ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണ്,അവിടെ എല്ലാവരും നിരീക്ഷണത്തിലാണ് : രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
speech
ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണ്,അവിടെ എല്ലാവരും നിരീക്ഷണത്തിലാണ് : രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
വിഷ്ണു ശോഭന
Tuesday, 21st March 2023, 2:15 pm
ഞാന്‍ ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവാണ്, ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് സ്ഥാപനപരമായ ഒരു ഘടന ആവശ്യമാണ്. പാര്‍ലമെന്റ്, സ്വതന്ത്ര മാധ്യമങ്ങള്‍, നീതിന്യായ സംവിധാനം എന്നിവയെല്ലാം ജനാധിപത്യത്തില്‍ അത്യന്താപേക്ഷിതമാണ്. ഇവക്ക് മേലുണ്ടാകുന്ന നിയന്ത്രണങ്ങള്‍ ആ സംവിധാനത്തെ തകര്‍ക്കും. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ ഇളക്കുന്ന തരത്തിലുള്ള ആക്രമണമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് | രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ സംസാരിക്കുന്നു

ഇവിടെ ഈ സംസാരം തുടങ്ങുന്നതിന് മുമ്പ് കേംബ്രിഡ്ജ് സര്‍വകലാശാലയോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇവിടുത്തെ ഒരു പൂര്‍വ വിദ്യാര്‍ഥിയായിരുന്നു. എന്റെ അറിവുകളുടെയും കാഴ്ചപ്പാടുകളുടെയും രൂപീകരണത്തില്‍ ഈ സ്ഥാപനം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇവിടെ നിന്ന് സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു വെല്ലുവിളിയാണ്. ഇവിടുത്തെ ബിസിനസ് സ്‌കൂളിന്റെ മേധാവിയോടും മറ്റ് അധ്യാപകരോടും വിദ്യാര്‍ഥികളോടുമുള്ള എന്റെ നന്ദി ഞാന്‍ അറിയിക്കുകയാണ്. എന്നെ ഇവിടേക്ക് ക്ഷണിച്ചതില്‍ പ്രൊഫസര്‍ റാവുവിനോടും പ്രത്യേകനന്ദി രേഖപ്പെടുത്തുന്നു.

ഇന്ത്യയെക്കുറിച്ച്, ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഇവിടെ സംസാരിക്കണമെന്ന് ഞാന്‍ കരുതുന്നു. ഭാരത് ജോഡോ യാത്രയെക്കുറിച്ച് എനിക്ക് നിങ്ങളോട് പറയാനുണ്ട്. നമ്മുടെ ലോകം നിരന്തരം ചര്‍ച്ച ചെയ്യുന്ന രണ്ട് വ്യത്യസ്ത വ്യവസ്ഥിതികളെക്കുറിച്ചും എനിക്ക് സംസാരിക്കാനുണ്ട്.

അമേരിക്കന്‍ വീക്ഷണത്തെക്കുറിച്ചും ചൈനീസ് വീക്ഷണത്തെക്കുറിച്ചും അതെങ്ങനെ ലോകത്ത് പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുമാണത്. വ്യത്യസ്തമായ ഈ രണ്ട് വ്യവസ്ഥിതികളെയും എങ്ങനെ നോക്കിക്കാണാമെന്നതിനെ കുറിച്ചുള്ള ചിന്തകളെ മുന്‍നിര്‍ത്തി ഈ സംസാരം ഉപസംഹരിക്കാനാകുമെന്നുമാണ് ഞാന്‍ കരുതുന്നത്.

ഉള്‍ക്കൊള്ളല്‍ എന്ന പ്രമേയമാണ് നമ്മുടെ പ്രധാന ചര്‍ച്ചാവിഷയം. വ്യക്തി അധിഷ്ഠിതമായും രാഷ്ട്രീയപരമായും കാര്യങ്ങളെ നിരീക്ഷിക്കാന്‍ കഴിയണം എന്നതാണ് പ്രധാനം. ഒരു വ്യക്തിയെയല്ല, ലക്ഷക്കണക്കിന് മനുഷ്യരെ കേള്‍ക്കുകയും അവര്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസിലാക്കുകയും ചെയ്യേണ്ടതുണ്ട്. നമുക്ക് പരിചിതമല്ലാത്ത വിവിധങ്ങളായ സംസ്‌കാരങ്ങളുണ്ട്. അവയെ കേള്‍ക്കേണ്ടതുണ്ട്. വിവിധ സംസ്‌കാരങ്ങളെ വ്യത്യസ്തമായാണ് മനസിലാക്കേണ്ടത്. ഇന്ത്യന്‍ സംസ്‌കാരത്തെ മനസിലാക്കുന്നതിനും അതിന്റേതായ സവിശേഷ മാര്‍ഗങ്ങളുണ്ട്, ഇവിടെ എന്നെ കേട്ടു കൊണ്ടിരിക്കുന്ന സിഖ് വംശജനായ എന്റെ സുഹൃത്തിന് ഞാന്‍ പറഞ്ഞ കാര്യം കൂടുതല്‍ വ്യക്തമായി മനസിലാകുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നതും നിരന്തരം ആക്രമിക്കപ്പെടുന്നുവെന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

ഞാന്‍ ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവാണ്, ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് സ്ഥാപനപരമായ ഒരു ഘടന ആവശ്യമാണ്. പാര്‍ലമെന്റ്, സ്വതന്ത്ര മാധ്യമങ്ങള്‍, നീതിന്യായ സംവിധാനം എന്നിവയെല്ലാം ജനാധിപത്യത്തില്‍ അത്യന്താപേക്ഷിതമാണ്. ഇവക്ക് മേലുണ്ടാകുന്ന നിയന്ത്രണങ്ങള്‍ ആ സംവിധാനത്തെ തകര്‍ക്കും. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ ഇളക്കുന്ന തരത്തിലുള്ള ആക്രമണമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് ആയിട്ടാണ് ഭരണഘടന ഇന്ത്യ എന്ന രാജ്യത്തെ നിര്‍വചിച്ചിരിക്കുന്നത്. അത് ചര്‍ച്ചകളും സംവാദങ്ങളും കൂടിയാലോചനകളും ആവശ്യപ്പെടുന്ന  ഒരിടമാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും   വ്യത്യസ്തമായ ജനാധിപത്യ സംസ്‌കാരമാണ് ഇന്ത്യയുടേത്. നിങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളെ മുന്‍നിര്‍ത്തി ഇത് ആലോചിക്കാവുന്നതാണ്. വലിയ ഭൂവിസ്തൃതിയുള്ള, വ്യത്യസ്ത സംസ്‌കാരങ്ങളുള്ള നിരവധി സംസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്. അത്തരമൊരു രാജ്യത്തിന്റെ മുന്നോട്ട് പോക്കിന് കൂടിയാലോചനകള്‍ അത്യന്താപേക്ഷിതമാണ്. ഈ സംവാദങ്ങള്‍ക്കുള്ള സാധ്യതകളാണ് ഇന്ത്യയില്‍ ഇല്ലാതാകുന്നത്. ചര്‍ച്ചകള്‍ക്കുള്ള ഇടങ്ങള്‍ ആക്രമിക്കപ്പെടുകയാണ്.

(സ്ലൈഡ് പ്രസന്റേഷന്‍ വഴി ചിത്രങ്ങള്‍ പ്രദര്‍ശിപ്പ് കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. ഒരു ചിത്രം ചൂണ്ടി സംസാരം തുടരുന്നു)

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ സംസാരിക്കുന്നു

നിങ്ങളിപ്പോള്‍ ഇവിടെ ഒരു ചിത്രം കാണുന്നുണ്ടല്ലോ, ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നുള്ള ചിത്രമാണത്. പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങളാണ് ആ ചിത്രത്തിലുള്ളത്. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയും പ്രതിഷേധിക്കുകയുമാണവര്‍. എന്നാല്‍ ഭരണകൂടം ആ സംസാരം പോലും അനുവദിക്കുന്നില്ല. പ്രതിഷേധിച്ച ഞങ്ങളെ പിടിച്ച് ജയിലില്‍ അടക്കുകയാണുണ്ടായത്. ഇത് ഒരു തവണയല്ല, നിരവധി തവണ ആവര്‍ത്തിച്ചിട്ടുണ്ട്.വളരെ അക്രമോത്സുകമായാണ് ഭരണകൂടം ഈ നീക്കങ്ങളെല്ലാം തന്നെ നടത്തിയത്. ഇതൊരു ഉദാഹരണം മാത്രമാണ്.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് തീര്‍ച്ചയായും അറിവുണ്ടാകും.

ഉറപ്പായും ഇന്ത്യന്‍ ജനാധിപത്യം മെച്ചപ്പെട്ട ഒന്നു തന്നെയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനമാണത്. ലോകത്തെ ജനാധിപത്യ സംവിധാനങ്ങള്‍ക്കെല്ലാം ഒരു മാതൃക കൂടിയാണത്.  എന്നാല്‍ മാധ്യമങ്ങളെയും ജുഡീഷ്യറിയെയും നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നിരന്തരം നടക്കുന്നു. എന്റേതുള്‍പ്പെടെ രാജ്യത്തെ പല പ്രതിപക്ഷ നേതാക്കളുടെയും ഫോണില്‍ ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉണ്ടായിരുന്നു. അവിടെ എല്ലാവരും നിരീക്ഷണത്തിലാണ്. നിങ്ങളുടെ കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്നും ഫോണില്‍ സംസാരിക്കുമ്പോള്‍ കുറച്ച് ജാഗ്രത പുലര്‍ത്തണമെന്നും ചില ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ എന്നെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ഞങ്ങളെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

അടിസ്ഥാനമില്ലാത്ത പല ആരോപണങ്ങളുമുന്നയിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസുകളെടുത്ത് കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു ആരോപണം നേരിടുന്ന നേതാവിനെ സംബന്ധിച്ചുള്ള പ്രധാന വെല്ലുവിളി എന്താണെന്നു വെച്ചാല്‍ അവര്‍ക്ക് ജനങ്ങളോട് സംവദിക്കാനുള്ള സാധ്യത നഷ്ടപ്പെടുന്നുവെന്നതാണ്. മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വരുമ്പോള്‍ പ്രസ്തുത നേതാക്കളുടെ വിശ്വാസ്യത ജനങ്ങള്‍ക്ക് മുന്നില്‍ ഇല്ലാതാവുകയാണ്. അയാള്‍ പിന്നീടെപ്പോഴും സംശയത്തിന്റെ നിഴലിലായിരിക്കും. ആരോപണത്തിന്റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്നുമില്ല.

2022 സെപ്തംബര്‍ 7ന് കന്യാകുമാരിയില്‍ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിക്കുമ്പോള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും ഉപയോഗിച്ച് കൊണ്ട് ജനാധിപത്യത്തിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സമരായുധമായ ‘യാത്ര’ എന്ന പദ്ധതിയെ ഇതിനായി ഉപയോഗിക്കാന്‍ ഞങ്ങളുറച്ചു. ചരിത്രത്തില്‍ മഹാത്മാ ഗാന്ധി സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഇത്തരത്തിലൊരു യാത്ര നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടിയ ആ യാത്രയുടെ പേര് ‘ദണ്ഡി യാത്ര‘ എന്നായിരുന്നു. ഇവിടെയിരിക്കുന്ന എന്റെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്ക് അതിനെക്കുറിച്ചറിയാമല്ലോ. ഉപ്പിന് നികുതി ഏര്‍പ്പെടുത്താന്‍ ബ്രിട്ടീഷുകാരെടുത്ത തീരുമാനത്തിനെതിരായ പ്രതിഷേധമായിരുന്നു 450 കിലോ മീറ്റര്‍ ദൂരം താണ്ടിയ ദണ്ഡി യാത്ര.

യാത്ര എന്നത് സവിശേഷമായ അര്‍ഥങ്ങള്‍ സംവഹിക്കുന്ന ഒരു പദമാണ്. അതിനെ വെറും സഞ്ചാരമെന്ന അര്‍ഥത്തിനുള്ളില്‍ ഒതുക്കാന്‍ കഴിയുന്ന ഒന്നല്ല.

അതൊരു സഞ്ചാരമാണ്, ഒരു സംവാദമാണ്, ജനങ്ങളെ കേള്‍ക്കലാണ് അതിന്റെ ആത്യന്തികമായ അര്‍ഥത്തില്‍ യാത്ര എന്നത് നിങ്ങളെ സ്വയം നിര്‍മൂലനം ചെയ്യുക എന്നതാണ്. നിങ്ങളുടെ ബോധങ്ങള്‍ക്ക് മേല്‍ നിങ്ങള്‍ തന്നെ നടത്തുന്ന ഒരാക്രമണമാണത്. നിങ്ങള്‍ നടന്ന ദൂരം കൊണ്ട്, നിങ്ങള്‍ക്കു മേല്‍ നിങ്ങള്‍ തന്നെ ചെലുത്തിയ സമ്മര്‍ദ്ദം കൊണ്ട് സ്വന്തം ബോധ്യങ്ങള്‍ക്ക് മേല്‍ നടത്തുന്ന ആക്രമണമാണത്. അതാണ് ഒരു യാത്രയുടെ യഥാതഥമായ തത്വശാസ്ത്രം.

അതായത് നിങ്ങള്‍ നിങ്ങളുടെ ബോധ്യങ്ങളെ ആക്രമിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ നിലവിലുള്ള അറിവിനെയും ആശയങ്ങളെയും മാറ്റി നിര്‍ത്തുന്നു. അങ്ങനെ വരുമ്പോള്‍ ഒരാള്‍ നിങ്ങളോട് സംസാരിക്കുന്നത് മുന്‍വിധികളോടു കൂടിയല്ലാതെ കേള്‍ക്കാനും മനസിലാക്കാനും നിങ്ങള്‍ക്ക് കഴിയും.പല മതങ്ങള്‍ക്കുള്ളിലും വിവിധങ്ങളായ രീതിയില്‍ ഈ ചിന്തയുടെ പ്രമാണരൂപം നമുക്ക് കണ്ടെടുക്കാന്‍ കഴിയും.അവനവന്റെ ചിന്തകളെ, ബോധ്യങ്ങളെ മറികടന്ന് കൊണ്ട് പുതിയ കാഴ്ചകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും മനസിലാക്കലുകള്‍ക്കുമുള്ള സാധ്യത തേടുന്നതിനെക്കുറിച്ച് പല മതഗ്രന്ഥങ്ങളും പറയുന്നുണ്ട്.

 

ഭാരത് ജോഡോ യാത്രക്കിടയില്‍ രാഹുല്‍ ഗാന്ധി

എന്നാല്‍ കേള്‍ക്കുക, ഉള്‍ക്കൊള്ളുക എന്ന അവസ്ഥയിലേക്കെത്തെണമെങ്കില്‍ അതിന് ഒരു സ്ഥിരോത്സാഹം ആവശ്യമാണ്. നാലോ അഞ്ചോ ദിവസം കൊണ്ട് അത് നേടിയെടുക്കാനാവില്ല. അതിനായുള്ള ഇടപെടലുകള്‍ ശ്രമകരമായിരിക്കും. വേദനാജനകമായിരിക്കും. നിങ്ങള്‍ ആ അവസ്ഥയിലേക്കെത്താന്‍ സമയമെടുക്കും. അങ്ങനെ ഞങ്ങള്‍ യാത്ര ആരംഭിച്ചു. രാജ്യത്തിന്റെ തെക്കേയറ്റമായ കന്യാകുമാരിയില്‍ നിന്നാണത് തുടങ്ങിയത്. വടക്കേയറ്റമായ ശ്രീനഗറില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തിരുന്നത്. നാലര മാസത്തോളമുള്ള തുടര്‍ച്ചയായ യാത്ര. 4000 കിലോ മീറ്റര്‍ ദൂരം.  136 ദിവസങ്ങള്‍ കൊണ്ട് വിവിധങ്ങളായ ഭാഷകളുള്ള, വ്യത്യസ്ത മതങ്ങളെയുള്‍ക്കൊള്ളുന്ന 14 സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര. 125 സ്ഥിരം സഹയാത്രികരാണ് ഒപ്പമുണ്ടായിരുന്നത്.

നടക്കുക, സംവദിക്കുക അതായിരുന്നു ലക്ഷ്യം. പത്ത് കിലോമീറ്റര്‍ സുഖമായി ഓടാന്‍ കഴിയുന്ന ഒരാളാണ് ഞാന്‍. അപ്പോള്‍ ഒരു ദിവസം 30 കിലോമീറ്റര്‍ നടക്കുക എന്നത് അത്ര പ്രയാസമുള്ള ഒരു കാര്യമായി ഞാന്‍ കരുതിയിരുന്നില്ല. യാത്ര എന്നെ  സംബന്ധിച്ച് അത്ര വലിയ പ്രശ്‌നമാകില്ല എന്നൊരു അഹങ്കാരവും എനിക്കുണ്ടായിരുന്നു. ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. എന്താണ് ഈ യാത്രയില്‍ നിന്ന് നിന്ന് ഞങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നതെന്ന് എനിക്ക് മനസിലായി.

ദൂരം അത്ര ആശങ്കപ്പെടേണ്ട ഒന്നായിരുന്നില്ല. ദൂരം തീര്‍ത്തും അപ്രസക്തമായി മാറുകയായിരുന്നു. യാത്ര എന്ന പദ്ധതിയില്‍ നിക്ഷിപ്തമായിരിക്കുന്ന ഊര്‍ജമായിരുന്നു പ്രസക്തമായ സംഗതി. ജനങ്ങളുടെ എണ്ണം, പങ്കാളിത്തം ഇതെല്ലാം നിയന്ത്രണാതീതമായി മാറി. 120 ആളുകള്‍ ഒപ്പം നടക്കുന്നു എന്ന് മാത്രമായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷേ മൂവായിരവും നാലായിരവും മുതല്‍ ചിലപ്പോഴക്കെ അഞ്ച് ലക്ഷം ആളുകള്‍ വരെയാകുന്ന സാഹചര്യത്തിലേക്കത് മാറി.

അഞ്ച് ലക്ഷം ജനങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും നില്‍ക്കുന്നു എന്നത് നിസാരപ്പെട്ട ഒരു സംഗതിയല്ല. വല്ലാത്തൊരനുഭവമാണത്. ആ സാഹചര്യത്തിന്റെ ശക്തിയുടെ പ്രയോഗം നിര്‍വചിക്കാനോ നിയന്ത്രിക്കാനോ കഴിയാത്തതാണ്. ഇതു വ്യക്തമാക്കാന്‍ ഞാന്‍ ഒരു കാര്യം പറയാം. ആറ് മനുഷ്യരാണ് ഈ യാത്രക്കിടയില്‍ മരിച്ചത്. നിരവധിയാളുകളുടെ കൈകാലുകള്‍ ഒടിഞ്ഞു.

ഭാരത് ജോഡോ യാത്രക്കിടെ മരണപ്പെട്ട കോണ്‍ഗ്രസ് സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകാന്ത് പാണ്ഡെയും അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്ന രാഹുല്‍ഗാന്ധിയും

ആദ്യമൊക്കെ ഞാന്‍ ആലോചിച്ചിരുന്നു, എന്താണിവിടെ എന്റെ പ്രധാന ഉത്തരവാദിത്തമെന്ന്, അല്ലെങ്കില്‍ എന്താണ് ഞാന്‍ ചെയ്യേണ്ടതെന്ന്. ഇത്രയും വലിയ ജനക്കൂട്ടത്തിനൊപ്പം അതിന്റെ ഭാഗമായുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍, എനിക്ക് മുന്നിലുള്ള ഇടം സുരക്ഷിതമാക്കി വെക്കാന്‍ ഞാന്‍ വളരെ ശ്രദ്ധിച്ചു. അവിടേക്ക് ഒരു പക്ഷേ ഒരു സ്ത്രീ കടന്നു വന്നേക്കാം, ഒരു ചെറിയ കുട്ടി വന്നേക്കാം, ഭിന്നശേഷിക്കാരനായ ഒരാള്‍ വന്നേക്കാം. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ എന്റെയടുത്തേക്ക് വരാന്‍ കഴിയണം.

രണ്ടാമതായി ഞാന്‍ ചിന്തിച്ചത് ഇങ്ങനെയാണ്. ഇവിടേക്ക് വരുന്ന ഓരോരുത്തര്‍ക്കും അവര്‍ തങ്ങളുടെ വീട്ടിലേക്കെത്തിയതു പോലെയുള്ള ഒരു തോന്നലുണ്ടാകണം. അവര്‍ക്കിതൊരു രാഷ്ട്രീയ റാലിയായി തോന്നരുത്. സഹോദരനെയോ സഹോദരിയെയോ അമ്മയെയോ കാണാന്‍ വരുന്ന തരത്തിലുള്ള അനുഭവമായിരിക്കണം അവര്‍ക്കുണ്ടാകേണ്ടത്. അവര്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരിക്കണം. അവിടെ നിന്നു തിരിച്ച് പോകുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങുന്നതു പോലുള്ള ഒരു തോന്നലായിരിക്കണം അവര്‍ക്കുണ്ടാകേണ്ടത്. ജനങ്ങളുമായി വളരെ വ്യക്തിപരമായ, വൈകാരികമായ ഒരു ബന്ധം സൃഷ്ടിച്ചെടുക്കാനാണ് യാത്രയിലുടനീളം ഞങ്ങള്‍ ശ്രമിച്ചത്. കേള്‍വിക്കാരനാകുക, കേള്‍ക്കാനുള്ള ഇടമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം.

(ഭാരത് ജോഡോ യാത്രയുടെ ഒരു ചിത്രം ചൂണ്ടിക്കൊണ്ട് പറയുന്നു)

അതിന് ഫലമുണ്ടായി. നിങ്ങള്‍ക്കിവിടെ കാണാം, എനിക്ക് ചുറ്റുമുള്ള സ്ഥലം. അവിടെ എനിക്കൊപ്പം നടക്കുന്ന മനുഷ്യരെ കാണാം. ഇത്തരത്തിലാണ്, നിങ്ങള്‍ ഈ ചിത്രത്തില്‍ കാണുന്ന തരത്തിലാണ് ആള്‍ക്കൂട്ടം യാത്രയിലേക്ക് പ്രവഹിച്ചെത്തിയത്. അവര്‍ ഞങ്ങള്‍ക്കൊപ്പം നടന്നു. ഞങ്ങള്‍ അവരെ ക്ഷണിച്ചു, അവരോട് സംസാരിച്ചു. ഞങ്ങള്‍ അവിടെ വീട് എന്ന ഒരു സങ്കല്‍പമൊരുക്കി. ഈ യാത്രയെ വീട് എന്ന സങ്കല്‍പത്തിലേക്ക് നിര്‍വചിച്ച് കൊണ്ടാണ് ഞങ്ങള്‍ ജനങ്ങളുമായി ഇടപെടാന്‍ ശ്രമിച്ചത്. അവിടെ അവര്‍ രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ അവസാനിപ്പിച്ചു. രാഷ്ട്രീയ ആശയങ്ങള്‍ വ്യക്തിപരമായ ആശയങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു അവിടെ.

ഭാരത് ജോഡോ യാത്രക്കിടയില്‍ രാഹുല്‍ ഗാന്ധി

അവര്‍ സംസാരിക്കുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതാത്ത കാര്യങ്ങളെക്കുറിച്ചായിരുന്നു ജനങ്ങള്‍ സംസാരിച്ചത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തൊഴിലില്ലായ്മയെക്കുറിച്ചും മറ്റുമുള്ള കാര്യങ്ങള്‍ സംസാരിക്കാം എന്ന രീതിയില്‍ വിചാരിക്കുമ്പോള്‍ അവര്‍ നമ്മളോട് വളരെ വ്യക്തിപരമായ സംഗതികളാണ് സംസാരിക്കുന്നത്. അതും വളരെ വികാരവിക്ഷോഭത്തോടെ.

ഒരു രാഷ്ട്രീയപ്രവര്‍ത്തകനായിരിക്കുമ്പോള്‍, നിങ്ങള്‍ക്കരികലേക്കെത്തുന്ന ഒരാള്‍ക്ക് നിങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങള്‍ക്കയാളെ, അയാളുടെ പ്രശ്‌നങ്ങളെക്കുറിച്ച് മനസിലാകുന്നുണ്ടെന്നതാണ്.  ഇത് ബിസിനസ് സ്‌കൂളാണല്ലോ, ബിസിനസിലാണെങ്കിലും അതാണ് ആദ്യം ചെയ്യേണ്ടത്. എനിക്ക് നിങ്ങളുടെ പ്രശ്‌നമെന്താണെന്ന് മനസിലാകുന്നു, എനിക്കത് പരിഹരിക്കാന്‍ കഴിയുമെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അതാണ് തുടക്കം. അത്തരത്തിലൊരു ആശയം മുന്നോട്ട് വെക്കുമ്പോള്‍ കുറച്ചാളുകള്‍ നമുക്കരികിലേക്ക് വരും.

ഒരു കര്‍ഷകന്‍ നമ്മളിലേക്ക് എത്തുമ്പോള്‍ അയാളുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് മനസിലാക്കാന്‍ നമുക്ക് കഴിയണം. നിങ്ങള്‍ക്ക് വിത്തുകളുടെ ലഭ്യത സംബന്ധിച്ച പ്രശ്‌നമാണോ ഉള്ളത്, വിളനാശത്തിനുള്ള ഇന്‍ഷുറന്‍സ് ലഭിക്കാത്തതാണോ എന്നെല്ലാം അവരോട് ചോദിക്കാന്‍ കഴിയണം.

എന്നാല്‍ യാത്രക്കിടയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. കാരണം, നമ്മള്‍ ഇടപെടുന്ന ആളുകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൂടി വന്നു. മാത്രമല്ല എന്റെ കാല്‍മുട്ട് വേദനയും കൂടി. കോളേജ് കാലത്തുണ്ടായ ഒരു പരിക്കാണ് കാല്‍മുട്ട് വേദനക്ക് കാരണമായത്. അത് എങ്ങനെയും സഹിച്ച് മുന്നോട്ട് പോകാമെന്ന് തന്നെയായിരുന്നു എന്റെ ആലോചന. അതിനെക്കുറിച്ച് ഇതിനപ്പുറമൊന്നും ഇപ്പോഴെനിക്ക് പറയാന്‍ കഴിയില്ല. ഞാന്‍ ആളുകളെ കേള്‍ക്കുന്നത് തുടര്‍ന്നു.

ആളുകളോട് നിരന്തരം സംവദിക്കണമെന്ന ആഗ്രഹമായിരുന്നു എനിക്കുണ്ടായിരുന്നത്. എന്നാല്‍ അതിന്റെ സാധ്യതകള്‍ കുറഞ്ഞ് വരുന്നതായി എനിക്കനുഭവപ്പെട്ടു. ഒന്നാമത്തെ കാര്യം അത്രയധികം ആളുകളോട് സംസാരിക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു എന്നത് തന്നെയായിരുന്നു. രണ്ടാമത്തെ കാര്യം കൂടിക്കൂടി വരുന്ന കാല്‍മുട്ട് വേദനയായിരുന്നു.

ആദ്യമൊക്കെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുട്ടുവേദനയെക്കുറിച്ചാലോചിച്ച് എനിക്ക് ആശങ്ക തോന്നുമായിരുന്നു. 3500 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. എങ്ങനെയാണ് ഇത്തരമൊരവസ്ഥയെ നിങ്ങള്‍ക്ക് അഭിമുഖീകരിക്കാനാവുക. ഈ വിഷയം വല്ലാതെ അലട്ടിയ സമയത്ത് ഞാന്‍ കൂടുതല്‍ നിശബ്ദതയിലേക്ക് പോയി. ആ കാലത്ത് ധാരാളം സംവാദങ്ങള്‍ എനിക്കുള്ളില്‍ നടന്നു. അതുവരെയും അനുഭവിക്കാത്ത ധാരാളം കാര്യങ്ങള്‍ ആ കാലത്ത് ഞാന്‍ അനുഭവിച്ചു.

ഉദാഹരണത്തിന് ഒരു കര്‍ഷകന്‍ വന്ന് എന്റെ കൈ കവരുമ്പോള്‍, തിരികെ വളരെ പെട്ടെന്ന് അദ്ദേഹത്തിന്റെ കൈകളെ ചേര്‍ത്തു പിടിച്ചു കൊണ്ട് അദ്ദേഹം കടന്നു പോകുന്ന പ്രയാസങ്ങളെയും വേദനയെയും കുറിച്ച് മനസിലാക്കാനും സംസാരിക്കാനും എനിക്ക് കഴിഞ്ഞു.

കാതുകള്‍ കൊണ്ട് മാത്രമല്ല, കൈകള്‍ കൊണ്ടും കണ്ണുകള്‍ കൊണ്ടുമെല്ലാം നമ്മള്‍ ആളുകളെ കേള്‍ക്കാനും അറിയാനും തുടങ്ങുകയായിരുന്നു. നമുക്കൊപ്പം നടക്കുന്ന മനുഷ്യന്‍ എവിടെ നിന്നാണ് വരുന്നതെന്നും. എന്തെന്ത് പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും മനസിലാകുന്ന തരത്തിലേക്ക് നമ്മള്‍ പരുവപ്പെടുകയായിരുന്നു.

ഭാരത് ജോഡോ യാത്രക്കിടെ കര്‍ണാടകയില്‍ വെച്ച് രാഹുല്‍ ഗാന്ധിയെ കാണാനെത്തിയ കര്‍ഷകര്‍

ഒരു വ്യക്തിയില്‍ ഒരു വലിയ സമൂഹത്തിന്റെ പ്രതിനിധിയെ എങ്ങനെയാണ് കണ്ടെത്താനാകുക. അതിനെക്കുറിച്ചാണ് ഞാന്‍ പിന്നീട് ചിന്തിച്ചത്.  ഒരാള്‍ പറയുന്ന വിഷയങ്ങളെ ആ വ്യക്തിയിലൊതുക്കാതെ പ്രസ്തുത സമൂഹത്തിന്റെ പ്രശ്‌നമായി മനസിലാക്കേണ്ടതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചു. ഒരു പെണ്‍കുട്ടി പറയുന്ന വിഷയം എങ്ങനെയാണ് സ്ത്രീസമൂഹത്തിന്റെ പൊതുവിലുള്ള പ്രശ്‌നമെന്ന രീതിയില്‍ മനസിലാക്കപ്പെടേണ്ടത് എന്ന് ചിന്തിച്ചു.

യാത്രക്കിടയില്‍ രണ്ട് പെണ്‍കുട്ടികള്‍ എനിക്കരികിലേക്ക് വന്നു. അവര്‍ രണ്ട് പേരും എന്റെ രണ്ട് കൈകള്‍ ചേര്‍ത്ത് പിടിച്ച് എനിക്കിരു വശത്തുമായി നിന്നു. ഞാനതു വരെയും അനുഭവിക്കാത്ത ഒരു വൈകാരികത ആ കൈകളില്‍ എനിക്ക് അനുഭവപ്പെട്ടു. അസാധാരണമായ എന്തോ ഒന്ന് ആ സ്പര്‍ശത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ആശയറ്റ, ആശ്രയമറ്റ ഒരാളുടെ കൈകളായി അവ എനിക്കനുഭവപ്പെട്ടു.

ഞാനാ പെണ്‍കുട്ടിയോട് കാര്യം പറയാന്‍ ആവശ്യപ്പെട്ടു. ഞാനവളോട് സുഖവിവരങ്ങള്‍ അന്വേഷിച്ചു. അവള്‍ പറഞ്ഞു കുഴപ്പമില്ലെന്ന്. അവള്‍ക്കൊപ്പമുണ്ടായിരുന്നത് അവളുടെ സഹോദരിയായിരുന്നു. അവരിരുവരും കൂട്ടബലാത്സംഗത്തിന്റെ ഇരകളായിരുന്നു. അഞ്ചു പേര്‍ ചേര്‍ന്നാണ് അവരെ പീഡിപ്പിച്ചത്.

നമുക്ക് പൊലീസിനെ അറിയിക്കാം എന്നാണ് ഇതുകേട്ട് ഞാന്‍ ആദ്യം പ്രതികരിച്ചത്. അവര്‍ പറഞ്ഞു പൊലീസിനെ വിളിക്കരുതെന്ന്. നിങ്ങള്‍ ഈ വിവരം പൊലീസിനെ അറിയിച്ചാല്‍ ഞങ്ങള്‍ അപമാനിക്കപ്പെടും. പിന്നീട് വിവാഹം നടക്കില്ല.  ഞാനെന്താണ് ചെയ്യേണ്ടതെന്ന് അവരോട് ചോദിച്ചു. പൊലീസിനെ വിളിക്കുന്നില്ല, മറ്റെന്ത് സഹായമാണ് നിങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ടതെന്ന് ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞു ഒന്നും വേണ്ട, എന്താണ് ഞങ്ങള്‍ക്ക് സംഭവിച്ചത് എന്ന കാര്യം ഞങ്ങളുടെ സഹോദരനോട് പറയണം, അത്ര മാത്രമേ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ.

ഞാന്‍ പറഞ്ഞു, ശരി, നിങ്ങള്‍ നിങ്ങളുടെ സഹോദരനോട് കാര്യങ്ങള്‍ പറഞ്ഞു. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ. ഞാന്‍ ആവര്‍ത്തിച്ച് ചോദിച്ചു. പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലെന്ന് പറഞ്ഞ് അവര്‍ അവിടെ നിന്ന് പോയി.

ആയിരക്കണക്കിന് സ്ത്രീകള്‍ ഇതിന് സമാനമായ പ്രശ്‌നങ്ങള്‍ രാജ്യത്ത് അനുഭവിക്കുന്നുണ്ട്. പല വേദനകളും അവര്‍ക്കുള്ളില്‍ ഒതുക്കി വെക്കപ്പെട്ടിരിക്കുകയാണ്. എന്റെ മുന്നില്‍ നിന്ന് നടന്നുപോയ ഈ പെണ്‍കുട്ടികള്‍ അവരുടെ ജീവിതകാലം മുഴുവന്‍ അവര്‍ നേരിട്ട പീഡനത്തെക്കുറിച്ചുള്ള ആലോചനകളില്‍ അസ്വസ്ഥരായിട്ടാവും മുന്നോട്ട് പോവുക. ആരോടും പറയാനാവാതെ, എല്ലാ വിഷമങ്ങളും അടക്കി വെച്ചാവും അവരുടെ തുടര്‍ജീവിതം. അത് വളരെ വിഷമമുള്ള സംഗതിയാണ്.

ഇത്തരത്തിലുള്ള കാര്യങ്ങളാണ് യാത്രയിലുടനീളം സംഭവിച്ചത്. ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ ജനങ്ങളെ നോക്കിക്കാണുന്നതിലും അവരോട് ഇടപെടുന്നതിലും പ്രതികരിക്കുന്നതിലുമുള്ള എന്റെ നിലപാടില്‍ സമൂലമായ പരിവര്‍ത്തനമാണുണ്ടായത്.

എനിക്കുള്ളില്‍ ഒരു നിശബ്ദത ഉരുവം കൊണ്ടു. ഒരാള്‍ പറയുന്നതിനെ ശാന്തമായി കേട്ടു കൊണ്ടിരിക്കുക, അതിനെ ഉള്‍ക്കൊള്ളുക എന്നതായിരുന്നു എന്റെ മാര്‍ഗം. അത് പുറത്ത് പറയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഞാന്‍ അത് പറയില്ല. അതൊരു വിശ്വാസമാണ്.

ഞാന്‍ നടക്കുമ്പോള്‍ തെരുവില്‍ ഭിക്ഷാടനം നടത്തുന്ന കുറച്ച് കുട്ടികള്‍ നടന്ന് എനിക്കരികിലെത്തി. അവരെന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അവര്‍ക്കൊപ്പം കളിച്ചു. ഒരു മനുഷ്യന്‍ വന്ന് അങ്ങനെ ചെയ്യരുതെന്ന് എന്നോട് പറഞ്ഞു. ആ കുട്ടികളെ തൊടരുതെന്ന് പറഞ്ഞു. അവരാകെ അഴുക്കാണെന്നതായിരുന്നു അയാളതിനു പറഞ്ഞ കാരണം. ഞാനും നിങ്ങളും അവരേക്കാള്‍ അഴുക്കായവരാണെന്ന് ഞാന്‍ അയാളോട് മറുപടി പറഞ്ഞു. നിങ്ങള്‍ നോക്കൂ ഇത്തരത്തിലുള്ള ചിന്തകളാണ് നമ്മുടെ പൊതുസമൂഹത്തില്‍ ഏറെയുമുള്ളത്.

(സ്‌ക്രീനില്‍ കശ്മീരിലെ ഭാരത് ജോഡോ യാത്രയുടെ ചിത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് രാഹുല്‍ സംസാരം തുടര്‍ന്നു)

 

കാശ്മീരില്‍ വെച്ച് ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നു

ഇവിടെയാണ് കാര്യങ്ങളുടെ ഗതി കൂടുതല്‍ ശ്രദ്ധേയമായത്. നമ്മള്‍ നിരവധി സംസ്ഥാനങ്ങളിലൂടെ കടന്നുപോയി. കശ്മീരിലായിരുന്നു നമ്മുടെ യാത്രയുടെ സമാപനം. വിഘടനവാദ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഒരു സംസ്ഥാനമായിരുന്നു കശ്മീര്‍. കാലങ്ങളായി അവിടെ വലിയ അക്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അവിടെ കുറച്ചു നാളുകള്‍ മുമ്പ് കാര്‍ബോംബ് സ്ഫോടനത്തില്‍ 40 പട്ടാളക്കാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഞാന്‍ പുഷ്പങ്ങളര്‍പ്പിച്ചു.

ഞാന്‍ കശ്മീരില്‍ പ്രവേശിച്ച സമയത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എനിക്കരികിലെത്തി. എന്നോടവര്‍ക്ക് സംസാരിക്കണമെന്ന് പറഞ്ഞു.

ഞാന്‍ കശ്മീരിലൂടെ നടക്കാന്‍ പാടില്ല എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. എന്തു കൊണ്ടാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെക്കുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും, എനിക്കെതിരെ ഗ്രനേഡ് ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു അവരുടെ മറുപടി. ഞാന്‍ എന്റെ സഹയാത്രികരോട് കൂടിയാലോചിച്ചു.

എനിക്ക് നടന്നു തന്നെ ഈ യാത്ര പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന കാര്യവും ഞാന്‍ അവരോട് പറഞ്ഞു. അവരെല്ലാവരും എന്റെ അഭിപ്രായത്തോട് യോജിച്ചു. കശ്മീരിലൂടെ നടക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

ഞങ്ങള്‍ നടന്നു തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ ദേശീയപതാകകളുമായി ധാരാളം ആളുകള്‍ ഞങ്ങള്‍ക്കൊപ്പമെത്തി. ആദ്യ ദിവസം ഇരുപതിനായിരത്തോളം പേരാണ് യാത്രയില്‍ പങ്കെടുക്കാന്‍ വന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല.

കൊല്ലപ്പെടുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലും ഞങ്ങള്‍ നടക്കുകയായിരുന്നു. യാത്രക്കിടെ, എന്നോട് സംസാരിക്കാനാഗ്രഹിക്കുന്നു എന്നു മനസിലാക്കിയ ഒരു മനുഷ്യനെ ഞാന്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് എനിക്കരികിലേക്ക് വിളിച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അതിനെ എതിര്‍ത്തു. ആളുകളെ അടുത്തു വിളിച്ച് സംസാരിക്കുന്നത് അപകടമാണെന്നായിരുന്നു അവരുടെ അഭിപ്രായം.

ഞാന്‍ വിളിച്ചയാള്‍ എനിക്കരികിലേക്ക് വന്നു. അയാള്‍ ചോദിച്ചു,

മിസ്റ്റര്‍ ഗാന്ധി നിങ്ങള്‍ യഥാര്‍ഥത്തില്‍ ഞങ്ങളെ കേള്‍ക്കാന്‍ തന്നെ വന്നതാണോ? ഞാന്‍ അതെ എന്ന് മറുപടി നല്‍കി. അയാള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു, ഞാന്‍ മറുപടിയും. അയാള്‍ അവിടെ അടുത്തുനിന്ന ചില യുവാക്കളെ ചൂണ്ടിക്കാട്ടി എന്നോട് പറഞ്ഞു, അവര്‍ ഭീകരവാദികളാണെന്ന്.

സാധാരണഗതിയിലാണെങ്കില്‍ ഭീകരവാദികള്‍ എന്നെ കൊന്നേക്കാം. അവിടെ ഭീകരവാദികള്‍ക്ക് എന്നെ കൊല്ലാനുള്ള സാഹചര്യമുണ്ട്. അവര്‍ എന്നെ നിരീക്ഷിക്കുന്നുണ്ടെന്നാണ് അയാള്‍ എന്നോട് പറഞ്ഞത്. ഞാന്‍ അവരെ നോക്കി. അവര്‍ ഒരു പ്രത്യക തരത്തില്‍ എന്നെയും തിരിച്ച് നോക്കി. ആദ്യമെനിക്ക് സംശയം തോന്നി. പക്ഷേ അവിടെ ആ നോട്ടങ്ങള ല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഒരു കാര്യം ബോധ്യപ്പെടുത്താനാണ് ഞാനിത് നിങ്ങളോട് പറഞ്ഞത്. അതായത് അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. വേണമെന്ന് കരുതിയാലും അവര്‍ക്കൊന്നും ചെയ്യാനാകില്ല. കാരണം ഒരു തരത്തിലുള്ള അക്രമത്തെയും വഹിച്ചു കൊണ്ടല്ല ഞാന്‍ അവിടെയെത്തിയത്. കശ്മീര്‍ ജനതയെ കൂടുതല്‍ അറിയുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അഹിംസ, മനുഷ്യനോടുള്ള കരുതല്‍ എന്നിവ എത്ര ശക്തമായ സംവേദന ശേഷിയുള്ള മാര്‍ഗങ്ങളണെന്ന് എന്നെ ബോധ്യപ്പെടുത്തിയ സാഹചര്യമായിരുന്നു അത്.

എന്താണ് രാജ്യത്ത് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്ന് ഒരു വിവരങ്ങളും നിങ്ങള്‍ക്ക് ലഭിക്കില്ല.

ബോളിവുഡ്, ക്രിക്കറ്റ് എന്നിങ്ങനെ വേറെ നൂറു കൂട്ടം കാര്യങ്ങളെക്കുറിച്ചാണ് അവിടങ്ങളിലെ ചര്‍ച്ച.
ഇന്ത്യയിലെ ഏറ്റവും പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. ഇന്ത്യന്‍ യുവത്വം തൊഴിലിനായുള്ള നിരന്തര അന്വേഷണങ്ങളിലാണ്.

ചൈനീസ് പ്രസിഡണ്ട് ഷീചിന്‍പിങ്ങും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും

നമുക്ക് മറ്റൊരു കാര്യത്തെക്കുറിച്ച് സംസാരിക്കാം. തീര്‍ത്തും വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്ന വളരെ ശക്തമായ രണ്ട് ആശയങ്ങളെക്കുറിച്ചാണത്. അമേരിക്കയെയും ചൈനയെയും കുറിച്ചാണത്. ലോകത്തെ ഏറ്റവും ശക്തമായ ഒരു രാജ്യമാണ് അമേരിക്ക. ലോകചരിത്രം പരിശോധിക്കുമ്പോള്‍ 1940ന് ശേഷം വലിയ തോതിലുള്ള വികസനവും വളര്‍ച്ചയുമാണ് ഈ രാജ്യം നേടിയതെന്ന് കാണാം. ഒരു ജനാധിപത്യ സാഹചര്യത്തിനുള്ളില്‍ നിന്നു കൊണ്ടായിരുന്നു ഈ വളര്‍ച്ച. അതൊരു വളരെ പ്രധാനപ്പെട്ട കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്.

വ്യക്തിസ്വാതന്ത്ര്യം ആ രാജ്യത്ത് വളരെ പ്രധാനപ്പെട്ടതാണ്. അവിടുത്തെ ജനത ആ അവകാശത്തെ സംരക്ഷിക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുമുണ്ട്. ആര്‍ക്കും രാജ്യത്തേക്ക് വരാമെന്ന തുറന്ന സമീപനമാണ് അവരുടെ മറ്റൊരു പ്രത്യേകത. ആര്‍ക്കും അമേരിക്ക എന്ന സ്വപ്‌നം കാണാനുള്ള സാധ്യതയുണ്ട്.

ഞാനൊരു ഉദാഹരണം പറയാം. ഒരിക്കല്‍ ഞാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു. പുലര്‍ച്ചെ ടാക്സിയിലാണ് എയര്‍പോര്‍ട്ടിലേക്ക് തിരിച്ചത്. ഹെയ്തി സ്വദേശിയായിരുന്നു ടാക്സി ഡ്രൈവര്‍. ഞാന്‍ അയാളോട് സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞു അമേരിക്കയാണ് അയാള്‍ക്ക് ജീവിതം നല്‍കിയതെന്ന്. ഹെയ്തിയില്‍ തനിക്ക് ഒന്നുമുണ്ടായിരുന്നില്ല. അമേരിക്കയിലെ ജനങ്ങള്‍ തന്നെ സ്നേഹത്തോടെ സ്വീകരിച്ചു. തനിക്ക് ബഹുമാനം നല്‍കിയെന്നും അയാള്‍ പറഞ്ഞു.

എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ഞാന്‍ എന്റെ സ്യൂട്ട്കേസുമെടുത്ത് കാറില്‍ നിന്നിറങ്ങി. അവിടെ അടുത്ത് നിന്ന ഒരാള്‍ എന്നോട് നിങ്ങള്‍ എങ്ങോട്ടേക്കാണ്, ഏത് ഫ്ലൈറ്റിനാണ് എന്നെല്ലാം എന്നോട് ചോദിച്ചു. തീര്‍ത്തും അപരിചിതനായ ഒരാള്‍ ഇങ്ങനെ ചോദിച്ചത് എനിക്ക് അസാധാരണമായി തോന്നി. അയാള്‍ എന്നോട് ബാഗുകള്‍ അവിടെ ഏല്‍പിക്കാന്‍ പറഞ്ഞു. അയാള്‍ക്ക് മുന്നില്‍ ധാരാളം ബാഗുകള്‍ ഇരിക്കുന്നുണ്ടായിരുന്നു. എനിക്കത് മനസിലായില്ല, ഞാനെന്തിന് എന്റെ ബാഗുകള്‍ അവിടെ കൊടക്കണം, ഞാന്‍ സംശയിച്ചു നിന്നു. അയാള്‍ ആരാണെന്നു ഞാന്‍ ചോദിച്ചു. ആ മനുഷ്യന്‍ തന്റെ എയര്‍പോര്‍ട്ട് ഒഫീഷ്യലിന്റെ ഐ.ഡി. കാര്‍ഡ് കാട്ടിത്തന്നു. ഞാന്‍ ബാഗ് അദ്ദേഹത്തെ ഏല്‍പിച്ച് എയര്‍പോര്‍ട്ടിലേക്ക് നടന്നു.

എന്റെ ഐ.ഡി. എപ്പോഴാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ പോകുന്നത് എന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ വിമാനത്തില്‍ കയറുന്നതു വരെ ആരും എന്റെ ഐ.ഡി. പരിശോധിച്ചില്ല. ഇത് നടന്നത് 9/11 ഭീകരാക്രമണത്തിന് മുമ്പാണ്. വിമാനത്തിലിരിക്കുമ്പോള്‍ ഇതെന്തൊരു ഗംഭീര രാജ്യമാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മാത്രം ആ രാജ്യത്തിലെത്തിയ ആളാണ് ഞാന്‍. പക്ഷേ അവര്‍ ഐ.ഡി പോലും പരിശോധിക്കാതെ വിമാനത്തില്‍ എന്നെ യാത്ര ചെയ്യാന്‍ അനുവദിച്ചു. അവര്‍ എന്നെ വിശ്വസിച്ചു.

രാജ്യത്തിനുള്ളില്‍ അവര്‍ നിങ്ങളെ സ്വസ്ഥരാക്കും, അവര്‍ നിങ്ങളെ സംരക്ഷിക്കും. അമേരിക്ക എന്ന രാജ്യത്തിനകത്തെ കാര്യമാണ് ഞാന്‍ പറയുന്നത്. ആ രാജ്യത്തിന് പുറത്തുള്ള കാര്യമല്ല. അമേരിക്കക്ക് പുറത്ത് അവര്‍ നിങ്ങള്‍ക്ക് മോശം കാര്യങ്ങളും ചെയ്യാം.

പക്ഷേ ഇപ്പോള്‍ അവിടെ ചില പ്രശ്നങ്ങളുണ്ട്. ഒന്നാമത്തേത് 9/11 ഭീകരാക്രമണത്തിന് ശേഷമുള്ളതാണ്. ആ ഭീകരാക്രമണം ജനങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള ഭയവും അമര്‍ഷവുമാണ് ഉണ്ടാക്കിയത്. അതോടെ ആര്‍ക്കും അമേരിക്കയിലേക്ക് കടന്നു വരാമെന്ന നയത്തില്‍ ഗൗരവതരമായ വ്യതിയാനങ്ങളുണ്ടായി. രാജ്യത്തേക്കുള്ള ഇതര ജനങ്ങളുടെ വരവ് സംശയത്തിന്റെ നിഴലിലായി. അതോടെ സകല നിരീക്ഷണങ്ങളും ആ രാജ്യത്ത് കൂടുതല്‍ ശക്തമായി.

രണ്ടാമത്തെ പ്രധാനമാറ്റം അവിടുത്തെ വ്യാവസായിക ഉല്‍പാദനത്തിന്റെ കാര്യത്തിലാണ്. വ്യവസായത്തിന്റെ പല സാധ്യതകളും അമേരിക്കയില്‍ നിന്ന് ചൈനയിലേക്ക് കൂടുമാറി. അവരിന്ന് ഉല്‍പാദനത്തിന്റെ കാര്യത്തില്‍ വളരെ മുന്‍പന്തിയിലാണ്.

ഞാന്‍ ചൈനയെക്കുറിച്ച് ധാരാളം പഠിച്ചിട്ടുണ്ട്. പലരുമായും ആ രാജ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാറുമുണ്ട്. ഞാന്‍ ഈ വിഷയത്തില്‍ ഒരു വിദഗ്ധനല്ല. എങ്കിലും കാര്യങ്ങളെക്കുറിച്ച് ഒരു ഏകദേശ ധാരണ എനിക്കുണ്ട്.

അമേരിക്കക്കാര്‍ വ്യക്തിസ്വാതന്ത്ര്യത്തിന് എന്ത് പ്രാധാന്യമാണോ നല്‍കുന്നത് അതേ പ്രാധാന്യം ചൈനക്കാര്‍ സഹവര്‍ത്തിത്വത്തിന് നല്‍കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിനപ്പുറം അവര്‍ സാമൂഹ്യസഹവര്‍ത്തിത്വത്തിനാണ് ഊന്നല്‍ നല്‍കുന്നത്. അതിനവര്‍ക്ക് സാംസ്‌കാരിക വിപ്ലവം, ആഭ്യന്തരയുദ്ധങ്ങള്‍ തുടങ്ങി നിരവധി ചരിത്രപരമായ കാരണങ്ങളുണ്ട്.

നിയതമായ സാമൂഹ്യക്രമത്തെ അതിലംഘിക്കുന്ന, നിയന്ത്രണങ്ങളെ മറികടക്കുന്ന ഒന്നിനെയും ഉള്‍ക്കൊള്ളാന്‍ ചൈന തയ്യാറല്ല. ഒരിക്കല്‍ ഒരു മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവിനോട് ഞാന്‍ ചോദിച്ചു, എന്താണ് ചൈനയെന്ന്. ചൈന ഒരു രാജ്യമാണ്, അതെനിക്കറിയാം. തങ്ങള്‍ എന്താണെന്നതിനെക്കുറിച്ചുള്ള ചൈനയുടെ നിര്‍വചനം പറയാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ചൈനയിലെ മഞ്ഞനദി (huang ho) ചിത്രത്തിന് കടപ്പാട്‌ : brahmaputrainassam.blogspot.com

അദ്ദേഹം പറഞ്ഞു, മഞ്ഞനദി (huang ho) ഉത്ഭവിക്കുന്നത് ഹിമാലയത്തില്‍ നിന്നാണ്. അളവറ്റ ശക്തിയാണാ നദിക്കുള്ളത്. ഏറെക്കുറെ ആ നദിയുടെ തീരത്ത് ഉരുവമെടുത്ത് ക്രമപ്പെട്ട ചൈനീസ് സംസ്‌കാരം, എപ്പോള്‍ മുതല്‍ മഞ്ഞനദിയുടെ ഊര്‍ജം കൃത്യമായി വിനിയോഗിക്കാന്‍ തുടങ്ങിയോ അപ്പോള്‍ മുതല്‍ ചൈന എന്ന രാജ്യം ഉദിച്ചുയരാനും തുടങ്ങി.

ചൈനക്ക് ആ നദിയുടെ ഊര്‍ജം ഉപയോഗിക്കാന്‍ കഴിയാതിരുന്ന ചില സമയങ്ങളില്‍ രാജ്യത്ത് അസ്വസ്ഥതകളുണ്ടായി. ഇത് ഒരു രാജ്യത്തെ സംബന്ധിച്ച തീര്‍ത്തും വ്യത്യസ്തമായ ഒരു വീക്ഷണമാണ്. ഒരു പാശ്ചാത്യ രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്നും ഞാന്‍ ഇത്തരമൊരു നിരീക്ഷണം കേട്ടിട്ടില്ല.

നമ്മള്‍ ഒരു അമേരിക്കന്‍ രാഷ്ട്രീയപ്രവര്‍ത്തകനോട് ആ രാജ്യത്തെക്കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം പറയുന്നത് അമേരിക്ക സ്വതന്ത്ര അവകാശങ്ങളുടെ രാജ്യമാണെന്നായിരിക്കും. എന്നാല്‍ അവരാരും തന്നെ മിസിസിപ്പി നദിയുമായി ചേര്‍ത്ത് രാജ്യത്തെക്കുറിച്ച് സംസാരിക്കുമോ എന്നെനിക്കറിയില്ല, ഞാന്‍ കേട്ടിട്ടില്ല.

ചൈന വളരെ ആസൂത്രിതമായി തങ്ങളെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബെല്‍റ്റ് ആന്‍ഡ് റോഡും അതെന്തിനു വേണ്ടിയാണ് നിര്‍മ്മിച്ചതെന്നും എന്ത് ഫലമാണ് ഉളവാക്കിയതെന്നും ശ്രദ്ധിച്ചാല്‍ ചില കാര്യങ്ങള്‍ നമുക്ക് മനസിലാകും.

റെയില്‍വേയും എയര്‍പോര്‍ട്ടും ഡാമുകളുമുള്‍പ്പെടുന്ന ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പ്രകൃതിയുടെ സവിശേഷമായ ഊര്‍ജത്തില്‍ നിന്ന് ഉരുവായതാണെന്ന ഒരു കാഴ്ചപ്പാട് ചൈനക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ വിലയിരുത്തല്‍ തെറ്റായേക്കാം. എന്നാല്‍ അത്തരമൊരു കാഴ്ചപ്പാട് അമേരിക്കക്കില്ല.

ഞാന്‍ മറ്റൊരു മനുഷ്യനുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. ബൗദ്ധിക സ്വത്തുമായി ബന്ധപ്പെട്ടതാണത്.  ബൗദ്ധിക സ്വത്ത് എന്ന സങ്കല്‍പത്തെ താന്‍ അംഗീകരിക്കുന്നുവെന്നും അത് മൗലികമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

സംസാരത്തിനിടെ വളരെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി. ആളുകള്‍ പ്രത്യേകിച്ച് ഒന്നും സൃഷ്ടിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഗതികള്‍ ഉണ്ടായി വരുന്നതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തീര്‍ത്തും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണത്.

അമേരിക്കയില്‍ സ്റ്റീവ് ജോബ്സ് ഒരു സൃഷ്ടി നടത്തുന്നു. എന്നാല്‍ ചൈനയില്‍ അത് സ്വയമേവ ഉയര്‍ന്നു വരികയാണ്. അതിനര്‍ഥം പദ്ധതികള്‍ നടക്കുന്നു, അതിനകത്ത് ഉല്‍പന്നങ്ങള്‍ ഉണ്ടായി വരുന്നു എന്നാണ്.

ഒരു കണ്ടു പിടിത്തം നടത്തുന്ന ആള്‍ക്ക് എന്തു കൊണ്ടാണ് അതിന്മേല്‍ ശാശ്വതമായ അവകാശം ലഭിക്കുന്നത്. എന്തു കൊണ്ടാണ് അതിന്റെ മെച്ചങ്ങള്‍ക്ക് മേല്‍ അയാള്‍ക്ക് കുത്തകാവകാശം ലഭിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാനപ്പെട്ട കാര്യമാണ്.

ഇതിന്റെ യുക്തി എന്താണെന്നു വെച്ചാല്‍, നിങ്ങള്‍ അയാള്‍ക്കൊരു ഇന്‍സെന്റീവ് കൊടുക്കുക എന്നതാണ്. അത് അയാളെ വീണ്ടും കണ്ടെത്തലുകള്‍ നടത്താന്‍ പ്രേരിപ്പിക്കും. ഞാന്‍ അദ്ദേഹത്തോട് ഇന്‍സെന്റീവ്‌സിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു, സംഗതി വളരെ സിമ്പിളാണ്, വേഗത്തിലോടുന്ന മനുഷ്യന്‍ വിജയിക്കും അത്രമാത്രം. അയാള്‍ കണ്ടെത്തലുകള്‍ നടത്തിയോ ഇല്ലയോ എന്നതൊന്നും നമ്മുടെ വിഷയമാകാന്‍ പോകുന്നില്ല. അയാള്‍ക്ക് വേഗത്തിലോടാന്‍ കഴിഞ്ഞാല്‍ കൂടെയോടുന്നവര്‍ക്ക് അയാള്‍ക്കൊപ്പമെത്താനാകില്ല. അതാണ് അയാള്‍ക്കുള്ള ഇന്‍സെന്റീവ്.

ഇവിടെ നമ്മള്‍ മൗലികമായ വ്യത്യാസമുള്ള രണ്ട് ആശയങ്ങളാണ് മനസിലാക്കുന്നത്. ഒന്ന് പ്രകൃതിയുടെ ഊര്‍ജം എന്ന ആശയവും രണ്ടാമത്തേത് അത് ഉള്‍ച്ചേരാത്ത അമേരിക്കന്‍ ആശയവും. ആദ്യത്തേതിനെ സംബന്ധിച്ചിടത്തോളം എന്താണവിടെ സംഭവിക്കുന്നത്. ആളുകള്‍ പുതുതായൊന്നും കണ്ടുപിടിക്കുന്നില്ല. ഊര്‍ജത്തിന്റെ സാധ്യമായ നിക്ഷേപങ്ങളിലൂടെ സംഗതികള്‍ ഉയര്‍ന്നു വരികയാണ്. ഈ പ്രവര്‍ത്തനമാണ് ആ ജനതയുടെ ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ സമ്പൂര്‍ണമായി മാറ്റിപ്പണിയുന്നത്.

കോര്‍പറേഷന്‍ എന്ന സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് അമേരിക്ക പൊതുജീവിതത്തെ നിര്‍വചിച്ചിരിക്കുന്നത്. സാമൂഹ്യ ജീവിതത്തിന്റെ സകല മേഖലകളിലും കോര്‍പറേഷനുകളുടെ സാന്നിധ്യമുണ്ട്.

സോവിയറ്റ് യൂണിയന്റെ പതനത്തിന് മുമ്പ് രണ്ട് തരം ലോകവ്യവസ്ഥകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. കോര്‍പറേഷന്‍ എന്ന ഘടനയിലധിഷ്ഠിതമായ അമേരിക്കന്‍ വ്യവസ്ഥിതിയും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയും.

ഇതില്‍ നിന്നു മാറി ചൈനീസ് പദ്ധതികള്‍ പരിഗണിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നത്, എന്താണോ മുതലാളിത്ത വ്യവസ്ഥിതികളില്‍ കോര്‍പറേഷനുകള്‍ ചെയ്യുന്നത് അതിവിടെ സ്റ്റേറ്റ് നേരിട്ട് ചെയ്യുകയാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ചൈന വളരെ കൃത്യമായ ഇടപെടലുകള്‍ ലോകത്ത് നടത്തുന്നുണ്ട്.

‘പൂച്ചയുടെ നിറം ഒരു പ്രശ്നമാക്കേണ്ടതില്ല, അത് എലിയെ പിടിക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി’ നിങ്ങള്‍ ഡെങ് സിയാവോ പിങ്ങിന്റെ വളരെ പ്രശസ്തമായ ഈ വാചകം കേട്ടിട്ടുണ്ടാകും. അദ്ദേഹം അതു കൊണ്ട് എന്താണ് അര്‍ഥമാക്കിയത്. പാശ്ചാത്യ രാജ്യങ്ങളെപ്പോലെ, കോര്‍പറേഷനുകളെ ഉപയോഗപ്പെടുത്തി നാം നമ്മെ സംഘടിപ്പിച്ചു. ഒരു കാര്യം കൂടി ചെയ്യാന്‍ അവശേഷിക്കുന്നുണ്ട്. കോര്‍പ്പറേഷനുകള്‍ക്കുള്ളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉള്‍ച്ചേര്‍ക്കുക എന്നതാണത്.

ഇതിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനക്ക് രാജ്യത്തിനെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളെക്കുറിച്ചുമുള്ള കുത്തകാവകാശം ലഭിച്ചു. ഇന്ത്യന്‍ ഗവണ്‍മെന്റിനോ അമേരിക്കന്‍ ഗവണ്‍മെന്റിനോ ഈ സാധ്യത ലഭ്യമല്ല. കാരണം അവിടങ്ങളിലെല്ലാം രാജ്യവും കോര്‍പറേഷനുകളും പരസ്പരം വേര്‍തിരിക്കപ്പെട്ടിരിക്കുന്നു.

ഈ നീക്കത്തിലൂടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സൈബര്‍ വാറുമെല്ലാമുള്‍പ്പെടുന്ന സാങ്കേതികതയുടെ ലോകത്ത് ഉന്നതമായ സ്ഥാനം നേടാന്‍ ചൈനക്ക് കഴിഞ്ഞു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലൂടെ കരഭൂമിയിലെ ഇടപെടലുകളില്‍ ചൈന ഒരു അനിഷേധ്യശക്തിയായി ഉയര്‍ന്നു കഴിഞ്ഞു. സമുദ്ര സംബന്ധമായ ഇടങ്ങളിലെ അധികാര സ്ഥാപനത്തിനായി അവര്‍ മത്സരിച്ചു കൊണ്ടിരിക്കുകയാണ്.

രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ സംസാരിക്കുന്നു

നമുക്ക് സംസാരം ഉപസംഹരിക്കാമെന്ന് തോന്നുന്നു. എന്താണ് ജനങ്ങള്‍ പറയുന്നതെന്നും നിര്‍ദ്ദിഷ്ട താത്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തി എന്താണ് മാധ്യമങ്ങള്‍ പറയുന്നത് എന്നതും തമ്മില്‍ വലിയ അന്തരമാണുള്ളത്. അത് രണ്ടും വിരുദ്ധ ധ്രുവങ്ങളിലാണ്. അതൊരു വലിയ പ്രശ്നമാണ്. എന്റെ രാജ്യത്തും നിങ്ങളുടെ രാജ്യത്തും ഇത് വളരെ പ്രകടമാണ്. വല്ലാത്ത അസമത്വം പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലും നിലനില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ സമ്പത്തിന്റെ അതിഭയങ്കരമായ കേന്ദ്രീകരണം നടക്കുന്നു. അതേ രാജ്യങ്ങളിലെ യുവാക്കള്‍ അതിഭയങ്കരമായ തൊഴിലില്ലായ്മയെയും നേരിടുന്നുന്നെത് ഗൗരവമായ പ്രശ്നമാണ്. ഇന്ത്യയിലെ സ്ഥിതി അതാണ്.

സാങ്കേതിക വിദ്യയുടെ പുരോഗതിയോടെ ആശയവിനിമയ സാധ്യതകള്‍ വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. അങ്ങനെ ഈ ലോകം മെച്ചപ്പെട്ട രീതിയില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കാര്യങ്ങള്‍ വല്ലാത്ത വേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആഗോള രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു സംവിധാനം നമുക്കാവശ്യമാണ്. ലോകത്ത് പ്രശ്നങ്ങള്‍ വര്‍ധിച്ചു വരികയാണ.

ഉക്രെയ്ന്‍ തന്നെയാണ് അതിന് മികച്ച ഉദാഹരണം. നമ്മള്‍ ഇവിടെ ഇരുന്ന് സംസാരിക്കുന്ന ഈ സമയത്തും യുക്രെയ്നിലെ സ്ഥിതി കൂടുതല്‍ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. അത് എവിടെച്ചെന്ന് അവസാനിക്കും എന്നതില്‍ ഒരു ധാരണയുമില്ല. ഇത്തരം പ്രശ്നങ്ങള്‍ വളരെ വേഗം പരിഹരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.

ജനാധിപത്യ പരിസരങ്ങള്‍ക്കുള്ളില്‍ നിന്നല്ലാതെ രൂപപ്പെടുന്ന ഒരു സംവിധാനത്തെയും നമുക്ക് ഉള്‍ക്കൊള്ളാനാവില്ല. ഒരു ജനാധിപത്യ സംവിധാനത്തിനുള്ളില്‍ ഉയര്‍ന്നു വരുന്ന പ്രശ്നങ്ങള്‍, ഉദാഹരണത്തിന് അസമത്വം എന്ന പ്രശ്നം ആ ജനാധിപത്യത്തെ തകര്‍ക്കും.

എങ്ങനെ ജനാധിപത്യപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാമെന്നതിനെക്കെുറിച്ചുള്ള ക്രിയാത്മകമായ ചര്‍ച്ചകളാണ് ഉയര്‍ന്നു വരേണ്ടത്. സാങ്കേതികവിദ്യയും അധികാരത്തിന്റെ വികേന്ദ്രീകരണവുമെല്ലാം ഒരു മെച്ചപ്പെട്ട ജനാധിപത്യത്തെ രൂപപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കും.

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ശ്രദ്ധയോടെയും സമാധാനപൂര്‍ണമായും കാര്യങ്ങളെ കേള്‍ക്കാനും നിരീക്ഷിക്കാനും സാധിക്കുന്നത് മെച്ചപ്പെട്ട ഒരു കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്. നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്ത വിരുദ്ധ ധ്രുവങ്ങളിലുള്ള ആശയങ്ങള്‍ പരസ്പരം ഒരു സംവാദത്തിന് തയ്യാറാകുകയാണെങ്കില്‍ അത് ഉറപ്പായും ഗുണകരമാകുമെന്നാണ് എന്റെ വിശ്വാസം. തീര്‍ച്ചയായും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ഓരോരുത്തര്‍ക്കും അവരവരുടേതായ രീതികളും ശരികളുമുണ്ടാകും. എങ്കിലും ആ ചര്‍ച്ച ഗുണാത്മകമായ ഫലമുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്.

എന്റെ സങ്കല്‍പങ്ങളും ആഗ്രഹങ്ങളും മാറ്റി വെച്ച്, എനിക്ക് മുന്നില്‍ വരുന്ന മനുഷ്യനെ കരുണയോടെയും സ്നേഹത്തോടെയും കേള്‍ക്കാന്‍ കഴിഞ്ഞാല്‍, അയാള്‍ പറയുന്നത് ആഴത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞാല്‍ അത് ഈ ലോകത്തിന് നന്മകളുണ്ടാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു

content highlight : Full text of Rahul Gandhi’s speech at Cambridge University