ട്രസ്റ്റില്‍ അധികം സജീവമായിരുന്നില്ലെന്നും ആരോപണമുന്നയിക്കുന്നതുപോലെ അത്ര ഭീമമായ തുക പിരിച്ചുകിട്ടിയിട്ടുണ്ടാവില്ലെന്നുമാണ് ആലംകോട് ലീലാകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1,64,000 രൂപയാണ് അന്ന് ബാക്കിയുണ്ടായിരുന്നതെന്നും അത് ഒക്ടോബര്‍ 25ന് ജനറല്‍ ബോഡി വിളിച്ച് കണക്കുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് വിജയന്‍ പറഞ്ഞതായും ആലംകോട് ലീലാകൃഷ്ണന്‍ പറഞ്ഞു.

WATCH THIS VIDEO:

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more