| Thursday, 7th September 2023, 4:04 pm

മതം മനുഷ്യനെ വേര്‍തിരിക്കുന്നിടത്ത് എതിര്‍പ്പിന്റെ ആദ്യ ശബ്ദം എന്റേതായിരിക്കും | Udhayanidhi Stalin

ഷഹാന എം.ടി.

അണ്ണന്റെ വാക്കുകൾ ഉദ്ധരിച്ച് ഉദയനിധി സ്റ്റാലിൻ അണികൾക്ക് എഴുതിയ കത്തിന്റെ പൂർണരൂപം

എന്റെ പാർട്ടി അംഗങ്ങൾക്ക് ചില കാര്യങ്ങളിൽ വ്യക്തത നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. സെപ്റ്റംബർ 2ന്, “സനാതനയുടെ ഉന്മൂലന”ത്തിന് ആഹ്വാനം നൽകിക്കൊണ്ട് സി.പി.ഐ.എമ്മിന്റെ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ (ടി.എൻ.പി.ഡബ്ല്യു.എ.എ) സംഘടിപ്പിച്ച സമ്മേളനത്തിൽ ഞാൻ പങ്കെടുത്തിരുന്നു.

“കഴിഞ്ഞ ഒമ്പത് വർഷമായി നിങ്ങളുടെ (ബി.ജെ.പി) വാഗ്ദാനങ്ങളെല്ലാം പൊള്ളായായിരുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി യഥാർത്ഥത്തിൽ നിങ്ങൾ എന്താണ് ചെയ്തിട്ടുള്ളത്?” നിലവിൽ രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ ഫാസിസ്റ്റ് ബി.ജെ.പി സർക്കാരിനോട് ചോദിക്കുന്ന ചോദ്യം ഇതാണ്.

ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാക്കൾ ടി.എൻ.പി.ഡബ്ല്യു.എ.എ സമ്മേളനത്തിൽ ഞാൻ നടത്തിയ പ്രസംഗത്തെ “വംശഹത്യക്ക് ആഹ്വാനം ചെയ്തു” എന്ന രീതിയിൽ വളച്ചൊടിക്കുന്നത്. സ്വയം സംരക്ഷിക്കുവാൻ അവർ ഇത് ഒരു ആയുധമാക്കുന്നു.

ഉദയനിധി സ്റ്റാലിൻ

എന്നാൽ എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം, അമിത് ഷായെ പോലുള്ള കേന്ദ്ര മന്ത്രിമാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ വ്യാജ വാർത്തയുടെ അടിസ്ഥാനത്തിൽ എനിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നു എന്നതാണ്.

ശരിക്കും, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്ന് എനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതിന് ഞാനാണ് അവർക്കെതിരെ ക്രിമിനൽ കേസും മറ്റും കൊടുക്കേണ്ടത്. എന്നാൽ ഇത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണെന്ന്  എനിക്ക് ബോധ്യമുണ്ട്. ഇതല്ലാതെ എങ്ങനെയാണ് നിലനിക്കേണ്ടത് എന്ന് അവർക്ക് അറിയില്ല. അതുകൊണ്ട് ഞാൻ അവർക്കെതിരെ ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.

അമിത് ഷാ

ഡി.എം.കെയുടെ സ്ഥാപകനായ പേരരശിയരുടെ രാഷ്ട്രീയ പിന്‍ഗാമികളില്‍ ഒരാളാണ് ഞാന്‍. ഞങ്ങള്‍ ഒരു മതത്തിന്റെയും ശത്രുക്കളല്ല എന്ന് എല്ലാവര്‍ക്കും അറിയാം.

മതങ്ങളെ കുറിച്ച് അണ്ണാദുരൈ അണ്ണന്‍ നടത്തിയ, ഇന്നും പ്രസക്തമായ ഒരു പരാമര്‍ശം ഇവിടെ ഉദ്ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

‘ഒരു മതം ജനങ്ങളെ സമത്വത്തിലേക്ക് നയിക്കുകയും സാഹോദര്യം പഠിപ്പിക്കുകയും ചെയ്താല്‍ ഞാനും ഒരു ആത്മീയവാദിയാണ്. എന്നാല്‍ ഒരു മതം ജാതിയുടെ പേരില്‍ ജനങ്ങളെ വേര്‍തിരിച്ചാല്‍, അയിത്തവും അടിമത്തവും അവരെ പഠിപ്പിച്ചാല്‍, ആ മതത്തെ എതിര്‍ക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും.’

 

‘മനുഷ്യരെല്ലാം തുല്യരായാണ് ജനിക്കുന്നത്’ എന്ന് പഠിപ്പിക്കുന്ന എല്ലാ മതങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ, ഇതിനെകുറിച്ചൊന്നും ശകലം പോലും അറിവില്ലാതെ മോദിയും അനുയായികളും അപവാദങ്ങളെ മാത്രം ആശ്രയിച്ചാണ് പാര്‍ലമെന്ററി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. മറുവശത്ത്, എനിക്ക് അവരോട് സഹതാപം മാത്രമേയുള്ളൂ. കഴിഞ്ഞ ഒമ്പത് വര്‍ഷം മോദി ഒന്നും ചെയ്തിട്ടില്ല.
ഇടയ്ക്ക് അദ്ദേഹം നോട്ട് നിരോധിക്കും, കുടിലുകള്‍ മറയ്ക്കാന്‍ മതില്‍ പണിയും, പുതിയ പാര്‍ലമെന്റ് മന്ദിരം പണിയും, അവിടെ ഒരു ചെങ്കോല്‍ നാട്ടും, രാജ്യത്തിന്റെ പേര് മാറ്റിക്കളിക്കും.

വിദ്യാര്‍ത്ഥിനികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയ ‘പുതുമൈ പെണ്‍’ പദ്ധതി, മുഖ്യമന്ത്രിയുടെ പ്രാതല്‍ പദ്ധതി, അല്ലെങ്കില്‍ കലൈഞ്ജരുടെ സ്ത്രീകളുടെ അവകാശങ്ങളുടെ പദ്ധതി പോലെയുള്ള എന്തെങ്കിലും പുരോഗമനപരമായ കാര്യങ്ങള്‍ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ? മധുരൈയില്‍ അവര്‍ എയിംസ് പണിതിട്ടുണ്ടോ? കലൈഞ്ജര്‍ സെന്റിനറി ലൈബ്രറി പോലെ എന്തെങ്കിലും വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടോ?

എടപ്പാടി പളനി സ്വാമി

എടപ്പാടി പളനി സ്വാമി, വീട്ടില്‍ അടുക്കിവെച്ചിട്ടുള്ള പുസ്തകങ്ങള്‍ക്കുള്ളില്‍ താങ്കള്‍ സനാതനത്തിന്റെ അര്‍ത്ഥം തിരയുകയാണല്ലോ. ആടിന്റെ താടിയില്‍ കുറേ കാലം ഒളിച്ചിരുന്ന് കോടനാട് കൊലപാതക-കവര്‍ച്ച കേസില്‍ നിന്നും അഴിമതി കേസുകളില്‍ നിന്നും രക്ഷപ്പെടാമെന്ന് താങ്കള്‍ പ്രതീക്ഷിക്കേണ്ട. ഒരു ദിവസം ആ ആട് അപ്രത്യക്ഷമാകുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഓര്‍ത്തോളൂ.

സ്വന്തം നാവ് കൊണ്ട് പൊതുപ്രവര്‍ത്തനം നടത്തിയാല്‍ മതിയാകും എന്ന് ചിന്തിക്കുന്ന ചില ആളുകളുണ്ട്. അവരാണ് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതും എന്റെ പ്രസ്താവനകള്‍ വളച്ചൊടിക്കുന്നതും. സ്വന്തം ശബ്ദം പണയം വെച്ചാണ് അവര്‍ ഉപജീവനം നടത്തുന്നത്. അവരുടെ ഉപജീവനത്തെ ഇല്ലാതാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഞങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍, വീടുകള്‍ തോറും കയറിയിറങ്ങി ഞങ്ങള്‍ അവശ്യവസ്തുക്കളായ അരി, പലചരക്ക്, പച്ചക്കറി എന്നിവ വിതരണം ചെയ്യാറുണ്ടായിരുന്നു. ആ സമയം എ.ഡി.എം.കെയും ബി.ജെ.പിയും എന്താണ് ചെയ്തുകൊണ്ടിരുന്നത്? അവര്‍ കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ മണി മുഴക്കിയും വിളക്കേന്തിയും പൊരുതുകയായിരുന്നു. ഇന്ന് ഞങ്ങളാണ് ഭരണകക്ഷി. കലൈഞ്ജരുടെ ശതവാര്‍ഷികം മികച്ച രീതിയില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്നും ഞങ്ങള്‍ വീടുകള്‍ കയറിയിറങ്ങി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതേസമയം എ.ഐ.ഡി.എം.കെയാകട്ടെ, കാലില്‍ വീഴാനും കസേര കിട്ടാനും അവസരം തേടി പാട്ടും ഡാന്‍സും വെച്ച് പുളിഞ്ചോര്‍ സമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്.

കൊവിഡിന് വേണ്ടി സമാഹരിച്ച ‘പി.എം കെയര്‍സ്’ ഫണ്ടിന്റെ കണക്കുകള്‍ വെളിപ്പെടുത്തേണ്ടതില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. 7.5 ലക്ഷം കോടി രൂപയുമായി ബന്ധപ്പെട്ട സി.എ.ജിയുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുന്നുമില്ല. ഇന്ത്യയില്‍ തുടര്‍ന്നാല്‍ മണിപ്പൂരിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭയന്ന് അദ്ദേഹം സുഹൃത്തായ അദാനിക്കൊപ്പം ലോകം ചുറ്റുകയാണ്. വസ്തുതാപരമായി, ജനങ്ങളുടെ അജ്ഞതയാണ് അവരുടെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ആധാരം.

മണിപ്പൂരിലെ കലാപങ്ങളില്‍ 250 ലധികം ആളുകളുടെ കൊലപാതകങ്ങളില്‍ നിന്നും 7.5 കോടി രൂപയുടെ അഴിമതിയില്‍ നിന്നും ശ്രദ്ധയകറ്റാനാണ് മോദിയും കൂട്ടരും സനാതന വിഷയം ഉപയോഗിക്കുന്നത്. എടപ്പാടി പളനിസ്വാമി അവരുടെ നിയന്ത്രണത്തിലാണ്. അവരുടെ താളത്തിനൊത്ത് തുള്ളുകയാണ് അദ്ദേഹം. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, നമുക്കത് ചെയ്യാം,’ ‘നിങ്ങള്‍ രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റുകയാണോ, ചെയ്‌തോളൂ,’ – അങ്ങനെ അദ്ദേഹം മോദിയുടെ നാടകം ഇവിടെ അവതരിപ്പിക്കുന്നു.

കാഴ്ചക്കാര്‍ക്കാണ് ഇന്ന് ഏറെ പബ്ലിസിറ്റി ആവശ്യം. അങ്ങനെയുള്ള ഒരാള്‍ ചാടിവീണ് എന്റെ തലയ്ക്ക് 10 കോടി രൂപ വിലയിട്ടു. എന്റെ തലയുടെ വിലയേക്കാള്‍ എന്നെ അത്ഭുതപ്പെടുത്തുന്നത് എല്ലാം ഉപേക്ഷിച്ചു എന്ന് പറയുന്ന ഒരാളുടെ കൈയില്‍ എങ്ങനെ 10 കോടി രൂപയുണ്ടാകും എന്നതാണ്. ഇതുകൂടാതെ, പലരും എനിക്കെതിരെ രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും പരാതികള്‍ ഫയല്‍ ചെയ്യുന്നതായും അറിഞ്ഞു.

ഈ സാഹചര്യത്തില്‍ വധഭീഷണി മുഴക്കിയ ആള്‍ക്കെതിരെ ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുകയും അദ്ദേഹത്തിന്റെ കോലങ്ങളും ചിത്രങ്ങളും കത്തിക്കുകയും അപലപിച്ച് പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

നമ്മളാണ് മറ്റുള്ളവര്‍ക്ക് മാന്യത എന്താണെന്ന് പഠിപ്പിച്ച് കൊടുക്കേണ്ടത്. അങ്ങനെയാണ് നമ്മുടെ നേതാക്കള്‍ നമ്മെ പഠിപ്പിച്ചത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ഞാന്‍ നമ്മുടെ സഖാക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്. കൂടാതെ നിരവധി മുന്നേറ്റങ്ങളും ജനസേവന പ്രവര്‍ത്തനങ്ങളും നമ്മെ കാത്തിരിക്കുന്നു.

കലൈഞ്ജര്‍ എം. കരുണാനിധി

മുത്തമിഴ് അരൈഞ്ജര്‍ കലൈഞ്ജറുടെ ശതാബ്ദിയോടനുബന്ധിച്ച്, ബഹുമാന്യനായ മുഖ്യമന്ത്രിയും നമ്മുടെ പാര്‍ട്ടി അധ്യക്ഷനും സര്‍ക്കാരിനും പാര്‍ട്ടിക്കും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനായി നമ്മളെ ഏല്‍പ്പിച്ചിട്ടുണ്ട്. അതിനുപുറമേ, യൂത്ത് വിങ്ങിന്റെ രണ്ടാം സംസ്ഥാന സമ്മേളനം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

ഇത്രയധികം ജോലികള്‍ ചെയ്യാനിരിക്കെ, ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നടക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നതുപോലെയോ അവരുടെ കോലം കത്തിക്കുന്നതുപോലെയോ ഉള്ള സമയം പാഴാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് പാര്‍ട്ടി അണികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

നമ്മുടെ പാര്‍ട്ടി പ്രസിഡന്റിന്റെ മാര്‍ഗനിര്‍ദേശത്തോടും പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ ഉപദേശത്തോടും കൂടി എനിക്കെതിരെ ചുമത്തിയ കേസുകള്‍ നിയമപരമായി നേരിടുമെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നു.

ഈ അവസരത്തില്‍, സനാതന ധര്‍മത്തിന്റെ ഉന്മൂലനത്തിന് വേണ്ടി നടത്തിയ സമ്മേളനത്തിനും അതിന്റെ സംഘാടകരായ ടി.എന്‍.പി.ഡബ്ല്യു.എ.എ സഖാക്കള്‍ക്കും നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ദേശീയ തലത്തില്‍ ഒരു സംസാരവിഷയം ഉണ്ടാക്കുവാന്‍ അതിന് സാധിച്ചു.

ഞാന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാരണക്കാരനായ അണ്ണന്‍ പുതുഗൈ ഭൂപാലം പ്രഗദീശ്വരനോട് എന്റെ സ്‌നേഹം അറിയിക്കുന്നു.

പെരിയാര്‍, അണ്ണാ, കലൈഞ്ജര്‍, പേരരശിയര്‍ തുടങ്ങിയവരുടെ ആശയങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതിന് നമുക്ക് ദൃഢനിശ്ചയമെടുക്കാം.

വണക്കം.

നിങ്ങളുടെ
ഉദയനിധി സ്റ്റാലിന്‍

Content Highlight: Full text of Udayanidhi Stalin’s letter to DMK workers

ഷഹാന എം.ടി.

ഡൂൾന്യൂസ് സബ് എഡിറ്റർ ട്രെയ്നീ. കേരള സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.ജി. പൂർത്തിയാക്കി.

We use cookies to give you the best possible experience. Learn more