ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രഈലിനെ ആക്രമിച്ചു... ശശി തരൂര്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പൂര്‍ണരൂപം
speech
ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രഈലിനെ ആക്രമിച്ചു... ശശി തരൂര്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പൂര്‍ണരൂപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2023, 8:11 am

നിങ്ങളിവിടെ എത്തിയിരിക്കുന്നത് സമാധാനത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയാണ്. മനുഷ്യാവകാശങ്ങള്‍ക്കും സമാധാനത്തിനും വേണ്ടി ഇന്ത്യയിലും ഒരുപക്ഷേ ലോകത്ത് തന്നെയും നമ്മള്‍ കണ്ടിട്ടുള്ള രാഷ്ട്രീയ റാലികളില്‍ ഏറ്റവും പ്രധാനപ്പെട്ട റാലിയായിരിക്കും ഇത്.

19 ദിവസമായിട്ട് ലോകം കാണുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ദുരന്തങ്ങളിലൊന്നാണ്. എത്ര ആയിരക്കണക്കിന് ജനങ്ങളാണ് മരിച്ചുവീഴുന്നത്? നിരപരാധികളായ സ്ത്രീകള്‍, കുഞ്ഞുങ്ങള്‍. ആദ്യം ഇസ്രഈലില്‍, പിന്നെ ഗസയില്‍.

ഈ പോരാട്ടത്തിന് ഒരു ചരിത്രമുണ്ട്.ഗാന്ധിജിയുടെ കാലം തൊട്ട് ഇന്ത്യ എപ്പോഴും സമാധാനത്തിന് വേണ്ടിയാണ് നിലകൊണ്ടത്. ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം വേണമെന്ന ആവശ്യത്തിനൊപ്പമാണ് നമ്മള്‍ എപ്പോഴും നിലകൊണ്ടത്.

ഇസ്രഈലികളും ഫലസ്തീനികളും അഭിമാനത്തോടെയും സുരക്ഷിതത്വത്തോടെയും സ്വന്തം നാട്ടില്‍, സ്വന്തം അതിര്‍ത്തിക്കുള്ളില്‍ ഒരുമിച്ച് ജീവിക്കണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്.

പക്ഷേ അതല്ല നമ്മള്‍ അവിടെ കാണുന്നത്. മാനുഷിക നിയമത്തിന്റെ ലംഘനമാണ് നമ്മള്‍ അവിടെ കാണുന്നത്. ഒക്ടോബര്‍ ഏഴാം തീയ്യതി ഭീകരവാദികള്‍ ഇസ്രഈലിനെ ആക്രമിച്ചു. 1,400 വ്യക്തികളെ കൊന്നു. 200 ആളുകളെ ബന്ദികളാക്കി.

പക്ഷേ അതിന് മറുപടിയായി ഇസ്രഈല്‍ ഗസയില്‍ ബോംബാക്രമണം നടത്തി 1,400 പേരെയല്ല, ഒരു 6,000 പേരെ കൊന്നുകഴിഞ്ഞു. ബോംബിങ് നിര്‍ത്തിയിട്ടില്ല. അതുമാത്രമല്ല, ഇസ്രഈല്‍ ചെയ്യുന്ന ചില കാര്യങ്ങളും നമ്മള്‍ക്കറിയാം.

ഗസയില്‍ കിട്ടുന്ന ഭക്ഷണം ഇസ്രഈല്‍ വഴിയാണ് വരുന്നത്. അത് അവര്‍ നിര്‍ത്തി. വെള്ളം നിര്‍ത്തി, വൈദ്യുതി നിര്‍ത്തി. പെട്രോളും ഡീസലും അവര്‍ നിര്‍ത്തി. ഇപ്പോള്‍ ഗസയില്‍ ഒന്നുമില്ല.

ആശുപത്രികളൊക്കെ പ്രവര്‍ത്തിപ്പിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. നിരപരാധികളായ പൊതുജനങ്ങളും സ്ത്രീകളും കുട്ടികളും യുദ്ധം ചെയ്യാത്ത വ്യക്തികളും ഓരോ ദിവസവും മരിക്കുന്നു.

ഞങ്ങള്‍ക്കറിയാം, യുദ്ധത്തിനും ചില നിയമങ്ങളുണ്ട്. സായുധ പോരാട്ടത്തില്‍ ചില നിയമങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന ജനീവ കണ്‍വെന്‍ഷന്‍ ഉണ്ട്. അതുപ്രകാരം എല്ലാ നിരപരാധികളായ സിവിലിയന്മാരെയും സംരക്ഷിക്കണം, അവരെ ബഹുമാനിക്കണം. ഇതെല്ലാം എല്ലാ രാജ്യങ്ങളും എഴുതി ഒപ്പിട്ട കണ്‍വെന്‍ഷനുകളാണ്. ഇതെല്ലാം ഇപ്പോള്‍ ലംഘിക്കപ്പെടുകയാണ്. ഇപ്പോള്‍ നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം വലിയ ദുഃഖം നിറഞ്ഞ വാര്‍ത്തകളാണ്.

ഐക്യരാഷ്ട്ര സഭയുടെ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ എന്ന പ്രധാനപ്പെട്ട ഏജന്‍സിയാണ് ഗസയില്‍ പ്രവര്‍ത്തിക്കുന്നത്. കുറച്ച് മണിക്കൂറില്‍ അവരുടെ കൈവശമുള്ള ഇന്ധനം തീരുമെന്നും അതിന് ശേഷം അവര്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്നും അവര്‍ ഇന്ന് പറഞ്ഞിരിക്കുകയാണ്.

ആറ് ലക്ഷം ജനങ്ങളെ സംരക്ഷിക്കുന്ന അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള മാര്‍ഗമുണ്ടാവണമെന്നാണ് ഐക്യരാഷ്ട്രസഭ ഇപ്പോള്‍ പറയുന്നത്.

ഇസ്രഈല്‍ വടക്കന്‍ ഗസയിലെ വ്യക്തികളോട് തെക്ക് ഭാഗത്തേക്ക് മാറാന്‍ പറയുന്നു. നിങ്ങളിവിടെ നില്‍ക്കണ്ട, ഞങ്ങള്‍ ആക്രമിക്കാന്‍ പോകുകയാണ് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇന്ധനം ഇല്ലാത്ത വ്യക്തികള്‍ ഏത് മാര്‍ഗത്തിലൂടെയാണ് തെക്കന്‍ പ്രദേശങ്ങളിലേക്ക് പോകാന്‍ സാധിക്കുക?

അവര്‍ നടക്കണോ? ബോംബാക്രമണത്തില്‍ പലര്‍ക്കും വലിയ പരിക്കുകളുണ്ട് അവരെങ്ങനെ പോകും? അത് മാത്രമല്ല, ബോംബാക്രമണം വടക്കന്‍ ഗസയില്‍ മാത്രമല്ല, മൊത്തം ഗസയിലുമുണ്ട്. ദക്ഷിണ ഗസയിലും ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

മാനുഷിക സഹായം കൊണ്ടുവരണമെന്നൊരു തീരുമാനം ഐക്യരാഷ്ട്രസഭയും ലോകത്തെ പല രാജ്യങ്ങളും പ്രഖ്യാപിച്ചപ്പോള്‍, അത് ദക്ഷിണത്തില്‍ നിന്നാണ് വരുന്നത്. റഫ അതിര്‍ത്തി വഴി ഈജിപ്തില്‍ നിന്നാണ് അത് വരുന്നത്.

പക്ഷേ അത് ഒരു ദിവസത്തില്‍ എഴോ എട്ടോ വാഹനങ്ങള്‍ മാത്രമേ അകത്ത് കയറ്റുന്നുള്ളൂ. അതിനര്‍ത്ഥമെന്താണ്? യുദ്ധം നടന്ന ഈ 19 ദിവസത്തിനുള്ളില്‍ 70 ലോറികള്‍ മാത്രമേ ഗസയില്‍ എത്തിയിട്ടുള്ളൂ.

പക്ഷേ, 70 അല്ല അതിന്റെ ഇരുപത് ഇരട്ടി ഓരോ ദിവസവും അവിടുത്തെ ജനങ്ങളെ രക്ഷിക്കാന്‍ ഗസയില്‍ ആവശ്യമുണ്ട് എന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഇതാണ് നമ്മള്‍ കാണുന്നത്.

ഒരു കാര്യം നേരിട്ട് പറയട്ടെ, ആ ഭീകരവാദികള്‍ നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നപ്പോള്‍ ലോകം അവരെ അപലപിച്ചു. പക്ഷേ അതേ കൂട്ടര്‍ ഇപ്പോള്‍ നമ്മളുമടക്കം ഇസ്രഈലിന്റെ ആക്രമണത്തെയും അപലപിക്കുന്നു.

ഈ യുദ്ധം തുടങ്ങിയിട്ട് 19 ദിവസമായി. പക്ഷേ ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ മരണം കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ സംഭവിച്ചതിനേക്കാള്‍ കൂടുതലാണ്.

ഒരു കണ്ണിന് പകരം ഒരു കണ്ണെടുത്താല്‍ ലോകം മുഴുവന്‍ അന്ധമാകും എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പക്ഷേ, സമാധാനം കൊണ്ടുവരാന്‍ ആരാണ് ഇപ്പോള്‍ സംസാരിക്കുന്നത്? ഭീകരവാദികളുടെ പ്രവര്‍ത്തനം നമ്മള്‍ കണ്ടു. രണ്ട് ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. മൃഗീയമായ പ്രതികരണമാണ് നമ്മള്‍ കാണുന്നത്. അത് മനുഷ്യന്മാരെ കഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍ മാത്രമാണ്.

ഞാന്‍ പറഞ്ഞതുപോലെ ഈ 19 ദിവസങ്ങളില്‍ കണ്ട നഷ്ടങ്ങള്‍, 15 വര്‍ഷക്കാലം ഫലസ്തീനികളും ഇസ്രഈലികളും മരിച്ചുകൊണ്ടിരുന്നിട്ടുണ്ട്. പക്ഷേ, ഈ 15 വര്‍ഷത്തേതെല്ലാം കൂട്ടിവെച്ചാല്‍ കൂടിയും ഇതിന് ഉത്തരമായിട്ടില്ല.

യു.എന്‍ ഓഫീസ് ഫോര്‍ കോഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് പറയുന്നു, ഈ 15 വര്‍ഷക്കാലം സെപ്റ്റംബര്‍ അവസാനം വരെ ആ പോരാട്ടത്തില്‍ 6,407 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന്.

ശ്വാസം മുട്ടുന്ന ഒരു അധിനിവേശ പ്രദേശമാണ് ഫലസ്തീന്‍ പ്രദേശങ്ങള്‍. അതേസമയത്ത് 2008 മുതല്‍ 300ഓളം ഇസ്രഈലികളും മരിച്ചിട്ടുണ്ട്. പക്ഷേ അത് കഴിഞ്ഞിട്ട് നമ്മള്‍ എന്താണ് കണ്ടത്. ഈ 19 ദിവസത്തിനുള്ളില്‍ 15 വര്‍ഷത്തെ കണക്കിനെക്കാള്‍ കൂടിയിട്ടുണ്ട്.

ഇപ്പോള്‍ നടക്കുന്നത് ആനുപാതികമല്ലാത്ത മറുപടിയാണ്. ഇസ്രഈലില്‍ 1,400 വ്യക്തികള്‍ മരിച്ചു. ഗസയില്‍ 6,000 പേര്‍ മരിച്ചുകഴിഞ്ഞു.

ഈ 19 ദിവസങ്ങളില്‍ ഒരു ഭീകരവാദികളുടെയും പ്രവര്‍ത്തനവും ഇല്ലാതെ വെസ്റ്റ് ബാങ്കില്‍ 101 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇന്നത്തെ വാര്‍ത്തയില്‍ അത് 102 ആയി. ആകെ ഒരു ഇസ്രഈലി മാത്രമേ അവിടെ മരണപ്പെട്ടിട്ടുള്ളൂ.

വടക്കന്‍ ഇസ്രഈലില്‍ ലെബനന്‍ ആണ് അയല്‍വാസി. അവിടെ ഹിസ്ബുള്ള എന്നൊരു ഗ്രൂപ്പുണ്ട്. അവിടെയും പോരാട്ടം തുടങ്ങാന്‍ ആരംഭിച്ചു. 52 വ്യക്തികള്‍ ആ ഭാഗത്ത് മരിച്ചിട്ടുണ്ട്. ഇസ്രഈലില്‍ 4 വ്യക്തികള്‍ മരിച്ചിട്ടുണ്ട്.

ഇസ്രഈല്‍ നടത്തുന്ന ഓപ്പറേഷനന്റെ പേര് സോര്‍ഡ് ഓഫ് അയണ്‍ (Sword of Iron) ഇരുമ്പിന്റെ വാള്‍ എന്നാണ് ഓപ്പറേഷന് പേര് കൊടുത്തിരിക്കുന്നത്. പക്ഷേ ഈ യുദ്ധം നിര്‍ത്താന്‍ തീരുമാനിക്കും മുമ്പ് എത്ര കുഞ്ഞുങ്ങളുടെ രക്തത്തിലാണ് ആ വാള്‍ മുക്കേണ്ടത്, ഇതിനെ കുറിച്ച് നമുക്ക് മറുപടിയില്ല.

മുസ്‌ലിം ലീഗാണ് ഈ റാലി വിളിച്ചു ചേര്‍ത്തിരിക്കുന്നത്. നമ്മള്‍ എല്ലാവരും മുസ്‌ലിം ലീഗിനെ ഇഷ്ടപ്പെടുന്നു. വളരെ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ പാര്‍ട്ടിയായിട്ടാണ് ഞാന്‍ മുസ്‌ലിം ലീഗിനെ എപ്പോഴും കണ്ടിട്ടുള്ളത്.

മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നില്‍ക്കുന്ന മുസ്‌ലിം ലീഗ് ഈ റാലി സംഘടിപ്പിച്ചത് ഇത് വെറുമൊരു മുസ്ലിം വിഷയമാണെന്നതുകൊണ്ടാണെന്ന് ആരും വിചാരിക്കരുത്. ഇത് മനുഷ്യാവകാശത്തിന്റെ വിഷയമാണ്.

എല്ലാ മനുഷ്യന്മാരും ഇതിനെ കുറിച്ച് ചിന്തിക്കണം. ബോംബ് വീഴുന്നത് ആരുടേയും മതം ചോദിച്ചിട്ടില്ല. ഫലസ്തീന്റെ ജനസംഖ്യയില്‍ ഒന്നുരണ്ട് ശതമാനം ക്രിസ്ത്യാനികളുമുണ്ട്. അവരും ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

യുദ്ധത്തിന് മതമറിയില്ല എന്നാണ് ഫാദര്‍ ഏലിയാസ് എന്ന് പറഞ്ഞ ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ ഒക്ടോബര്‍ പതിനാറാം തീയ്യതി സെന്റ് പൊര്‍ഫ്യൂറിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ച് പറഞ്ഞിരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളും അവിടെ ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ക്രിസ്ത്യന്‍ പള്ളി, ഓര്‍ത്തോഡോക്‌സ് പള്ളി ഗസയിലെ ഏറ്റവും പഴയ പള്ളിയാണ്. 1150ല്‍ പണിഞ്ഞ പള്ളിയാണത്. 900 വര്‍ഷം മുമ്പുള്ള പള്ളിയാണത്. ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും സുരക്ഷിതരായി വെക്കുന്ന പള്ളിയാണത്.

ഒക്ടോബര്‍ 16ന് നല്‍കിയ അഭിമുഖത്തില്‍ ഈ ഫാദര്‍ പറഞ്ഞു, ആരും ഈ പള്ളിയെ തൊടില്ല, ഈ പള്ളിയെ ആക്രമിക്കുന്നത് മനുഷ്യത്വത്തിന് എതിരായിരിക്കും എന്ന്. എല്ലാവര്‍ക്കും സമാധാനവും എല്ലാവര്‍ക്കും സ്‌നേഹവും എല്ലാവര്‍ക്കും സുരക്ഷിതത്വവും കൊടുക്കണം, അതാണ് ഞങ്ങളുടെ കടമ എന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

അവിടയുണ്ടായിരുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ ആര്‍ട്ടിക്കിള്‍ ഞാന്‍ വായിച്ചു, ഒരു ഫലസ്തീന്‍ ക്രിസ്ത്യന്‍ പൗരന്‍ നാല് കുഞ്ഞുങ്ങള്‍ക്കൊപ്പം ആ ചര്‍ച്ചില്‍ അഭയം തേടിയെന്നും ഈ പള്ളിയില്‍ വന്നതുകൊണ്ട് മാത്രമാണ് തങ്ങളുടെ ജീവന്‍ രക്ഷപ്പെട്ടതെന്നും അയാള്‍ പറഞ്ഞു.

എല്ലാ രാത്രിയും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും പ്രായമുള്ളവരും ചെറുപ്പക്കാരും അവിടെയെത്തി സമാധാനത്തിന് വേണ്ടി ഒരുമിച്ച് അവിടെ പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അദ്ദേഹത്തിന്റെയും ഫാദര്‍ ഏലിയാസിന്റെയും വിശ്വാസം ആ അഭിമുഖം നല്‍കി മൂന്ന് ദിവസത്തിനകം തകര്‍ന്നുവീണു.

ആ അഭിമുഖം നല്‍കി മൂന്ന് ദിവസത്തിനകം ആ പള്ളി ആക്രമിക്കപ്പെട്ടു. ഒക്ടോബര്‍ 19ന് ഇസ്രഈലിന്റെ ബോംബാക്രമണത്തില്‍ ചര്‍ച്ച് തകരുകയും ആ പള്ളിയില്‍ അഭയം തേടിയ നിരവധി ആളുകള്‍ മരിക്കുകയും ചെയ്തു. പലര്‍ക്കും പരിക്കേറ്റു. ചര്‍ച്ച് പകുതി പൊളിഞ്ഞു വീണു.

‘പള്ളികളെ ലക്ഷ്യം വെക്കുന്നതും ആക്രമിക്കുന്നതും ശക്തമായി അപലപിക്കുന്നു. ഇസ്രഈല്‍ ആക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവിടെ അഭയം നല്‍കിയിരുന്നു. ആ പള്ളിയാണ് ഇപ്പോള്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടിട്ടുള്ളത്. ഇത് ഒരിക്കലും പൊറുക്കാനാവാത്ത യുദ്ധ കുറ്റമാണ്,’ എന്ന് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാട്രിയാര്‍ക്ക് ജെറുസലേമില്‍ പറഞ്ഞു.

ഇത് പറഞ്ഞത് ഒരു മുസ്‌ലിം നേതാവല്ല, ജെറുസലേമിന്റെ ഗ്രീക്ക് ഓര്‍ത്തോഡോക്‌സ് പാട്രിയാര്‍ക്കാണ്.

അതുപോലെ അല്‍ അഹ്‌ലി അറബ് ആശുപത്രി, ഗസയിലെ ഏക ക്രിസ്ത്യന്‍ ആശുപത്രിയാണ്. 1882ല്‍ ക്രിസ്ത്യന്‍ മിഷനറി സ്ഥാപിച്ച ഒരു ആശുപത്രിയാണ്. അതില്‍ ബോംബ് വീണിട്ട് ധാരാളം മനുഷ്യര്‍ മരിച്ചുപോയി.

ആ സമയത്ത് കാന്‍ഡിബറിയിലെ ആര്‍ച്ച്ബിഷപ്പ്, പോപ്പിനെ പോലെ അദ്ദേഹമാണ് ആ പള്ളിയിലെ നേതാവ്, അദ്ദേഹം പറഞ്ഞത് ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആശുപത്രികളെയും ഡോക്ടര്‍മാരെയും രോഗികളെയും സംരക്ഷിക്കണം എന്നുമായിരുന്നു.

ഒരു ഇംഗ്ലീഷ് ആര്‍ച്ച് ബിഷപ്പാണ് ഇക്കാര്യം ജനങ്ങളെ ഓര്‍മപ്പെടുത്തുന്നത്. ഇതിനൊക്കെ അന്താരാഷ്ട്ര നിയമങ്ങളുണ്ട്. മാനുഷിക നിയമത്തിന്റെ ലംഘനമാണ് നിങ്ങള്‍ നടത്തുന്നത്. ആശുപത്രികളെയും രോഗികളെയും ഡോക്ടര്‍മാരെയും ഒരിക്കലും ആക്രമിക്കരുത് എന്നാണ് അവര്‍ വീണ്ടും ചൂണ്ടിക്കാണിച്ചത്.

എന്നിട്ടും ആശുപത്രിയിലെ ജീവനക്കാര്‍ സാധിക്കുന്നതുപോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് വെളിച്ചമില്ല, ഇന്ധനമില്ല വൈദ്യുതിയില്ല.

ആ ആശുപത്രിയുടെ ഡയറക്ടര്‍ ഒരു അറബ് ക്രിസ്ത്യന്‍ ആണ്. അവര്‍ പറയുന്നു, ‘ഞാന്‍ 30 വര്‍ഷമായി ആശുപത്രിയില്‍ സേവനം ചെയ്യുന്നു. ഈ ആശുപത്രിയില്‍ എപ്പോഴും സ്‌നേഹവും സമാധാനവും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.

ഞങ്ങള്‍ ഈ ആശുപത്രിയില്‍ പ്രവര്‍ത്തിച്ച് പഠിച്ചിരിക്കുന്നത് നമ്മളെല്ലാവരും ഒരേ ദൈവത്തിന്റെ മക്കളാണ് എന്നാണ്. ക്രിസ്ത്യനാണോ ജൂതന്‍ ആണോ മുസ്‌ലിം ആണോ എന്ന വ്യത്യാസമില്ല,’ എന്നാണ് ഡോ. സുഹൈല്‍ അത്തറാസി എന്ന അറബ് ക്രിസ്ത്യന്‍ ഡോക്ടര്‍ പറയുന്നത്.

ഈ കഥ നമുക്ക് ചരിത്രത്തിലും കണ്ടുപിടിക്കാന്‍ സാധിക്കും.

ശരിക്കും നമ്മള്‍ ഈ പോരാട്ടത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍, 3,600 വര്‍ഷങ്ങള്‍ക്കു മുമ്പ് അസീറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശങ്ങളെല്ലാം. ക്രിസ്തു ജനിക്കുന്നതിന് ഒമ്പത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവിടെ ചെറിയ രാജ്യങ്ങള്‍ ജനിച്ചു. ഇസ്രഈല്‍, ജൂത, ജരിയ, ഫലസ്തീന്‍ ഇവരൊക്കെ വന്നു.

ഒരു ഭാഗത്ത് ഈജിപ്ത് മറ്റേ ഭാഗത്ത് അസീറിയന്‍ സാമ്രാജ്യം. ചെറിയ രാജ്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇസ്രഈല്‍ അന്നൊരു ചെറിയ രാജ്യമായത് കാരണം, സോളമന്റെ കാലം കഴിഞ്ഞ ശേഷം ഇസ്രഈല്‍ രാജ്യം നഷ്ടപ്പെട്ടു.

ക്രിസ്തുവിന് എട്ട് നൂറ്റാണ്ട് മുമ്പ് ആദ്യം അസീറിയന്‍സ് ആക്രമിച്ചു. പിന്നീട് ബാബിലിയോണിയന്‍സ് വന്ന് ആക്രമിച്ചു. അങ്ങനെയാണ് പല യഹൂദികളും ബോട്ടില്‍ കയറി കേരളത്തില്‍ എത്തിയത്. അത് ചരിത്രത്തില്‍ നമുക്ക് അറിയാം.

അവര്‍ ആ നാടുവിട്ട് ഓരോ രാജ്യത്ത് അഭയാര്‍ത്ഥികളായി വന്നു. ആ സമയത്ത് ഇസ്രഈലികളും ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും എബ്രഹാമിനെയാണ് അവരുടെ മുന്‍ഗാമിയായി കാണുന്നത്.

മൂന്ന് മതവും, യഹൂദികള്‍ പ്രാര്‍ത്ഥിക്കുന്നതും ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുന്നതും ഇസ്‌ലാം ബഹുമാനിക്കുന്നതും ഒരേ എബ്രാഹാമിനെ തന്നെയാണ്. അതുകൊണ്ട് പല വിധത്തില്‍ സഹോദരന്മാര്‍ തമ്മിലുള്ള പോരാട്ടമാണ് കുറേ കാലമായി നടക്കുന്നത്.

ഇതെല്ലാം സംഭവിച്ച ശേഷം 1917ല്‍ ഓട്ടോമന്‍ സാമ്രാജ്യം ആയിരുന്നു ഇവിടെ ഭരിച്ചിരുന്നത്. ഒന്നാം ലോക മഹായുദ്ധം തോറ്റപ്പോള്‍,എല്ലാവരും ഒരുമിച്ച് ജീവിക്കുന്ന ഫലസ്തീനില്‍ ബ്രിട്ടീഷുകാര്‍ വന്ന് ആ രാജ്യം കീഴടക്കി.

എന്നിട്ട് 1917ല്‍ ഒരു പ്രഖ്യാപനം നടത്തി. ജൂതന്മാര്‍ക്ക്, ഇസ്രഈലികള്‍ക്ക് ഫലസ്തീനില്‍ സ്വന്തം നാട് നല്‍കുമെന്ന് വാഗ്ദാനം നല്‍കി. ഫലസ്തീനികളെ ബാധിക്കാതെ ജൂതന്മാര്‍ക്ക് അവിടെ താമസിക്കാമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. 1947 വരെ അങ്ങനെ ഒരുമിച്ച് ആ പ്രദേശത്ത് യഹൂദികളും ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ഒന്നിച്ച് ജീവിച്ചു.

പക്ഷേ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തു. 1947ല്‍ ഐക്യരാഷ്ട്ര സഭ ഇരു രാജ്യങ്ങളായി വിഭജിക്കാന്‍ പദ്ധതി കൊണ്ടുവന്നു. യഹൂദികള്‍ക്ക് 56.5 ശതമാനം ഭൂമിയും ഫലസ്തീനികള്‍ക്ക് 43.5 ശതമാനം ഭൂമിയും നല്‍കിയിട്ട് ജറുസലേമിനെ യു.എന്‍ ഭരണപ്രദേശമായി മാറ്റുകയും ചെയ്തു.

ഇന്ത്യ ഇതിനെ പിന്തുണച്ചില്ല. യഹൂദികളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇന്ത്യയിലേത് പോലെ ഒരു മതേതര രാജ്യമെന്ന നിലയില്‍ ഒരുമിച്ച് ജീവിക്കട്ടെ എന്ന് പറഞ്ഞു.

പക്ഷേ ഐക്യരാഷ്ട്രസഭയില്‍ അന്നുണ്ടായിരുന്ന മൂന്നില്‍ രണ്ട് ആളുകളുടെ പിന്തുണ ഇവരെ വിഭജിക്കുന്നതിന് ലഭിച്ചു. 56 രാജ്യങ്ങളില്‍ 33 പേര്‍ നിര്‍ദേശത്തിന് അനുകൂലമായി വോട്ട് ചെയ്തു. 13 പേര്‍ എതിര്‍ത്തു. പത്ത് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ജവഹര്‍ലാല്‍ നെഹ്‌റു എപ്പോഴും യഹൂദികള്‍ക്ക് ഒപ്പം നിന്ന ഒരു നേതാവായിരുന്നു. ഫലസ്തീന്‍ അറബികളുടെ നാടാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അവരുടെ ഭൂമിയെടുത്ത് ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

1938ല്‍ ഇംഗ്ലീഷില്‍ എഴുതിയ ലേഖനത്തില്‍ മഹാത്മാഗാന്ധി പറഞ്ഞത് ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതാണെങ്കില്‍ ഫ്രാന്‍സ് ഫ്രഞ്ചുകാരുടേതാണെങ്കില്‍ ഫലസ്ത്നീന്‍ അറബികളുടേതാണെന്നാണ്. പക്ഷേ ഇസ്രഈല്‍ സ്ഥാപിച്ചുപോയി. ഫലസ്തീന്‍ സ്ഥാപിച്ചില്ല.

1948ല്‍ അറബ് രാജ്യങ്ങള്‍ ഇസ്രഈലിനോട് യുദ്ധം ചെയ്തു, പരാജയപ്പെട്ടു. വീണ്ടും 1967ല്‍ ആറ് ദിവസത്തെ യുദ്ധമുണ്ടായി. അതിലും അറബ് രാജ്യങ്ങള്‍ പരാജയപ്പെട്ടു. അപ്പോഴാണ് പി.എല്‍.ഒ എന്ന ഫലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ചത്.

ആറ് വര്‍ഷം കഴിഞ്ഞ് 73ല്‍ ചില അറബ് രാജ്യങ്ങള്‍ വീണ്ടും ഇസ്രഈലിനെ ആക്രമിച്ചപ്പോഴും മാറ്റം വന്നില്ല, ഇസ്രഈല്‍ ശക്തമായി നിന്നു എന്ന് മാത്രമല്ല, അവര്‍ക്ക് ലോകത്തിന്റെ പ്രത്യേകിച്ച് അമേകരിക്കയുടേയും യൂറോപ്പിന്റേയും പിന്തുണ ഉണ്ടായിരുന്നു. പിന്നെ കാര്യങ്ങളൊന്നും നന്നായി മുന്നോട്ട് പോയില്ല. അപ്പോഴാണ് ഐക്യരാഷ്ട്ര സഭയില്‍ സമാധാനത്തിന്റെ സംസാരം തുടങ്ങിയത്.

1974ല്‍ തന്നെ ഇന്ത്യ പി.എല്‍.ഒയെ അംഗീകരിച്ചു. 75ല്‍ ഇന്ത്യയും പി.എല്‍.ഒയും നയതന്ത്ര ബന്ധം സ്ഥാപിച്ചു, ദല്‍ഹിയില്‍ അവരുടെ എംബസി തുറന്നു. മാത്രമല്ല, 1980ല്‍ പൂര്‍ണ നയതന്ത്ര ബന്ധമുണ്ടായി.

ഒരു രാജ്യം മറ്റൊരു രാജ്യത്തെ അംഗീകരിക്കുന്ന പോലെയുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ സാധിച്ചു. 1988ല്‍ ഇന്ത്യ ഫലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചു. ഞാന്‍ രാഷ്ട്രീയം പറയുകയല്ല, പക്ഷേ ഇതിന് മുന്‍കയ്യെടുത്ത പ്രധാനമന്ത്രിയാണ് ഇന്ദിര ഗാന്ധി.

ഞാന്‍ ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ശ്രീ യാസര്‍ അറാഫത്ത് സാഹിബിനെ മൂന്നാല് പ്രാവശ്യം നേരിട്ട് കണ്ട് സംസാരിക്കാനുള്ള അവസരമുണ്ടായി. ന്യൂയോര്‍ക്കിലും ദാവോസിലുമൊക്കെ വെച്ച് കാണുമ്പോള്‍ എപ്പോഴും അദ്ദേഹം ഇന്ദിര ഗാന്ധിയുടെ ഓര്‍മകളാണ് പറയുക. ഒരു ജ്യേഷ്ഠ സഹോദരിയെ പോലെയാണ് അദ്ദേഹം ഇന്ദിര ഗാന്ധിയെ പറ്റി സംസാരിച്ചത്. ഇന്ത്യയുടെ പിന്തുണ എപ്പോഴും ഫലസ്തീനുണ്ടെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.

സമാധാനത്തിന്റെ ശ്രമം, 73ന് ശേഷം പത്തിരുപത് വര്‍ഷം കഴിഞ്ഞ ശേഷമാണ് ആരംഭിച്ചത്. 1993ല്‍ ഒസ്ലോ കോഡ് വന്നു. നോര്‍വേയിലായിരുന്നു ആ മീറ്റിങ്. ഇസ്രഈലും ഫലസ്തീനും അതില്‍ ഒപ്പിട്ടു, ആയുധം ഉപേക്ഷിച്ചു.

95ല്‍ രണ്ടാമത്തെ ഒസ്ലോ കോഡ് ഉണ്ടായി. അതുപ്രകാരം ഒരു ഭാഗം ഫലസ്തീനും ഒരു ഭാഗം ജോയിന്റ് അഡ്മിനിസ്ട്രേഷനും ഒരു ഭാഗം ഇസ്രഈലും ഭരിക്കട്ടെ എന്ന് തീരുമാനിച്ചു. പക്ഷേ വെള്ളവും ധാതുക്കളും കൃഷി ചെയ്യാന്‍ പറ്റുന്നതുമായ നല്ല ഭൂമി ഈസ്രഈലാണ് എടുത്തത്. അതുകൊണ്ട് ഇന്‍തിഫാദകള്‍ തുടങ്ങി.

അറബുകള്‍ അവരുടെ അവകാശത്തിന് വേണ്ടി ഇസ്രഈലിനെ എതിര്‍ക്കാന്‍ തുടങ്ങി. അതില്‍ അവര്‍ക്ക് നഷ്ടങ്ങളുണ്ടായി. മാത്രമല്ല ഇസ്രഈല്‍ വലിയ മതില്‍ കെട്ടാന്‍ തുടങ്ങി, ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചു.

അധിനിവേശം നടത്തിയ സ്ഥലത്ത് തന്നെ പല സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കാന്‍ ഇസ്രഈല്‍ തീരുമാനിച്ചു. ഫലസ്തീനികളുടെ ഭൂമിയിലും ഇസ്രഈലികളുടെ സെറ്റില്‍മെന്റുകള്‍ വന്നിട്ടുണ്ട്. ഇതെല്ലാം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്. എന്നാല്‍ അതൊന്നും ഇസ്രഈല്‍ കേള്‍ക്കാന്‍ തയാറല്ല.

യാസര്‍ അറാഫത്തിന്റെ ഫത്താ വെസ്റ്റ് ബാങ്കിലാണുള്ളത്. പക്ഷേ ഗാസയില്‍ 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസാണ് ജയിച്ചത്. അതിന് ശേഷം തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല.

ഹമാസ് ഇടക്കിടക്ക് ഇസ്രഈലിലേക്ക് റോക്കറ്റ് അയച്ചിട്ടുണ്ട്. 2008ലും, 12ലും, 21ലും ഇസ്രഈലും ബോംബിട്ടിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ നമ്മള്‍ കാണുന്നത് അതിനെക്കാളും വലിയ ദുരന്തമാണ്.

ഇസ്രഈലിന് ഭൂമി നല്‍കുക, ഇസ്രഈല്‍ ഫലസ്തീനികള്‍ക്ക് സമാധാനം നല്‍കുക എന്നാണ് ഇന്ത്യ എപ്പോഴും പറഞ്ഞിട്ടുള്ളത്. ലാന്റ് ഫോര്‍ പീസ് എന്നായിരുന്നു മുദ്രാവാക്യം. ഓരോരോ അറബ് രാജ്യങ്ങളും അവസാനത്തില്‍ ഇസ്രഈലിന്റെ സാന്നിദ്ധ്യം അംഗീകരിച്ചിരുന്നു. ചില അറബ് രാജ്യങ്ങള്‍ ഇസ്രഈലിന് സ്ഥാനം നല്‍കുകയും ചെയ്തിട്ടുണ്ട്. 1947ല്‍ ഇസ്രഈല്‍ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത പല അറബ് രാജ്യങ്ങളും ഇന്ന് ഇസ്രഈലിനെ അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും ഈ രണ്ട് രാജ്യങ്ങള്‍ക്കും പരിഹാരമുണ്ടായിട്ടില്ല.

ഉദ്ഘാടകന്‍ സാദിഖലി തങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തിയ പോലെ, ലോക സമസ്ത സുഖിനോ ഭവന്തു എന്നതാണ് സമാധാനത്തോടെ എല്ലാവരും ഈ ലോകത്ത് ജീവിക്കാനുള്ള ഒരു പ്രാര്‍ത്ഥന. കേരളം എല്ലാവരെയും സ്വീകരിക്കുന്ന നാടാണ്. എല്ലാവരും ഒരുമിച്ച് ജീവിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്ന നാടാണ്.

ബാബിലോണിയന്‍സും റോമക്കാരും യഹൂദന്‍മാരെ ആക്രമിച്ചപ്പോള്‍ കേരളത്തില്‍ യഹൂദരെ സ്‌നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. യഹൂദര്‍ക്കെതിരെ ഒരു തരത്തിലുമുള്ള വിവേചനം ഉണ്ടാകാത്ത ലോകത്തിലെ ഏക സ്ഥലം കേരളം മാത്രമാണ്. 8000 യഹൂദികള്‍ കേളത്തില്‍ നിന്ന് ഇസ്രഈലില്‍ പോയി താമസിക്കുന്നുണ്ട്. അവര്‍ക്കറിയാം കേരളത്തിന്റെ സ്പിരിറ്റ്.

ഇവിടെ കൂടിയിരിക്കുന്ന ജനങ്ങള്‍ നല്‍കുന്ന സമാധാനത്തിന്റെ സന്ദേശം ഇസ്രഈല്‍ കേള്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവര്‍ ഈ ആക്രമണം നിര്‍ത്തണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇസ്രഈല്‍ ഈ ആക്രമണം ഉടന്‍ നിര്‍ത്തി ഒരു വെടിനിര്‍ത്തലാണ് പ്രഖ്യാപിക്കേണ്ടത്.

മഹ്മൂദ് ദര്‍വീഷിന്റെ ഒരു കവിത ചൊല്ലി ഞാന്‍ പ്രസംഗം അവസാനിപ്പിക്കുന്നു. നേതാക്കള്‍ സമാധാനം കൊണ്ടുവരുമ്പോഴേക്കും സാധാരണക്കാര്‍ക്ക് എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും. മകനെ നഷ്ടപ്പെട്ട അമ്മ, ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യ, അച്ഛനെ നഷ്ടപ്പെട്ട കുട്ടികള്‍, അവരെ കുറിച്ചാണ് ചിന്തിക്കേണ്ടത്. അവരുടെ പേരില്‍ ഒരിക്കല്‍ കൂടി മനഷ്യാവകാശവും സമാധാനവും ആവശ്യപ്പെട്ട് കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

content highlights: Full text of Shashi Tharoor’s speech at Muslim League’s Palestine Solidarity Rally