കെ.പി.സി.സി പ്രസിഡന്റായി സുധാകരനും പ്രതിപക്ഷ നേതാവായി വി.ഡി.സതീശനും ചുമതലയേറ്റപ്പോള്‍ അവരെ സ്വാഗതം ചെയ്തയാളാണ് ഞാന്‍. അന്നുവരെ കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായിരുന്ന ഗ്രൂപ്പധിഷ്ഠിത സംവിധാനത്തിന് മാറ്റം വരുമെന്ന പ്രതീക്ഷയായിരുന്നു അന്നെനിക്കുണ്ടായിരുന്നത്. കാരണം, ഈ ഗ്രൂപ്പധിഷ്ഠിത സംവിധാനത്തിന്റെ കെടുതികള്‍ അനുഭവിച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍.
2016ലെ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പും വ്യക്തിതാല്‍പര്യങ്ങളും നോക്കാതെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷവും ഗ്രൂപ്പുകള്‍ തമ്മില്‍ പോരടിച്ചില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ജയിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. അതില്ലാതെ പോയാത് ജയസാധ്യതയും ജനസ്വീകാര്യതയും നോക്കാതെ പല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതാണ്. അതില്‍ ഞാന്‍ ദുഖിതനായിരുന്നു.
അതിനൊരു മാറ്റം സുധാകരനിലൂടെയും സതീശനിലൂടെയും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ അവര്‍ സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ കാര്യസമിതിയില്‍ ഞാന്‍ അത്തരമൊരു അഭിപ്രായം പറഞ്ഞിരുന്നു. ഓരോ ജില്ലകള്‍ ഓരോ ഗ്രൂപ്പിന് വീതം വെച്ച് നല്‍കുന്ന സ്ഥിതി മാറണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഡി.സി.സി പ്രസിഡന്റുമാരടക്കമുള്ളവരെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരാണോ എന്നാണ് പരിശോധിക്കേണ്ടത് എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്.
പഴയ പി.സി.സി പ്രസിഡന്റുമാരെ വിളിക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ അതൊന്നും നടന്നില്ല. ആദ്യ ആലോചനാ യോഗത്തില്‍ തന്നെ പഴയ പി.സി.സി പ്രസിഡന്റുമാരെ ഒഴിവാക്കി. അതില്‍ മുരളീധരന്‍ മാത്രമാണ് വിയോജിപ്പറിയിച്ചത്. ഞങ്ങളാരും പരസ്യമായി പറയാന്‍ തയ്യാറായിട്ടില്ല. അത് കഴിഞ്ഞ് പിന്നെ കണ്ടത്, ദല്‍ഹിയില്‍ യാതൊരു കൂടിയാലോചനകളുമില്ലാതെ ഏകപക്ഷീയമായി ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതാണ്. അതില്‍ വിയോജിച്ച് കൊണ്ട് ഞാന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടു. ജനങ്ങള്‍ അറിയട്ടെ എന്ന് കരുതിയായിരുന്നു അത്.
അതിന് ശേഷമാണ് കെ. സുധാകരന്‍ എന്നെ കാണാന്‍ വന്നത്. നിങ്ങളുടെ രീതി ശരിയല്ലെന്നും ഇത് മുന്‍പത്തേതിനേക്കാള്‍ മോശം അവസ്ഥിയിലേക്കാണ് കാര്യങ്ങളെത്തിക്കുക എന്നും അന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. കൂട്ടായ ആലോചനകള്‍ വേണമെന്നും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം സ്ഥാനങ്ങളിലേക്ക് ആളുകളെ നിയോഗിക്കാനെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പക്ഷെ അതും നടപ്പിലായില്ല. എല്ലാം ഏകപക്ഷീയമായി തന്നെ നടന്നു. അപ്പോഴും ഞാനെന്റെ വിയോജിപ്പ് അറിയിച്ചു. സുധാകരനോ മറ്റോ അതൊന്നും ഗൗനിച്ചില്ല.
ഈ ശൈലി പാര്‍ട്ടിക്ക് ഗുണകരമല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഹൈക്കമാന്റിന് പരാതി അയച്ചത്. പണ്ട് രണ്ട് ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അതിലേറെ ഗ്രൂപ്പുകളുണ്ടെന്നും അതില്‍ ഹൈക്കമാന്റ് ഇടപെടണമെന്നുമായിരുന്നു എന്റെ ആവശ്യം. അതിലും യാതൊരു പ്രതികരണവുമുണ്ടായില്ല. അതിനെ തുടര്‍ന്നാണ് ഞാന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും എ.ഐ.സി.സി അംഗത്തില്‍ നിന്നും രാജി വെച്ചത്. അതിന് ശേഷം താരിഖ് അന്‍വറും, രാഹുല്‍ ഗാന്ധിയും എന്നെ ബന്ധപ്പെടുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും പറഞ്ഞിരുന്നു.
പക്ഷെ നിര്‍ഭാഗ്യവശാല്‍ അതൊന്നുമുണ്ടായില്ല. പരിഹാരമുണ്ടായില്ല എന്ന് മാത്രമല്ല, അന്നത്തേതില്‍ നിന്ന് ഗ്രൂപ്പ് രാഷ്ട്രീയം കുറേക്കൂടി വിപുലമായ തലത്തിലേക്ക് പോയി.
നേരത്തെ രണ്ട് ഗ്രൂപ്പായിരുന്നെങ്കില്‍ ഇപ്പോഴത് അഞ്ച് ഗ്രൂപ്പുകളാണ്. ഇപ്പോള്‍ ഗ്രൂപ്പിനുള്ളില്‍ ഉപഗ്രൂപ്പുകളുമുണ്ട്.
ഞാന്‍ ഉന്നയിച്ച പരാതിക്ക് പരിഹാരമുണ്ടാക്കാന്‍ നേതൃത്വം തയ്യാറാകുകയോ അത് സംഘടനക്കുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നില്ല. അതിന് ശേഷമാണ് ഞാന്‍ കെ.പി.സി.സി സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത്.
അതേസമയം കേരളത്തിലെ വിവിധ ജില്ല കോണ്‍ഗ്രസ് കമ്മറ്റികള്‍ സംഘടിപ്പിച്ച പരിപാടികളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. സമീപ ദിവസങ്ങളില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ ഡി.സി.സികള്‍ സംഘടിപ്പിച്ച പരിപാടികളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. എ.ഐ.സി.സി, കെ.പി.സി.സി പരിപാടികളില്‍ അവരോടുള്ള വിയോജിപ്പ് കാരണം പങ്കെടുക്കാറില്ലെങ്കിലും പാര്‍ട്ടി പരിപാടികളില്‍ ഞാന്‍ ഇപ്പോഴും പങ്കെടുക്കാറുണ്ട്. അങ്ങനെ പങ്കെടുത്തുവരുന്ന ഞാന്‍ പാര്‍ട്ടി വിട്ടു എന്ന് കെ.പി.സി.സി പ്രസിഡന്റ് പറയുമ്പോള്‍ എന്താണ് ഞാന്‍ അദ്ദേഹത്തെ കുറിച്ച് പറയേണ്ടത്.
അദ്ദേഹം പറയുന്ന പലകാര്യങ്ങളെ കുറിച്ചും അദ്ദേഹത്തിന് തന്നെ മനസ്സിലാക്കാന്‍ പറ്റാറില്ല. അതെല്ലാം അദ്ദേഹത്തിന് തിരുത്തേണ്ടി വരാറുണ്ട്. ഈ കാര്യവും അദ്ദേഹത്തിന് തിരുത്തേണ്ടി വരും. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു ഔചിത്യ രാഹിത്യമുണ്ടായിട്ടുണ്ട്. കെ.പി.സി.സി യോഗത്തില്‍ ഞാന്‍ പറഞ്ഞ അഭിപ്രായത്തെ കുറിച്ച് അദ്ദേഹം പ്രതികരിക്കേണ്ടത് കെ.പി.സി.സി യോഗത്തിലാണ്, മാധ്യമങ്ങളിലൂടെയല്ല. ഇത്തരത്തില്‍ വസ്തുതാവിരുദ്ധമായ ഒരു കാര്യം തെറ്റിദ്ധാരണാജനകമായി അദ്ദേഹം അവതരിപ്പിച്ചത് തെറ്റായ കാര്യമാണ്. അതൊരിക്കലും ഒരു കെ.പി.സി.സി പ്രസിഡന്റിന് യോജിച്ചതല്ല.
സുധാകരന്‍ ചെയ്ത അതേ ഒചിത്യരാഹിത്യം എ.ഐ.സി.സി ചുമതലയുള്ള ദീപയുടെ ഭാഗത്ത് നിന്നുമുണ്ടായി.
വി.എം. സുധീരന്‍ പറയാനുള്ളത് പറഞ്ഞ് സ്ഥലം വിട്ടു എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ സംസാരിച്ചതിന് ശേഷവും രണ്ട് മണിക്കൂറോളം യോഗമുണ്ടായിരുന്നു. ശശി തരൂരും കെ. മുരളീധരനുമെല്ലാം ആ സമയത്ത് സംസാരിച്ചിരുന്നു. അതിന് ശേഷം എന്റെ മകന്‍ വിദേശത്തേക്ക് പോകുകയാണ്, അവനെ യാത്രയാക്കണമെന്ന് യോഗത്തില്‍ പരസ്യമായി പറഞ്ഞാണ് ഞാന്‍ പോന്നത്. അതല്ലാതെ അവര്‍ പറയുന്നത് പോലെ ഞാന്‍ ഏകപക്ഷീയമായി യോഗത്തില്‍ നിന്ന് പോയി എന്ന് പറയുന്നത് ശരിയല്ല. അവരെപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ എന്നെ കുറിച്ച് തെറ്റിദ്ധാരണജനകമായി സംസാരിച്ചതില്‍ എനിക്ക് അതിയായ ദുഖമുണ്ട്.
എന്നെപോലൊരാള്‍ മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിക്കുന്ന സുപ്രധാനമായ ഒരു കാര്യം പറഞ്ഞിട്ട് അതില്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു ചര്‍ച്ചയുമുണ്ടായില്ല. രണ്ട് വര്‍ഷം ഞാന്‍ കാത്തിരുന്നിട്ടുണ്ട് അങ്ങനൊരു ചര്‍ച്ചയുണ്ടാകുമോ എന്നറിയാന്‍. കെ.പി.സി.സി നേതാക്കന്‍മാരോട് ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍ പറയുക അദ്ദേഹം പണിനിര്‍ത്തിപ്പോയി എന്നാണ്. അതെന്നെ വേദനപ്പിച്ചിട്ടുണ്ട്. ഞാന്‍ കേരത്തിലെ എല്ലാ കോണ്‍ഗ്രസ് പരിപാടികളിലും പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് എന്നെ കുറിച്ച് ‘അദ്ദേഹം പണിനിര്‍ത്തിപ്പോയി’ എന്ന് പറയുന്നത്.
അഭിപ്രായ വ്യത്യാസമുള്ളവരും വിയോജിപ്പുള്ളവരും പാര്‍ട്ടി വിട്ടുപോകട്ടെയെന്നാണ് ഇവരുടെയൊക്കെ ആറ്റിറ്റിയൂഡെന്ന് അതോടെ എനിക്ക് മനസ്സിലായി. എന്തൊരു തെറ്റായ പ്രവര്‍ത്തന ശൈലിയാണിത്. ആന്റണി, വയലാര്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരുടെയൊക്കെ കാലത്ത് ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അവരുടെ വീട്ടില്‍ പോയി അവരെ കൂടി ഈ പാര്‍ട്ടിയുടെ കൂടെ നിര്‍ത്തുന്നതായിരുന്നു രീതി. ഇപ്പോള്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അവര്‍ പോകട്ടെ എന്നാണ് നിലപാട്. നമ്മളൊക്കെ പാര്‍ട്ടിയില്‍ നിന്ന് പോകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത് എന്ന് എനിക്കിപ്പോള്‍ മനസ്സിലായി.
പക്ഷെ, ഒരു കാര്യം ഞാന്‍ തുറന്നു പറയുന്നു. അവരൊക്കെ കോണ്‍ഗ്രസില്‍ വരുന്നതിന് മുമ്പേ ഞാന്‍ കോണ്‍ഗ്രസുകാരനാണ്. ഞാന്‍ ജനിച്ചതേ കോണ്‍ഗ്രസുകാരനായാണ്. എന്നെപോലുള്ളവര്‍ പോകട്ടെയെന്നാണ് ഇവരുടെ മനസ്ഥിതി. അതുകൊണ്ട് തന്നെ ഒരു കാര്യം എനിക്ക് മനസ്സിലായി. ഇവരാരും സദുദ്ദേശത്തോട് കൂടി പ്രവര്‍ത്തിക്കുന്നവരല്ല എന്ന്. കഴിഞ്ഞ ദിവസം ഞാന്‍ എ.കെ. ആന്റണിയുമായി രണ്ട് മണിക്കൂറോളം സംസാരിച്ചു. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ തന്നെ എന്റെ മനസ്സിന്റെ ഭാരം വളരെയേറെ കുറഞ്ഞു.
അപ്പോള്‍ ഞാന്‍ തീരുമാനിച്ചു, ഇവരെയാരേയും കാത്തുനില്‍ക്കേണ്ടതില്ല. ഈ പാര്‍ട്ടി എന്റേത് കൂടിയാണ്. അത് കൊണ്ട് പറയാനുള്ള കാര്യങ്ങള്‍ കെ.പി.സി.സി യോഗത്തില്‍ പങ്കെടുത്ത് കൊണ്ട് പറയുക എന്ന്. അങ്ങനെയാണ് ഞാന്‍ ഇന്നലെ യോഗത്തില്‍ പങ്കെടുത്ത് പറയാനുള്ളത് പറഞ്ഞത്.
content highlights: Full version of the press conference conducted by vm Sudheeran against k Sudhakaran.