പാരീസ്: ഫ്രാന്‍സില്‍ പ്രായപൂര്‍ത്തിയാകാത്ത ആഫ്രിക്കന്‍ വംശജനെ കൊലപ്പെടുത്തിയ പൊലീസുകാരന് വേണ്ടി പണപ്പിരിവ്. 17വയസുകാരനായ നഹേല്‍ മെര്‍സോക്ക് എന്ന കൗമാരക്കാരനെ വെടിവെച്ചു കൊന്ന പൊലീസുകാരന് വേണ്ടിയാണ് പണപ്പിരിവ് നടത്തുന്നത്. ഇതുവരെ 1 മില്യന്‍ ഡോളറാണ് (8.24 കോടി രൂപ) പിരിച്ചെടുത്തത്.
തീവ്ര വലതുപക്ഷ മീഡിയാ കമന്റേറ്ററായ ജീന്‍ മെസ്സിഹയാണ് ഓണ്‍ലൈനിലൂടെയുള്ള പണപ്പിരിവ് തയ്യാറാക്കിയത്. ഇതിനെതിരെ കുടുംബാംഗങ്ങളും നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തി. 40000ത്തോളം പേരാണ് ഇപ്പോള്‍ പൊലീസുകാരന് വേണ്ടി പണം നല്‍കിയിരിക്കുന്നത്. ഇത് നഹേലിന് വേണ്ടി ശേഖരിച്ച പണമായ 2,060,00 ഡോളറിനേക്കാള്‍ കൂടുതലാണെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
പൊലീസുകാരന് ലഭിക്കുന്ന പിന്തുണ കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് നഹേലിന്റെ മുത്തശ്ശി ഫ്രഞ്ച് ബി.എഫ്.എം ടി.വി. ചാനലിനോട് പറഞ്ഞു.
‘അവന്‍ എന്റെ പേരക്കുട്ടിയുടെ ജീവിതമാണ് കവര്‍ന്നത്. എല്ലാവര്‍ക്കും നല്‍കുന്ന പോലെ ഇവനെയും ശിക്ഷിക്കണം,’ അവര്‍ പറഞ്ഞു.
ഫ്രാന്‍സിലെ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും നാശനഷ്ടങ്ങളുണ്ടാക്കാന്‍ വേണ്ടി മരണത്തെ ഉപയോഗിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
മുസ്‌ലിം വിരുദ്ധ രാഷ്ട്രീയക്കാരനായ എറിക് സെമ്മൊറുമായി അടുത്ത് നില്‍ക്കുന്ന മെസ്സിഹ നടത്തുന്ന പണപ്പിരിവ് നാണക്കേടും അപകീര്‍ത്തികരവുമാണെന്ന് ഭരണ പക്ഷത്തെയും ഇടതുപക്ഷത്തെയും പല നേതാക്കളും അഭിപ്രായപ്പെട്ടു.
അതേസമയം തിങ്കളാഴ്ച കലാപ വിരുദ്ധ റാലിയും മേയര്‍മാരുടെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മേയര്‍ വിന്‍സെന്റ് ജീന്‍ബര്‍ണിന്റെ കാറ് കത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് റാലി നടന്നത്.
ജൂണ്‍ 28നാണ് നഹേലിന് വെടിയേല്‍ക്കുന്നത്. നഹേലിനെ ചൊവ്വാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ പാരീസ് പ്രാന്തപ്രദേശമായ നാന്ററെയില്‍ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.നഹേലിനെ ഉദ്യോഗസ്ഥര്‍ ക്രൂരമായി വെടിവെച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഫ്രാന്‍സില്‍ പ്രക്ഷോഭം ആരംഭിച്ചത്.
പൊലീസുകാരന്‍ കുട്ടിയെ കാറില്‍ നിന്ന് വലിച്ച് താഴെയിറക്കിയ ശേഷം ക്ലോസ് റേഞ്ചില്‍ വെച്ച് വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടി നിരവധി റോഡ് നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് പൊലീസ് ഇതിന് വിശദീകരണം നല്‍കിയത്.
നഹേലിനെ വെടിയുതിര്‍ത്ത പൊലീസ് ഉദ്യോഗസ്ഥനെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസുകാര്‍ക്കെതിരെ വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിച്ചതിനാണ് നഹേലിനെ വെടിവെച്ചതെന്ന പൊലീസ് വിശദീകരണം തെറ്റാണെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
അതേസമയം ഇതുവരെ ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ 3,200 പേരെ അറസ്റ്റ് ചെയ്തു.
content highlights: fund collection for policeman who shot 17 year old boy in france