|

അദ്ദേഹം രാജ്യത്തിന് വേണ്ടി നൂറ് ശതമാനം നല്‍കി, പ്രതിപക്ഷത്തെ ഏകോപിപ്പിച്ചു; രാഹുല്‍ഗാന്ധിയുടെ യെച്ചൂരി അനുസ്മരണ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാഷ്ട്രീയത്തിലെ എന്റെ സുഹൃത്തായിരുന്നു സീതാറാം യെച്ചൂരി. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ ചലനാത്മകത എളുപ്പത്തില്‍ കാണാന്‍ സാധിക്കില്ല. രാഷ്ട്രീയ പ്രവര്‍ത്തനം മോശമാണെന്ന് പലര്‍ക്കും ധാരണയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം ക്ഷമയില്ലാത്തതും കഠിനമായതും കംഫര്‍ട്ടബിളല്ലെന്നുമാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്.

എന്നാല്‍ രാഷ്ട്രീയം ഒരു വ്യക്തിയിലെ മികച്ച പ്രവര്‍ത്തനങ്ങളെ പുറത്ത് കൊണ്ടുവരുന്നത് നിങ്ങള്‍ക്ക് അപൂര്‍വമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ യെച്ചൂരിജിയെ കണ്ട അന്നുമുതല്‍ അദ്ദേഹത്തെ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചിട്ടുണ്ട്. ആ നിരീക്ഷണത്തില്‍ ഞാന്‍ കണ്ടെത്തിയത് വളരെ ഫ്ളെക്സിബിളായ ഒരു വ്യക്തിയെയായിരുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ടിരിക്കുകയും വിലകല്‍പ്പിക്കുതയും ചെയ്ത വ്യക്തിയായിരുന്നൂ അദ്ദേഹം.

സ്വന്തം പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്നുകൊണ്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പാര്‍ട്ടികള്‍ ചേര്‍ന്ന പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചത് അദ്ദേഹമായിരുന്നു. നേതൃനിരയില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷത്തിലും അല്ലാതെയും നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സഖ്യത്തിന് ശക്തമായ അസ്ഥിത്വമുണ്ടാക്കുന്നതില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പങ്ക് പുറമേക്ക് പ്രകടമായിരുന്നില്ല. പ്രതിപക്ഷത്തിന്റെ നിര്‍മിതിയില്‍ വളരെ ഫ്ളെക്സിബിളായി പ്രവര്‍ത്തിച്ചത് യെച്ചൂരി ജി ആയിരുന്നു.

രാഷ്ട്രീയക്കാരുടെ പൊതുസ്വഭാവങ്ങളായ ദേഷ്യം, ധിക്കാരം, ദാര്‍ഷ്ട്യം എന്നിവയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം സ്ട്രെസ് കുറയ്ക്കാനായി സിഗരറ്റ് ഉപയോഗിക്കുമായിരുന്നു. യെച്ചൂരി ജി എന്താണ് ഇത് ഉപേക്ഷിക്കാത്തതെന്ന് നിരവധി തവണ ചോദിച്ചിട്ടുണ്ട്.

ഞാനുമായി ഉണ്ടായിരുന്നതിനേക്കാള്‍ നല്ല സുഹൃത്ത് ബന്ധമായിരുന്നു യെച്ചൂരി ജീക്ക് എന്റെ അമ്മയുമായി ഉണ്ടായിരുന്നത്. അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മയെ കാണാന്‍ അദ്ദേഹം വന്നിരുന്നു. സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം വല്ലാതെ ചുമക്കുന്നത് ശ്രദ്ധയില്‍ പെട്ടു. എന്താണ് ഇങ്ങനെ ചുമക്കുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ എനിക്ക് മനസിലായി ഇവര്‍ രണ്ടുപേരും ഒരു കാര്യത്തില്‍ സമാന സ്വഭാവമുള്ളവരാണെന്ന്. എന്തുണ്ടായായും ആശുപത്രിയില്‍ പോവാന്‍ താത്പര്യമില്ലാത്തവരാണ് ഇവര്‍ രണ്ടുപേരും.

അദ്ദേഹം വല്ലാതെ ചുമക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തോട് ആശുപത്രിയില്‍ പോവാന്‍ ഞാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അദ്ദേഹം അത് ചിരിച്ചുതള്ളുകയായിരുന്നു. അവിടെ നിന്നും മടങ്ങുമ്പോഴും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, യെച്ചൂരി ജി താങ്കള്‍ കാറില്‍ കയറി വീട്ടിലേക്കല്ല, ആശുപത്രിയിലേക്ക് പോകണമെന്ന് ഞാന്‍ വീണ്ടും ആവശ്യപ്പെട്ടു. അദ്ദേഹം അപ്പോഴും മടി കാണിച്ചു. പക്ഷേ അദ്ദേഹം ആശുപത്രിയില്‍ പോവാമെന്ന് സമ്മതിച്ചു.

അന്നാണ് ഞാന്‍ എന്റെ സുഹൃത്തിനെ അവസാനമായി കണ്ടത്. വീണ്ടും അദ്ദേഹത്തെ കാണാന്‍ ആശുപത്രിയില്‍ പോയിരുന്നെങ്കിലും അത് സംഭവിച്ചില്ല.

യെച്ചൂരിയുമായി ബന്ധപ്പെട്ട് എനിക്ക് ഉത്തരമില്ലാതിരുന്ന രണ്ട് നിമിഷങ്ങളുണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് അദ്ദേഹത്തിന്റെ മകന്റെ മരണമാണ്. ഫോണ്‍ കോളിനപ്പുറത്ത് നിശബ്ദനായി തകര്‍ന്നിരിക്കുന്ന ഒരു മനുഷ്യനെയാണ് അന്ന് ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷമായിരുന്നു അത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എന്നും ഞാന്‍ കാണുന്ന ടഫും ബ്രേവുമായ ഒരു യെച്ചൂരി തിരികെ വന്നു.

മറ്റൊരു നിമിഷം അദ്ദേഹം യാത്രയായതിന് ശേഷം അദ്ദേഹത്തിന്റെ പങ്കാളിക്ക് അനുശോചനസന്ദേശമയക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു. സന്ദേശം എഴുതാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയിരുന്നില്ല. പലവട്ടം എഴുതി എന്നാല്‍ ഒന്നും ആ അവസരത്തിന് യോജിക്കുന്നതായിരുന്നില്ല. അദ്ദേഹത്തിന്റെ പങ്കാളി വല്ലാതെ പ്രയാസപ്പെടുന്ന അവസരത്തില്‍ ഞാന്‍ എന്ത് പറയുമെന്ന് എനിക്ക് ഉത്തരമില്ലായിരുന്നു. പിന്നെ എങ്ങനെയോ ഒരു സന്ദേശം എഴുതി തയ്യാറാക്കി.

ഒരവസരത്തിലും വിട്ടുവീഴ്ച ചെയ്യാത്തൊരാളായിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ 100 ശതമാനവും രാജ്യത്തിന് വേണ്ടി നല്‍കിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടിയും അദ്ദേഹത്തിന്റെ രാഷ്ട്രീയമായ വീക്ഷണങ്ങള്‍ക്കും പ്രത്യയ ശാസ്ത്രത്തിനുവേണ്ടിയും പ്രവര്‍ത്തിച്ച വ്യക്തിയാണ് യെച്ചൂരി.

ആര്‍.എസ്.എസും ബി.ജെ.പിയും നമ്മുടെ രാജ്യത്തിന് ഭീഷണിയാണെന്നുള്ള എല്ലാ ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നു. അവ രാജ്യത്തെയും രാജ്യത്തിന്റെ എല്ലാ സ്ഥാപനങ്ങളെയും വിദ്യാഭ്യാസത്തെയുമെല്ലാം നശിപ്പിക്കുന്നതാണെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. സീതാറാം യെച്ചൂരി എന്റെ സുഹൃത്തായതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. നന്ദി.

വിവർത്തനം: ശ്രീലക്ഷ്മി എസ്

content highlights: He gave hundred percent for the country, coordinated the opposition; Full text of Rahul Gandhi’s Yechury memorial speech