മഹുവ മൊയ്ത്രയുമായി രജ്ദീപ് സര്‍ദേശായി നടത്തിയ അഭിമുഖം ഇവിടെ കാണാം
രജ്ദീപ് സര്‍ദേശായി: പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ അന്വേഷണത്തിലുള്ള വളരെ ഗുരുതരപരമായ ആരോപണങ്ങളാണ് താങ്കള്‍ക്കെതിരെ ഉന്നയിക്കപ്പെട്ടത്. താങ്കള്‍ അത് അംഗീകരിക്കുന്നുണ്ടോ?
മഹുവ മൊയ്ത്ര:ആദ്യം തന്നെ പറയട്ടെ, പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ വരുന്ന പരാതികള്‍ വ്യാജമോ അടിസ്ഥാനരഹിതമോ ഒരാള്‍ക്ക് വിഷമമുണ്ടാക്കുന്നതോ ആകരുത് എന്നാണ്. അതുപോലെ തന്നെ സദുദ്ദേശത്തോടെ ഉള്ളതാകണം. ആരാണ് ഇവിടെ പരാതി ഉന്നയിക്കുന്നത് എന്ന് നമ്മള്‍ ആദ്യം നോക്കണം.
പരാതി ഉന്നയിച്ചിരിക്കുന്നത് ഏതെങ്കിലും ഒരു ഗവേഷകനോ സുപ്രീം കോടതി അഭിഭാഷകനോ അല്ല. ഞാനുമായി വളര്‍ത്തുമൃഗത്തിന്റെ കസ്റ്റഡിയുടെ പേരില്‍ കലുഷിത ബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിയാണ്. ഇത് കേള്‍ക്കുമ്പോള്‍ വളരെ അസംബന്ധമായി തോന്നാം, പക്ഷേ ഇതാണ് സത്യം.
ഈ ആരോപണങ്ങള്‍ പിന്നീട് ഏറ്റെടുക്കുന്നത് എന്നോട് കഴിഞ്ഞ നാലഞ്ച് വര്‍ഷമായി വിദ്വേഷമുള്ള പാര്‍ലമെന്റ് അംഗമാണ്. ഇദ്ദേഹത്തിനെതിരെ അക്കാദമിക യോഗ്യതകള്‍ വ്യാജമായി ചമച്ചതിന് ഞാന്‍ ലോക്‌സഭയില്‍ പ്രത്യേകാവകാശ പ്രകാരം പ്രമേയം നല്‍കിയതാണെന്നും ഓര്‍ക്കണം. ഇതേ കമ്മിറ്റി തന്നെയാണ് ഈ പരാതിയും പരിഗണിക്കേണ്ടത്. എന്നാല്‍ ഇതുവരെ അതുണ്ടായിട്ടില്ല.
അതുകൊണ്ട് തന്നെ എനിക്കെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി ചട്ടങ്ങള്‍ പ്രകാരം അടിസ്ഥാനരഹിതമാണ്.
രജ്ദീപ് സര്‍ദേശായി: അഭിഭാഷകനായ ജയ് ദേഹാദ്രായ് ആണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് സി.ബി.ഐക്ക് പരാതി നല്‍കിയത്. ഇത് പിന്നീട് നിഷികാന്ത് ദുബെ ഏറ്റെടുക്കുകയായിരുന്നു. ദേഹാദ്രായിയുടെ പരാതിയില്‍, ബിസിനസുകാരനായ ദര്‍ശന്‍ ഹിരനന്ദാനി താങ്കള്‍ക്ക് ഐഫോണ്‍, ഡയമണ്ടിന്റെയും എമറാള്‍ഡിന്റെയും ആഭരണങ്ങള്‍, ഹെര്‍മീസ് സ്‌കാഫുകള്‍, 35 ജോഡി സാല്‍വറ്റോര്‍ ഫെറഗാമോ ഷൂസുകള്‍, ഫ്രഞ്ച് – ഇറ്റാലിയന്‍ വൈനുകള്‍, ദുബായില്‍ നിന്നുള്ള ആഡംബര കോസ്‌മെറ്റിക്കുകള്‍, ഗൂച്ചി ക്രോകഡൈല്‍ ബെലൂച്ചി ബാഗുകള്‍, പിന്നെ ഏറ്റവും പ്രധാനമായി രണ്ട് കോടി രൂപ മൂല്യമുള്ള യു.കെ പൗണ്ട് പണമായും നല്‍കി എന്നാണ് ആരോപിക്കുന്നത്.
മഹുവ മൊയ്ത്ര: ആര്‍ക്ക് വേണമെങ്കിലും ഒരു ആരോപണം ഉന്നയിക്കാം. നാളെ നിങ്ങളുടെ വീട്ടില്‍ വന്ന് ഒരു ഷോ നടത്തുവാന്‍ നിങ്ങള്‍ക്ക് അഞ്ച് കോടി രൂപ തന്നു എന്ന് എനിക്ക് വേണമെങ്കില്‍ പറയാം രാജ്ദീപ്. എന്നാല്‍ പരാതിക്കാരന് അയാളുടെ ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിക്കണം. അയാള്‍ നല്‍കിയ പട്ടികയിലെ മുഴുവന്‍ കാര്യങ്ങളും തെളിയിക്കാന്‍ നല്‍കിയ തെളിവ് എവിടെ. പണം കൈമാറ്റം ചെയ്തുവെന്ന് പറയുമ്പോള്‍ അതിന് വ്യക്തമായ രേഖകള്‍ തെളിവായി ഹാജരാക്കണ്ടേ? അത് ഒന്നാമത്തെ കാര്യം.
ഈ പറയുന്ന സത്യവാങ്മൂലം അല്ലാതെ പണം കൈമാറിയെന്നതിന് തെളിവുകള്‍ ഒന്നുമില്ല. ഇദ്ദേഹം ഒരുപാട് സാധനങ്ങള്‍ നിരത്തി വലിയ പട്ടിക തന്നെ നല്‍കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ഗുരുതരം പണമാണ്. നമുക്ക് അതിനെ കുറിച്ച് തന്നെ സംസാരിക്കാം.
ഞാന്‍ പണമായി രണ്ട് കോടി രൂപ വാങ്ങി എന്നാണ് പറയുന്നത്. അതാണ് ഏറ്റവും വലിയ കുറ്റം. പണം നല്‍കിയിട്ടുണ്ടെങ്കില്‍, അത് എന്നാണ് കൈമാറിയത് എന്ന് പറയൂ. അത് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കൂ.
പണം നല്‍കിയത് ദര്‍ശന്‍ ഹിരനന്ദാനി എന്ന് പറയുന്നു. അദ്ദേഹം നല്‍കി എന്ന് പറയപ്പെടുന്ന സത്യവാങ്മൂലം മാധ്യമങ്ങള്‍ക്കിടയില്‍ കുറേ ദിവസമായി പ്രചരിക്കുന്നു. ദര്‍ശന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പണത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. ശരിയോ തെറ്റോ?
യാതൊരു തെളിവുകളുമില്ലാതെ ഞാന്‍ രണ്ട് കോടി രൂപ സ്വീകരിച്ചു എന്ന് എന്നോട് വൈരാഗ്യമുള്ള ഒരാള്‍ ഉന്നയിക്കുന്ന ആരോപണം മാത്രമാണ് നിങ്ങളുടെ മുമ്പില്‍ ഉള്ളത്.
ഇന്നലെ അദ്ദേഹത്തെ കമ്മിറ്റിക്ക് മുമ്പാകെ വിളിപ്പിച്ചു. 14 പ്രാവശ്യമാണ് എന്തെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചത്. എന്നാല്‍ അദ്ദേഹത്തിന് അതിന് സാധിച്ചിട്ടില്ല.
തുടക്കം മുതല്‍ ഒടുക്കം വരെ ഇതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളാണ്.
ഞാന്‍ മുമ്പ് ഒരു ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. 2008ല്‍ ഈ പറയുന്ന രണ്ട് കോടിയുടെ മൂന്ന് മടങ്ങ് ഞാന്‍ സമ്പാദിച്ചിട്ടുണ്ട്. പിന്നീട് ഞാന്‍ എന്റെ ജോലി രാജിവെച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയതാണ്. അപ്പോള്‍ പിന്നെ ഞാന്‍ രണ്ട് കോടി രൂപ സ്വീകരിച്ചു എന്ന് പറയുന്നത് തികച്ചും അസംബന്ധമാണ്.
ഇത് ഒരു വ്യാജ ആരോപണമാണ്. കാരണം ഈ ആരോപണം തെളിയിക്കാവുന്ന യാതൊരു രേഖകളുമില്ല. ബി.ജെ.പി എനിക്കെതിരെ മാധ്യമ വിചാരണയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
രജ്ദീപ് സര്‍ദേശായി: താങ്കള്‍ പറയുന്നത് രേഖാമൂലമുള്ള തെളിവുകള്‍ ഇല്ലെന്നാണ്. ദര്‍ശന്‍ ഹിരനന്ദാനി തന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത് താങ്കള്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയിരുന്നുവെന്നും ദല്‍ഹിയിലെ താങ്കളുടെ ഔദ്യോഗിക ബംഗ്ലാവ് പുതുക്കിപ്പണിയുന്നതിന് സഹായം നല്‍കിയിരുന്നുവെന്നും, ഇന്ത്യയിലും വിദേശത്തുമുള്ള താങ്കളുടെ യാത്രയുടെ സെക്രട്ടേറിയല്‍, ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍ക്ക് പുറമേ യാത്രാ ചെലവുകള്‍, അവധിക്കാലം എന്നിവയും ലഭ്യമാക്കി എന്നും പറയുന്നുണ്ട്. അപ്പോള്‍ ജയ് ദേഹാദ്രായിയുടെ ആരോപണങ്ങളെ ശരിവെക്കുന്നതല്ലേ ഹിരനന്ദാനി പറഞ്ഞത്?
മഹുവ മൊയ്ത്ര: അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. സത്യവാങ്മൂലം പൂര്‍ണമായി വായിക്കൂ. പശ്ചാത്തലത്തില്‍ ഡയമണ്ടിന്റെയും എമറാള്‍ഡിന്റെയും നെക്ലേസുകളുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചുകൊണ്ട് മോദിയുടെ കീഴിലുള്ള ഗോദി ചാനലുകളില്‍ അവതാരകര്‍ ഇത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു.
നമുക്ക് ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് നോക്കാം. ആദ്യം തന്നെ ജയ് ദേഹാദ്രായ് ഞാന്‍ സ്വീകരിച്ചു എന്ന് പറയപ്പെടുന്ന സമ്മാനങ്ങളുടെ ഒരു വലിയ പട്ടിക നിരത്തുന്നു. ദര്‍ശന്‍ ഹിരന്ദാനി ഒരു മാപ്പ് സാക്ഷിയാകുമ്പോള്‍ അദ്ദേഹം നല്‍കിയ സമ്മാനങ്ങളുടെ പട്ടികയും നല്‍കണം.
രജ്ദീപ് സര്‍ദേശായി: ദര്‍ശന്‍ ഹിരനന്ദാനി താങ്കള്‍ക്ക് ആഡംബര സമ്മാനങ്ങള്‍ നല്‍കിയെന്നും ആഡംബര ബംഗ്ലാവ് പുതുക്കിപ്പണിയാന്‍ സഹായം നല്‍കിയെന്നും യാത്രാ ചെലവുകള്‍ വഹിച്ചുവെന്നും പരാമര്‍ശിക്കുന്നുണ്ട്.
മഹുവ മൊയ്ത്ര: നമുക്ക് അത് ഓരോന്നായി നോക്കാം. ജയ് ദേഹാദ്രായ് ഒരു രേഖയുമില്ലാതെയാണ് പട്ടിക നല്‍കുന്നത്. ഫെറഗാമോ ഷൂസുകളുടെ 35 ജോഡിയെന്നൊക്കെ. ഞാന്‍ ഒരു ബാങ്കറായിരുന്നു. എങ്ങനെയാണ് അത് ഉച്ചരിക്കുക എന്ന് അദ്ദേഹം പഠിക്കുന്നതിന് മുമ്പേ ഞാന്‍ അത് ധരിക്കുന്നുണ്ട്. ഞാന്‍ ഈ രാജ്യത്തേക്ക് മടങ്ങി വന്നപ്പോള്‍ അതെല്ലാം ഉപേക്ഷിച്ച് ബാറ്റയുടേ ഹവായ് ചെരുപ്പ് ധരിക്കാന്‍ തുടങ്ങി.
ദയവായി ഹിരനന്ദാനിയുടെ സത്യവാങ്മൂലം വായിച്ചുനോക്കൂ. ഇത് മനപൂര്‍വം വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ്. എന്റെ പഴയകാല ബന്ധം ഉപയോഗിച്ച് എനിക്കെതിരെ വ്യാജ പരാതി ഉന്നയിക്കുന്നു. ശേഷം ദര്‍ശന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അവര്‍ പറഞ്ഞ പ്രകാരം സത്യവാങ്മൂലം എഴുതിപ്പിക്കുന്നു.
ഈ പരാതിയിലെ ചില വരികള്‍ വായിക്കുമ്പോള്‍ മോദിക്കും അദാനിക്കും സ്തുതിഗീതം പാടുന്നത് കാണാം. സര്‍ക്കാരിന്റെ പത്രകുറിപ്പിന്റെ അതേ ഭാഷയാണ് അവിടെയുള്ളത്. മോദിക്ക് തകര്‍ക്കാനാവാത്ത സല്‍പ്പേരാണ് ഉള്ളതെന്നും ആര്‍ക്കും അദ്ദേഹത്തെ ആക്രമിക്കാന്‍ സാധിക്കില്ല എന്നുമൊക്കെ. അത് എന്തെങ്കിലുമാകട്ടെ.
ഈ പറഞ്ഞ സത്യവാങ്മൂലത്തിന്റെ പന്ത്രണ്ടാം പേജിലാണ് എനിക്ക് തന്നതിനെ കുറിച്ചുള്ള വിശദീകരണമുള്ളത്.
ദര്‍ശന്‍ ഒരു മാപ്പുസാക്ഷി ആവുമ്പോള്‍ അദ്ദേഹം ഒപ്പുവെച്ച ഈ പറയുന്ന സത്യവാങ്മൂലത്തില്‍ എനിക്ക് തന്നു എന്ന് പറയുന്ന ഓരോ വസ്തുവിന്റെയും വിശദീകരണം തീയ്യതിയും തെളിവും ഉള്‍പ്പെടെ നല്‍കേണ്ടതുണ്ട്.
അവരാണ് ആരോപണം ഉന്നയിച്ചത്. എന്റെ ജോലിയല്ല അത് തെറ്റാണെന്ന് തെളിയിക്കേണ്ടത്. അവരാണ് ആരോപണം തെളിയിക്കേണ്ടത്.
ഇനി എന്റെ ബംഗ്ലാവ് പുതുക്കിപ്പണിയുന്നതിന് ദര്‍ശന്‍ ഹിരനന്ദാനി പണം നല്‍കി എന്ന് പറയുന്ന കാര്യം. ഞാനിപ്പോള്‍ ഇരിക്കുന്ന ഈ വസതി, 9ബി ടെലിഗ്രാഫ് ലെയ്ന്‍. ഇത് സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവാണ്.
ദര്‍ശന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഇപ്പോഴും അതെ. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ഞാന്‍ എം.പിയാകുന്നതിന് മുമ്പേ തുടങ്ങിയതാണ്. ദര്‍ശന്‍ ഹിരനന്ദാനിക്കും അദ്ദേഹത്തിന്റെ അച്ഛനും ഒരു വലിയ റിയല്‍ എസ്റ്റേറ്റ് നിര്‍മാണ സ്ഥാപനമുണ്ട്. ഇന്ത്യയിലെ തന്നെ മുന്‍നിര നിര്‍മാതാക്കളാണ് അവര്‍. എനിക്ക് ബംഗ്ലാവ് അനുവദിക്കപ്പട്ടപ്പോള്‍ അത് പൊളിഞ്ഞുവീഴാറായ ഒരു പഴയ കെട്ടിടമായിരുന്നു. വെളിച്ചം അകത്തോട്ട് കടക്കുന്നില്ലായിരുന്നു.
വീടിനകത്തേക്ക് വെളിച്ചം കയറുന്ന തരത്തില്‍ എങ്ങനെ ജനലുകളും വാതിലുകളും മറ്റും ശരിയാക്കാമെന്നും സി.പി.ഡബ്ല്യു.ഡിക്ക് ഇത് എങ്ങനെ ചെയ്യാനാകും എന്നറിയാനും ഒരു ആര്‍ക്കിടെക്റ്റിനെ വിട്ടുതരാന്‍ ഞാന്‍ ദര്‍ശനോട് ആവശ്യപ്പെട്ടു.
ഇതാണ് ദര്‍ശന്റെ ആര്‍ക്കിടെക്റ്റ് എനിക്ക് അയച്ചുതന്ന നാല് ഡിസൈനുകള്‍. ഇത് നിങ്ങള്‍ സ്‌ക്രീനില്‍ കാണിക്കൂ (ഡിസൈനുകള്‍ ഉയര്‍ത്തിക്കാണിക്കുന്നു). ഈ ഡിസൈനുകള്‍ സി.പി.ഡബ്ല്യു.ഡിയുടെ കോണ്‍ട്രാക്ടര്‍ക്കും എഞ്ചിനീയര്‍ക്കും ഞാന്‍ കൈമാറി. ഇന്ത്യന്‍ സര്‍ക്കാരിന് കീഴിലുള്ള സി.പി.ഡബ്ല്യു.ഡിയാണ് എന്റെ ഈ വസതി പുതുക്കിപ്പണിതത്. ഒരു സ്വകാര്യ കോണ്‍ട്രാക്ടറും ഈ വീടിനകത്ത് പ്രവേശിച്ചിട്ടില്ല.
എനിക്ക് ദര്‍ശന്‍ നല്‍കിയത് ഈ ഡിസൈനുകള്‍ മാത്രമാണ്. ഈ വീട് പുതുക്കിപ്പണിതതിന് ചെലവായ ഓരോ രൂപയും സി.പി.ഡബ്ല്യു.ഡിയുടേതാണ്.
എനിക്കിനി ഒരു ഇന്റീരിയര്‍ ഡിസൈനറെ കാണണമെന്ന് തോന്നിയാല്‍ ഞാന്‍ വിക്രം ബോയലിനെ കാണും. ഞാന്‍ എന്ത് ധരിക്കണമെന്ന് അറിയാന്‍ ഞാന്‍ സഞ്ജയ് ഭട്ടിനെ കാണും. ഡിസൈന്‍ ഉപദേശത്തിന് ഞാന്‍ ഒരിക്കലും നിഷികാന്ത് ദുബെയെ കാണാന്‍ പോകില്ല.
രജ്ദീപ് സര്‍ദേശായി: നിങ്ങള്‍ ദര്‍ശനില്‍ നിന്ന് വിലകൂടിയ സമ്മാനങ്ങളും അവധിക്കാല ആഘോഷങ്ങളും സെക്രട്ടേറിയല്‍ സേവനങ്ങളും കൈപ്പറ്റിയിരുന്നോ?
മഹുവ മൊയ്ത്ര: ഇന്ന് ഞാന്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് ഒരു കത്ത് നല്‍കിയിരുന്നു. ഓരോ ഇനത്തെ കുറിച്ചും ദര്‍ശന്‍ ഹിരനന്ദാനിയോട് വിശദീകരണം നല്‍കാന്‍ പറയാന്‍.
എന്താണ് ഈ വിലകൂടിയ വസ്തുക്കള്‍? എന്തുകൊണ്ടാണ് ഹിരനന്ദാനി സത്യവാങ്മൂലത്തില്‍ വിശദീകരണം നല്‍കാത്തത്? ഞാന്‍ അവര്‍ക്ക് 20 ഫെനഗാമോ ബാഗുകള്‍ നല്‍കി, ഞാന്‍ അവര്‍ക്ക് 300 ജോഡി കമ്മലുകള്‍ നല്‍കി, 30 ഡയമണ്ട് മോതിരങ്ങള്‍ നല്‍കി എന്നൊക്കെ അദ്ദേഹം എഴുതാത്തത് എന്തുകൊണ്ടാണ്?
എനിക്ക് ദര്‍ശന്‍ തന്നിട്ടുള്ള ഒരേയൊരു സമ്മാനം എന്റെ പിറന്നാളിന് നല്‍കിയ മൂന്നോ നാലോ വര്‍ഷം മുമ്പ് നല്‍കിയ സ്‌കാഫാണ്. ഇത് ഞാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ പറയേണ്ട കാര്യമാണ്. മാധ്യമ വിചാരണ നടന്നുകൊണ്ടിരിക്കുന്നത് കാരണമാണ് ഞാനിതിപ്പോള്‍ പറയുന്നത്.
ദുബായില്‍ നിന്ന് വരുമ്പോള്‍ ദര്‍ശന്‍ എന്നോട് ചോദിച്ചു, നിനക്ക് ഡ്യൂട്ടി ഫ്രീ മേക്കപ്പ് എന്തെങ്കിലും വേണോ എന്ന്. അദ്ദേഹം എന്റെ അടുത്ത സുഹൃത്തായത് കൊണ്ട് ഞാന്‍ ഉപയോഗിക്കുന്ന ബോബി ബ്രൗണ്‍ എന്ന ബ്രാന്‍ഡിന്റെ ബിട്ടന്‍ പീച്ച് ലിപ്സ്റ്റിക്കും ബാര്‍ക്ക് നിറത്തിലുള്ള ഐഷാഡോയും കൊണ്ടുവന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മേക്കപ്പ് സ്റ്റോറില്‍ നിന്ന്. മൂന്നോ നാലോ അഞ്ചോ പ്രാവശ്യം കൊണ്ടുവന്നിട്ടുണ്ട്.
വല്ലപ്പോഴും ഞാന്‍ ബോംബെയില്‍ പോകുകയാണെങ്കില്‍ അദ്ദേഹം എന്നെ കാറില്‍ എയര്‍പ്പോര്‍ട്ടില്‍ കൊണ്ടുവിടാറുമുണ്ട്. ഞാന്‍ എന്റെ സുഹൃത്തുക്കളോടൊപ്പമാണ് താമസിക്കാറുള്ളത്. പക്ഷേ അദ്ദേഹം എന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടാറുണ്ട്. നാളെയും ഞാന്‍ ബോംബെയില്‍ പോയാല്‍ അദ്ദേഹം എന്നെ എയര്‍പോര്‍ട്ടില്‍ വിളിക്കാന്‍ വരികയും തിരികെ കൊണ്ടുവിടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്ങനെയാണോ ഇന്ത്യ ടുഡേ എന്നെ സ്റ്റുഡിയോയിലേക്ക് കാറില്‍ കൊണ്ടുവരികയും തിരികെ കൊണ്ടുവിടുകയും ചെയ്യുന്നത്, അതുപോലെ.
ഈ മൂന്ന് കാര്യങ്ങളാണ് ഇതുവരെ ദര്‍ശന്‍ എനിക്ക് നല്‍കിയിട്ടുള്ളത്.
രജ്ദീപ് സര്‍ദേശായി: താങ്കളുടെ പാര്‍ലമെന്റ് ലോഗിന്‍ ഐ.ഡിയും പാസ്വേഡും അദാനിയുടെ ബിസിനസ് എതിരാളിയായിട്ടുള്ള ദര്‍ശന്‍ ഹിരനന്ദാനിക്ക് നല്‍കിയിട്ടുണ്ടെന്നും അദാനിയെ മോശമായി ചിത്രീകരിക്കുവാന്‍ താങ്കള്‍ക്ക് വേണ്ടി ചോദ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മഹുവ മൊയ്ത്ര: എങ്ങനെയാണ് ഒരു പാര്‍ലമെന്റ് അംഗം ചോദ്യം ഉന്നയിക്കുന്നത്? രണ്ട് വിധത്തിലാണ് ചോദ്യങ്ങള്‍ നല്‍കുക. ഒന്നുകില്‍ എനിക്ക് കൈകൊണ്ട് ചോദ്യം എഴുതി ഒപ്പിട്ട് നല്‍കാം. 2009 മുതല്‍ ഓണ്‍ലൈന്‍ ആയും നല്‍കാന്‍ അവസരമുണ്ട്. അപ്പോള്‍ പിന്നെ ആര്‍ക്ക് വേണ്ടിയും ചോദ്യങ്ങള്‍ എഴുതി എനിക്ക് ഒപ്പിട്ട് കൊടുക്കാം. ഹിരനന്ദാനിക്ക് വേണ്ടിയോ അംബാനിക്ക് വേണ്ടിയോ എല്ലാം. അപ്പോള്‍ പിന്നെ ചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍ ലോഗിന്‍ ഐ.ഡി നല്‍കി എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.
രജ്ദീപ് സര്‍ദേശായി: താങ്കള്‍ ദര്‍ശന്‍ ഹിരനന്ദാനിക്ക് ലോഗിന്‍ ഐ.ഡിയും പാസ്വേഡും നല്‍കിയോ ഇല്ലയോ?
മഹുവ മൊയ്ത്ര: എന്‍.ഐ.സി ലോഗിന്‍ നിങ്ങള്‍ക്ക് നല്‍കിയാല്‍ ഒരു എം.പിയും സ്വന്തമായി ചോദ്യങ്ങള്‍ എന്റര്‍ ചെയ്യില്ല. ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് അത് ലഭിക്കുവാനോ ആര്‍.ബി.സി ബോര്‍ഡിന്റെ വിവരങ്ങള്‍ ലഭിക്കുവാനോ എന്‍.ഐ.സി ലോഗിന്‍ സഹായിക്കില്ല. ചോദ്യങ്ങള്‍ അപ്ലോഡ് ചെയ്യുവാന്‍ മാത്രമേ എന്‍.ഐ.സി ലോഗിന്‍ ഉപകരിക്കൂ. ശേഷം മൊബൈല്‍ ഫോണില്‍ ഒരു ഒ.ടി.പി ലഭിക്കും. ഒരു എം.പിയും അവരുടെ ചോദ്യങ്ങള്‍ ഒറ്റയ്ക്ക് അപ്ലോഡ് ചെയ്യാറില്ല.
അവരുടെ പി.എ, ഇന്റേണ്‍സ്, പി.ആര്‍.എസ് എന്നിവരാണ് ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് അപ്ലോഡ് ചെയ്യുന്നത്. ഒരു എം.പിക്കും അവരുടെ ലോഗിനും പാസ്വേഡും അറിയില്ല. അവരുടെ ഐ.ഡിയും പാസ്വേഡും അവരുടെ ടീമിന്റെ കൈവശമാണ് ഉള്ളത്.
എന്‍.ഐ.സി ലോഗിന്‍ വിവരങ്ങള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് നിയമമൊന്നുമില്ല. 2019ല്‍ ഞാന്‍ എം.പിയായതിന് ശേഷം 61 ചോദ്യങ്ങളാണ് ചോദിച്ചത്. ഒരു എം.പി ചോദിക്കുന്ന ചോദ്യങ്ങളുടെ ദേശീയ ശരാശരി 191 ആണ്. എന്റെ സംസ്ഥാനത്തിന്റെ ശരാശരി 129 ആണ്.
ഒരു ചോദ്യം വരുമ്പോള്‍ ഞാന്‍ ദര്‍ശനോട് പറയും എനിക്ക് വേണ്ടി ഓഫീസിലുള്ള ആരോടെങ്കിലും ഞാന്‍ നല്‍കുന്ന ചോദ്യം ടൈപ് ചെയ്ത് ഒന്ന് അപ്ലോഡ് ചെയ്യാന്‍ പറയൂ എന്ന്. പക്ഷേ ഒ.ടി.പി വരുന്ന മൊബൈല്‍ നമ്പര്‍ എന്റേതാണ്. നിങ്ങള്‍ക്ക് പകരം മറ്റൊരാള്‍ക്ക് ചോദ്യം ഉന്നയിക്കാന്‍ സാധിക്കും എന്ന് പറയുന്നത് തെറ്റാണ്. കാരണം എന്റെ നമ്പറിലേക്കാണ് ഒ.ടി.പി വരുന്നത്. ദര്‍ശന്റെ ഫോണ്‍ നമ്പറല്ല, എന്റെ മൊബൈല്‍ നമ്പറാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അതുകൊണ്ട് എന്റെ ഐ.ഡി ഉപയോഗിച്ച് ദര്‍ശന്‍ സ്വയം ചോദ്യം അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞാല്‍ അത് തെറ്റാണ്. ഞാന്‍ തന്നെയാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണം പൊളിഞ്ഞപ്പോള്‍ ദുബെ ഇതൊരു ദേശീയ സുരക്ഷാ വിഷയമാക്കി മാറ്റാന്‍ നോക്കുകയാണ്.
എന്‍.ഐ.സി ലോഗിന്‍ ഐ.ഡിക്ക് നിയമങ്ങള്‍ ഇല്ല. കഴിഞ്ഞ ദിവസം പി.ഡി.ടി ആചാരി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഒരു ലേഖനം എഴുതിയിരുന്നു. ആര്‍ക്കൊക്കെ നിങ്ങളുടെ ലോഗിന്‍ ഐ.ഡി കൈവശം വെക്കാം എന്നത് സംബന്ധിച്ച് നിയമങ്ങളില്ല എന്ന്.
ഒരു വിദേശ എന്റിറ്റിക്കാണ് ഞാന്‍ അത് നല്‍കിയത് എന്ന് പറയുന്നത്. ദര്‍ശന്‍ ഹിരനന്ദാനി ഒരു ഇന്ത്യന്‍ പൗരനാണ്. അദ്ദേഹം ദുബായില്‍ നിന്നാണ് ലോഗിന്‍ ചെയ്തത് എന്ന് പറയുന്നു. ഞാന്‍ തന്നെ സിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ലോഗിന്‍ ചെയ്തിട്ടുണ്ട്. ഞാന്‍ കേംബ്രിഡ്ജില്‍ എന്റെ സഹോദരിയെ കാണാന്‍ പോയപ്പോള്‍ അവളോട് ചോദ്യമൊന്ന് ടൈപ്പ് ചെയ്ത് അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്രയും സുരക്ഷിതമാക്കേണ്ടതാണ് എന്‍.ഐ.സി എങ്കില്‍ എന്തുകൊണ്ട് ഐ.പി അഡ്രസുകള്‍ ബ്ലോക്ക് ചെയ്യുന്നില്ല? ഓരോ ചോദ്യവും വിവരാവകാശത്തിന് വിധേയമാണ് എന്നിരിക്കെ എങ്ങനെയാണ് ചോദ്യവും ഉത്തരവും രാജ്യ സുരക്ഷയെ ബാധിക്കുന്നത്.
രജ്ദീപ് സര്‍ദേശായി: താങ്കള്‍ ചോദിച്ച ചില ചോദ്യങ്ങള്‍, ഉദാഹരണത്തിന്, ദാമ്ര എല്‍.എന്‍.ജി ടെര്‍മിനലുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങള്‍ ഹിരനന്ദാനിക്ക് ഗുണം ചെയ്യുമെന്നാണ് ദേഹാദ്രായും ദുബെയും സത്യവാങ്മൂലത്തില്‍ പറയുന്നത്. മാത്രമല്ല, ബിസിനസില്‍ ഹിരനന്ദാനിയുടെ എതിരാളിയായ അദാനിയെ നിങ്ങള്‍ ലക്ഷ്യമിടുകയാണെന്നും പറയുന്നു.
മഹുവ മൊയ്ത്ര: അദാനിയെ ഞാന്‍ ലക്ഷ്യമിടുന്നു എന്ന് പറയുന്നത് ശരിയാണ്. ഞാന്‍ ഇപ്പോഴും അത് ചെയ്യുന്നു. ഈ ആരോപണം കൊണ്ട് ഞാന്‍ അടങ്ങാന്‍ പോകുന്നില്ല. ഇനിയും ഞാന്‍ അദാനിയെ ചോദ്യം ചെയ്യും. ഞാന്‍ അദ്ദേഹത്തെ ലക്ഷ്യമിടുന്നതിന് കാരണം ബി.ജെ.പിയുടെ സഹായത്തോടെ അദാനി ഈ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ വഞ്ചിച്ചുകൊണ്ട് വലിയ അഴിമതിയാണ് നടത്തികൊണ്ടിരിക്കുന്നത്. ഇതുകൊണ്ടാണ് നിങ്ങള്‍ക്ക് വൈദ്യുതിക്കും തുറമുഖത്തിനുമെല്ലാം വലിയ നിരക്കില്‍ പണം നല്‍കേണ്ടി വരുന്നത്.
ദര്‍ശന്‍ ദാമ്ര തുറമുഖത്തിന്റെ ലേലത്തില്‍ പങ്കെടുത്തിട്ടുണ്ടോ?
പി.എസ്.യുകളായ ഇന്ത്യന്‍ ഓയിലും ഗെയിലും എന്നൂറില്‍ 5000 കോടി രൂപ ചെലവില്‍ ടെര്‍മിനല്‍ നിര്‍മിച്ചു. എന്നാല്‍ ദാമ്രയില്‍ അവര്‍ ലേലത്തില്‍ നിന്ന് പിന്മാറി. അവര്‍ അദാനിക്ക് 46,500 കോടി രൂപ നല്‍കി. 4.5 എം.എന്‍.പി.ടി.എ ടെര്‍മിനല്‍ നിര്‍മ്മിക്കാനുള്ള ചെലവിന്റെ പത്തിരട്ടിയാണ് അവര്‍ അദാനിക്ക് നല്‍കിയത്.
പത്തിലൊന്ന് ചെലവില്‍ നിര്‍മിക്കാന്‍ പ്രാപ്തിയുള്ള പി.എസ്.യു എന്തിനാണ് അദാനിയെ ഏല്പിക്കുന്നത്?
മാത്രമല്ല അടുത്ത 20 വര്‍ഷത്തേക്ക് ദാമ്ര ടെര്‍മിനലില്‍ നിന്ന് തീരുമാനിച്ചുറപ്പിച്ച നിരക്കില്‍ ഇന്ധനം വാങ്ങുവാനും ഇന്ത്യന്‍ ഓയിലും ഗെയിലും ധാരണയായി. അദാനിക്ക് ഭീമമായ നിരക്കില്‍ നിര്‍മിക്കാന്‍ അനുമതിയും നല്‍കി. ഒപ്പം പൊതുസ്ഥാപങ്ങളില്‍ നിന്ന് ആ പണം അടുത്ത 20 വര്‍ഷത്തേക്ക് നിശ്ചിത നിരക്കില്‍ ലഭിക്കുകയും ചെയ്യും.
ചുരുക്കി പറഞ്ഞാല്‍ അദാനിക്ക് ദാമ്ര തുറമുഖം സൗജന്യമായി ലഭിക്കുകയും ചെയ്തു പൊതുജനം ആ പണം നല്‍കേണ്ടി വരികയും ചെയ്യുന്നു.
ഇതില്‍ ദര്‍ശന്റെ താല്പര്യം എന്താണ്. ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ എന്റെ താല്പര്യമാണ് ഇതിനെ കുറിച്ച് സംസാരിക്കുക എന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രണ്ട് ലോക്‌സഭാ എം.പിമാര്‍ വഴി നമുക്ക് സംസാരിച്ചു ഡീലില്‍ എത്താം എന്ന് പറഞ്ഞ് അദാനി എന്നെ രണ്ട് പ്രാവശ്യം സമീപിച്ചിരുന്നു. ഞാന്‍ അത് നിരസിക്കുകയായിരുന്നു. വിഷയം എന്താണെന്നാല്‍ ചോദ്യം ചോദിക്കാതിരിക്കാന്‍ അയാളാണ് പണം നല്‍കുന്നത്.
രജ്ദീപ് സര്‍ദേശായി: നിങ്ങള്‍ വളരെ ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നത്. നിങ്ങള്‍ നിശബ്ദയാകണമെന്ന് ആവശ്യപ്പെട്ട് അദാനി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ലോക്‌സഭ എംപിമാര്‍ വഴി നിങ്ങളെ രണ്ടു പ്രാവശ്യം സമീപിച്ചു എന്ന്. ശരിയല്ലേ ഈ ആരോപണമാണ് നിങ്ങള്‍ ഉന്നയിക്കുന്നത്.
മഹുവ മൊയ്ത്ര: എന്താണ് എനിക്ക് വാഗ്ദാനം ചെയ്തത് എന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ഇത് സംസാരിച്ച ഒരു ഡീലില്‍ എത്താം എന്ന ആവശ്യവുമായി രണ്ട് എം.പിമാര്‍ വഴി അദ്ദേഹം എന്നെ സമീപിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയും ഇതെല്ലാം നിര്‍ത്താം എന്നു പറഞ്ഞ് എനിക്ക് ഒരു സന്ദേശം ലഭിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ആറുമാസത്തേക്ക് അദാനിയെ കുറിച്ച് ഒന്നും മിണ്ടരുത് എന്ന് എന്നോട് പറഞ്ഞു. എല്ലാം ശരിയാകും. ഇനി നിങ്ങള്‍ക്ക് അദാനിയെ ആക്രമിക്കണമെന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കരുത് എന്ന്.
രജ്ദീപ് സര്‍ദേശായി: നിങ്ങള്‍ ഈ ആരോപണങ്ങളെയെല്ലാം ശക്തമായി പ്രതിരോധിക്കുമ്പോള്‍ നിങ്ങളുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് നിശബ്ദത തുടരുകയാണ്. എന്തുകൊണ്ടാണ് നിങ്ങളുടെ പാര്‍ട്ടി നിങ്ങളെ പ്രതിരോധിക്കാത്തത്?
മഹുവ മൊയ്ത്ര: തൃണമൂല്‍ കോണ്‍ഗ്രസിലെ എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചു എന്ന് ബി.ജെ.പി ഇതിനു മുന്‍പ് 5 പ്രാവശ്യം കഥ ഇറക്കിയിട്ടുണ്ട്. മമതാ ബാനര്‍ജി എന്തെങ്കിലും പൊതുപ്രസ്താവന നടത്തിയാല്‍ അപ്പോഴേ തുടങ്ങും മമത ഭീഷണിപ്പെടുത്തി, അവള്‍ തീര്‍ന്നു എന്ന്. കാളി വിവാദം ഉണ്ടായപ്പോള്‍ എല്ലാവരും പറഞ്ഞു പാര്‍ട്ടി അവരെ പുറത്താക്കുമെന്ന്.
ഞാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിശ്വസ്തയായ പടയാളിയാണ്. മമത ബാനര്‍ജി എന്റെ അമ്മ തന്നെയാണ്. കഴിഞ്ഞ ഒരു മാസമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.ജി.എന്‍.ആര്‍.ജി.ഇ.ജി.എ കുടിശ്ശികക്ക് വേണ്ടി പൊരുതുകയാണ്. 17000 കോടി രൂപയോളം കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്തു തീര്‍ക്കണം എന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജിയുടെയും അഭിഷേക് ബാനര്‍ജിയുടെയും നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കേന്ദ്രത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.
അതിനിടയില്‍ 33,000 കോടി രൂപയുടെ കല്‍ക്കരി അഴിമതി വേറെ. ഇതിനെല്ലാമിടയില്‍ എന്റെ വളര്‍ത്തുമൃഗത്തെക്കുറിച്ചും എനിക്ക് എത്ര ഫെറഗാമോ ഷൂകളുണ്ട് എന്നും നോക്കാന്‍ കഴിയില്ല. എനിക്ക് പിന്നാലെ കുരയ്ക്കാന്‍ ബി.ജെ.പി ഏല്പിച്ച ജാര്‍ഖണ്ഡി പിറ്റ്ബുളിനെ നോക്കിയിരിക്കാന്‍ മമതക്ക് സമയമില്ല. ഈ മീഡിയ സര്‍ക്കസിന് നിന്നു കൊടുക്കേണ്ട കാര്യം അവര്‍ക്കില്ല. എന്റെ പാര്‍ട്ടി എനിക്കൊപ്പമുണ്ട്.
എത്തിക്‌സ് കമ്മിറ്റിയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എനിക്ക് തന്നെ സാധിക്കും. ഇത്രയും കാലം ഞാന്‍ നിശബ്ദമായിരുന്നത് എത്തിക്‌സ് കമ്മിറ്റി നിയമങ്ങള്‍ക്ക് വിധേയമായാണ്. എന്നിട്ട് ഞാന്‍ കണ്ടെത്തിയത് എന്താണ്? ഇയാള്‍ ഒരു കത്തെഴുതുന്നു നിഷികാന്ത് അത് മാധ്യമങ്ങള്‍ക്ക് കൈമാറുന്നു.
നയങ്ങള്‍ക്ക് വിരുദ്ധമായി എന്നെ വിളിക്കും മുന്‍പ് കമ്മിറ്റി അവരെ വിളിപ്പിക്കുന്നു. സോന്‍കാര്‍ എന്‍.ഡി.ടി.വി ഉള്‍പ്പെടെ എല്ലാ ചാനലുകളിലും കയറി സംസാരിച്ചു കൊണ്ടിരിക്കുന്നു. റൂള്‍ 275 പ്രകാരം ഇത് അനുവദനീയമല്ല.
സ്വമേധയാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പാകെ സത്യവാങ്മൂലം നല്‍കി എന്ന് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പാകെ ആരും ദര്‍ശന്‍ ഹിരനന്ദാനിയെ വിളിപ്പിച്ചിട്ടില്ല. അദ്ദേഹം സ്വമേധയാ കൈപൊക്കി.
യാതൊരു സമ്മര്‍ദ്ദവും ഇല്ലാതെ അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം ഇങ്ങനെ ചെയ്യും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ.
സത്യവാങ്മൂലത്തിന്റെ കരട് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. പിന്നെ ഞാന്‍ തീരുമാനിച്ചു എനിക്ക് രണ്ടിടത്താണ് പൊരുതാനുള്ളത്. ഒന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പാകെ, അത് ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടാമത്തേത് പൊതുജനങ്ങളുടെ അഭിപ്രായമാണ്.
ഞാന്‍ ഇത്രയും കാലം മൗനം പാലിച്ചത് എനിക്ക് സംഘികളും ട്രോളുകളും ഒരു വിഷയമല്ല എന്നതുകൊണ്ടാണ്.
ഫാസിസ്റ്റുകള്‍ക്കെതിരെയും അദാനിക്കെതിരെയുമുള്ള ശബ്മായി ഈ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ എന്നെ കാണുന്നുണ്ട്. അപ്പോള്‍ ഈ ജനങ്ങള്‍ ചിന്തിക്കും മഹുവ നിശബ്ദയായി എന്ന്. ഒന്നിനും എന്നെ തകര്‍ക്കാന്‍ ആവില്ല എന്ന് ജനങ്ങളെ എനിക്ക് ബോധിപ്പിക്കേണ്ടതുണ്ട്. പരാതിക്കാരില്‍ ഒരാള്‍ ഇന്നലെ ഇത് ധര്‍മയുദ്ധമാണ് എന്ന് പറയുന്നത് കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു.
ഇത് ധര്‍മയുദ്ധമല്ല സുഹൃത്തേ, ഇത് ദ്രൗപതീ വസ്ത്രാക്ഷേപമാണ്.
ജയ് ദേഹാദ്രായുടെ പരാതി അന്വേഷിക്കും മുമ്പ് നിങ്ങള്‍ 33000 കോടി രൂപയുടെ കല്‍ക്കരി അഴിമതി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കൂ.
രജ്ദീപ് സര്‍ദേശായി: അപ്പോള്‍ നിങ്ങള്‍ പറഞ്ഞു വരുന്നത് എത്തിക്‌സ് കമ്മിറ്റിയുടെ മുമ്പാകെ നവംബര്‍ നാലിന് ഹാജരായി ഏത് അന്വേഷണവും നേരിടാന്‍ നിങ്ങള്‍ തയ്യാറാണ് എന്നാണ്. നിങ്ങള്‍ക്ക് ഈ കേസ് നടത്തി കുറ്റവിമുക്തയായി തിരിച്ചുവരുമെന്ന് ആത്മവിശ്വാസവുമുണ്ട് എന്നാണ്. നിങ്ങളുടെ പാര്‍ട്ടി നിങ്ങളെ പിന്തുണയ്ക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. ഈ ആരോപണങ്ങളെല്ലാം നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. ഈ ആരോപണങ്ങളെല്ലാം നിങ്ങളുടെ വിശ്വാസ്യതയെ ബാധിച്ചു എന്നുമാണ്.
മഹുവ മൊയ്ത്ര: അല്ല. ഈ ആരോപണങ്ങള്‍ ഒന്നും എന്റെ വിശ്വാസ്യതയെ ബാധിക്കില്ല. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയും ജനങ്ങളെ മൊത്തം വഞ്ചിക്കുന്ന അദാനിക്കെതിരെയും ശബ്ദമുയര്‍ത്തുമ്പോള്‍ നിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണങ്ങള്‍ നടക്കും.
അവര്‍ ഇതിനകം എന്നെ ജയിലിലിടില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കുക മാത്രമാണോ അവര്‍ക്ക് ചെയ്യാന്‍ കഴിയുക? നാച്ചുറല്‍ ജസ്റ്റിസിന്റെ നയങ്ങള്‍ പ്രകാരം അവര്‍ എന്നെയാണ് ആദ്യം കമ്മിറ്റിക്ക് മുന്‍പാകെ വിളിപ്പിക്കേണ്ടത്. പക്ഷേ ഞാനാണ് സ്വമേധയാ ഹാജരാകാം എന്ന് പറഞ്ഞത്.
രജ്ദീപ് സര്‍ദേശായി: നടക്കാതെ പോയ ഒരു റിലേഷന്‍ഷിപ്പില്‍ അകപ്പെട്ട് പോയ രണ്ട് പേര്‍ക്കിടയില്‍ നിന്നാണ് ഇത് തുടങ്ങുന്നത്. നിങ്ങള്‍ ദേഹാദ്രായിയെ വിചാരണ ചെയ്യും എന്നാണ് പറയുന്നത്. നിങ്ങള്‍ വസ്തുതകളുമായാണ് മുന്‍പോട്ട് വരുന്നത്. നിങ്ങള്‍ പണം എടുത്തിട്ടുണ്ട് എന്നതിന് തെളിവ് ഹാജരാക്കാന്‍ നിങ്ങള്‍ ദേഹാദ്രായിയെ വെല്ലുവിളിക്കുകയാണ്.
മഹുവ മൊയ്ത്ര: ഞാനും ദേഹാദ്രായിയും തമ്മിലുള്ള വിഷയം എന്ന രീതിയില്‍ ദേശീയ പ്രാധാന്യം അയാള്‍ അര്‍ഹിക്കുന്നില്ല. ബി.ജെ.പി ചെയ്തത് ഒരു വ്യാജ പരാതി ഉണ്ടാക്കിയെടുത്തു. ഇനി അവര്‍ക്ക് ദര്‍ശനെ അനുകൂലമാക്കിയെടുക്കണം. ദര്‍ശന്‍ കമ്മിറ്റിക്കു മുന്‍പാകെ ഹാജരായി എനിക്ക് എന്തൊക്കെയാണ് തന്നിട്ടുള്ളത് എന്ന് പട്ടികപ്പെടുത്തണം.
ഞാന്‍ കുറ്റക്കാരി ആണെങ്കില്‍ അതാണ് എന്നെ ശിക്ഷിക്കാന്‍ പോകുന്നത്. ഇന്നലെ അവര്‍ പറഞ്ഞു ദര്‍ശന്‍ ഒരു ഇന്ത്യന്‍ പൗരന്‍ അല്ല പിന്നെ എങ്ങനെ അദ്ദേഹത്തെ വിളിപ്പിക്കും എന്ന്. അദ്ദേഹം ഇന്ത്യന്‍ പൗരന്‍ അല്ലെങ്കില്‍ എങ്ങനെയാണ് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ ഹൈകമ്മീഷണര്‍ക്ക് മുന്‍പാകെ ഹാജരാക്കിയത്. അദ്ദേഹം ഇന്ത്യന്‍ പൗരനാണ്. കമ്മിറ്റിക്കു മുന്‍പാകെ ഹാജരാകും എന്ന് ടൈംസ് നൗവിന് കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
അവര്‍ ഏറ്റുമുട്ടാന്‍ തെരഞ്ഞെടുത്ത ആള്‍ തെറ്റിപ്പോയി. എന്നില്‍ വിശ്വസിക്കുന്ന കോടിക്കണക്കിന് ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഒന്നിനും എന്നെ തകര്‍ക്കാനാവില്ല എന്നാണ്. ഇവിടെ ഇരിക്കുന്നതിനു വേണ്ടി ഞാന്‍ എന്റെ ജീവിതത്തിലെ എല്ലാം ഉപേക്ഷിച്ചതാണ്. ഏതെങ്കിലും ഒരു ജാര്‍ഖണ്ഡി പിറ്റ്ബുളോ ഒരു എക്‌സ് റിലേഷന്‍ഷിപ്പോ വന്നാല്‍ ഒതുങ്ങുന്നതല്ല എന്റെ ജീവിതം. ഞാന്‍ എന്റെ പോരാട്ടം തുടരും, എന്താണ് സംഭവിക്കുക എന്ന് നമുക്ക് 2024ല്‍ കാണാം.
തയ്യാറാക്കിയത്: ഷഹാന എം.ടി
content highlights: Full text of Rajdeep Sardesai’s interview with Mahua Moitra