| Saturday, 1st September 2018, 12:27 pm

പ്രളയക്കെടുതി; ഇത്തവണത്തെ സി.ബി.എസ്.ഇ കലോത്സവം നടത്തില്ല; തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയത്തില്‍ നിന്ന് കരകേറിക്കൊണ്ടിരിക്കുന്ന കേരളത്തിന് കൈത്താങ്ങാവാന്‍ നിരവധി പേര്‍ രംഗത്തുവരികയാണ്. ഓരോ വ്യക്തികളും സംഘടനകളും അതിന് വേണ്ടി കയ്യഴിഞ്ഞ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പല സ്ഥലങ്ങളിലും ഓണാഘോഷങ്ങള്‍ ഉള്‍പ്പെടെ വേണ്ടെന്ന് വെച്ചു.

ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ കലോല്‍സവം നടത്തേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍. ഇതിനു വേണ്ടി നീക്കി വെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതുസംബന്ധിച്ച് തിരുവനന്തപുരം മേഖലാ ഓഫിസര്‍ സ്‌കൂള്‍ മാനേജര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദേശം അയച്ചിട്ടുണ്ട്.


ALSO READ: സാനിയ മിര്‍സയുടെ ടെന്നീസ് ജീവിതം വെള്ളിത്തിരയിലേക്ക്; പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാനിയ തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍


കലോല്‍സവത്തിനായി സ്‌കൂള്‍ ചാനലുകളില്‍ വീഡിയോ അപ്‌ലോഡ് ചെയ്ത വിദ്യാര്‍ത്ഥികളുടെ പ്രകടനം സ്‌കൂളില്‍ തന്നെ വിലയിരുത്താനാണ് തീരുമാനം. തുടര്‍ന്ന് ഇവരുടെ പേരുകള്‍ സ്‌കൂള്‍ വെബ്സൈറ്റിലോ നോട്ടീസ് ബോര്‍ഡിലോ പ്രസിദ്ധീകരിക്കാം.

കൂടാതെ എല്ലാ സ്‌കൂളിലും ഓരോ ക്ലാസുകാര്‍ ഒരു കുടുംബത്തിനെ ഏറ്റെടുത്ത് ഒരു വര്‍ഷത്തേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ച് കൊടുക്കാന്‍ ശ്രമിക്കണം. അതോടെ ഒരു മേഖലയ്ക്ക് കീഴിലുള്ള മുഴുവന്‍ സ്‌കൂളുകളും ചേര്‍ന്ന് 32400 കുടുംബങ്ങളിലേക്കും സഹായമെത്തിക്കാനാകും.

സ്‌കൂളുകളിലെ കഴിഞ്ഞ വര്‍ഷത്തെ നീക്കിയിരിപ്പ് തുകയും ഇക്കൊല്ലം ഏപ്രിലിന് ശേഷം പിരിച്ച അംഗത്വ ഫീസും ഉപയോഗിക്കാം. എന്നാല്‍ കൂടുതല്‍ തുക നല്‍കാന്‍ താല്‍പര്യമുള്ള മാനേജ്മെന്റുകള്‍ക്ക് ധനസമാഹരണം നടത്താമെങ്കിലും കുട്ടികളില്‍ നിന്നും ഈ തുക ഈടാക്കാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more